January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

IPL-മെഗാലേലം 2022 ഒരു അവലോകനം

നിതിൻ ജോസ് (സ്പോർട്സ് റിപ്പോർട്ടർ)

IPL -2022 താരലേലം അവസാനിക്കുമ്പോൾ പണകിലുക്കത്തിൽ തങ്ങളെ വെല്ലാൻ ഇന്ത്യയിൽ വേറൊരു ലീഗും ഇല്ലെന്നു ഒരിക്കൽ കൂടി അടിവരയിടുന്ന കാഴ്ചകൾ ആണ് അരങ്ങേറിയത്.
ഇന്ത്യൻ യുവ വിക്കെറ്റ് കീപ്പർ സെൻസേഷൻ ഇഷാൻ കിഷനെ 15.25cr നു മുംബൈ വിളിച്ചെടുത്തപ്പോൾ ഈ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമായി. 14 cr മായി ചെന്നൈയിൽ തന്നെ തിരിച്ചെത്തിയ ദീപക് ചാഹാറും മിന്നും താരമായി. 11.25 cr നു ലിയാം ലിവിങ്സ്റ്റോൺ ( പഞ്ചാബ് ) ഏറ്റവും വിലയേറിയ ഫോറിൻ പ്ലയെർ ആയി.
മിസ്റ്റർ IPL സുരേഷ് റെയ്‌നയും മുൻ കൊൽക്കത്ത ക്യാപ്റ്റൻ ഇയാൻ മോർഗനും T20 ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും വേൾഡ് നമ്പർ വൺ ഓൾ റൗണ്ടർ ശാക്കിബ് അൽഹസനും അടക്കം പല പ്രമുഖ താരങ്ങളും ഇത്തവണ ഐപിഎല്ലിൽ ആവശ്യക്കാരില്ലാതെ തഴയപ്പെട്ടു.
ഈ ലേലത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചത് രാജസ്ഥാൻ ആണെന്ന് നിസംശയം പറയാം. ആദ്യദിനം തന്നെ കിവീസ് പേസർ ട്രെന്റ് ബൗൾട്ട് (8 cr),കഴിഞ്ഞ വെസ്റ്റ് ഇൻഡീസിനെതിരായ വൺഡേ സീരിസ് സ്റ്റാർ പ്രസിദ് കൃഷ്ണ (10 cr), ആർ അശ്വിൻ (5 cr) യുസ്വേന്ദ്ര ചാഹാൽ (6.5 cr ) എന്നിവരെ സ്വന്തമാക്കി ബൌളിംഗ് യൂണിറ്റ് ശക്തമാക്കി. ദേവ്ദത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്മർ എന്നി മികച്ച ബാറ്റ്സ്മാൻമാർ ബട്ലറും സഞ്ജുവും അടങ്ങുന്ന ബാറ്റിംഗ് നിരയിലേക്ക് ചേരുമ്പോൾ അവർ ശക്തരായ ടീമായി മാറുന്നു. കോൽറ്റർനൈൽ, വൻഡാർ ദുസ്സൻ, ജെയിംസ് നിഷാം, ഒബോഡ് മക്കോയ്, എന്നിവരെയും ഇത്തവണ രാജസ്ഥാൻ നിരയിൽ കാണാം.
ഇത്തവണ താരലേലത്തിൽ നേട്ടമുണ്ടാക്കിയ മറ്റൊരു ടീം ഡൽഹി ക്യാപ്റ്റിൽസ് ആണ്. മുൻ CSK താരം ശർദുൽ താക്കൂറിനെ 10.75 cr നു ടീമിലെത്തിച്ച അവർ മിച്ചൽ മാർഷ്(6.50 cr)ഡേവിഡ് വർണർ ( 6.25 cr) എന്നി മികച്ച താരങ്ങളെയും ടീമിൽ വിളിച്ചെടുത്തു. റിറ്റൈൻ ചെയ്ത നോർത്ജേയും അക്സാർ പട്ടേലും നയിക്കുന്ന ബൌളിംഗ് നിരയിൽ ലുങ്കി എങ്കിടി,മുസ്ഫിസുർ റഹ്മാൻ, ഖലീൽ അഹമ്മദ്, ചേതൻ സക്കാരിയാ, കുൽദീപ് യാദവ്, കമലേഷ് നാഗർകൊട്ടി എന്നിവർ ചേരുമ്പോൾ ശക്തമാകുന്നു. റോവ്മാൻ പവൽ, ടിം സീഫേർട്, മൻദീപ് സിംഗ്, കെ എസ് ഭരത് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ആദ്യദിനം കൂടുതൽ താരങ്ങളെ വിളിക്കാതിരുന്ന മുംബൈ അവസാനം ജോഫ്ര അർച്ചർ (8 cr) ടിം ഡേവിഡ് (8.2cr) ഡാനിയൽ സാംസ് (2.6) എന്നി മിന്നും താരങ്ങളെ സ്വന്തമാക്കി മികച്ച രീതിയിൽ ആണ് ലേലം അവസാനിപ്പിച്ചത്. അണ്ടർ 19 വേൾഡ് കപ്പ്‌ താരം “ബേബി ABD” എന്നറിയപ്പെടുന്ന ഡിവാൾഡ് ബ്രെവിസ് (2.8 cr ) ഇത്തവണ മുംബൈക്കായി പാഡ് കെട്ടും. ബുമ്രയും,ടൈമൽ മിൽസ്,റിലെ മെരിഡിത് എന്നിവർക്കൊപ്പം ജയ്ദേവ് ഉനാട്കട്, മലയാളി താരം ബേസിൽ തമ്പി (30 lac)എന്നിവർ മുംബൈ ഫാസ്റ്റ് ബൌളിംഗ് യൂണിറ്റിൽ അംഗമാകുമ്പോൾ മുരുഗൻ അശ്വിൻ, മയങ്ക് മാർക്കണ്ടേ, ഫാബിയൻ അലൻ എന്നിവർ ഉണ്ടെങ്കിലും മികച്ചൊരു സ്പിന്നറുടെ അഭാവം അവരുടെ പോരായ്മ ആയി കാണാം. പരിക്ക് മൂലം ആർച്ചർ ആദ്യ സീസൺ കളിക്കുന്ന കാര്യവും സംശയത്തിലാണ്.
നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ അവരുടെ തന്നെ താരങ്ങൾ ആയിരുന്ന ദീപക് ചാഹാർ(14 cr), അമ്പട്ടി റായ്ഡു (6.75 cr),ബ്രാവോ(4.40 cr), ഉത്തപ്പ (2 cr) മിച്ചൽ സാന്റനർ (1.90 cr) എന്നിവരെ വീണ്ടും ലേലത്തിൽ വിളിച്ചെടുത്തപ്പോൾ ഓപ്പണർ ഡ്യൂപ്ലിസിസിനെ അവർക്കു നഷ്ടമായി. പകരം ന്യൂസിലാൻഡ് താരം ഡെവൺ കോൺവേയെ സ്വന്തമാക്കിയപ്പോൾ ചെന്നൈയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ സുരേഷ് റൈനയെ ഇത്തവണ ചെന്നൈ അടക്കം ആരും വിളിക്കാത്തതും ആരാധകരെ നിരാശരാക്കി. ശ്രീലങ്കൻ താരം മഹീഷ് തീഷ്ണ, ആദം മിൽന, ക്രിസ് ജോർദാൻ,ശിവം ദുബൈ, U19 താരം രാജ്വർദ്ധൻ ഹങ്ങരേക്കർ എന്നിവരാണ് അവരുടെ മറ്റു മികച്ച സൈനിങ്ങുകൾ. മലയാളി പേസർ കെഎം ആസിഫ് 20(lac) ഇത്തവണയും ചെന്നൈയുടെ മഞ്ഞ ജേഴ്സിയണിയും.
ഹാഫ് ഡ്യൂപ്ലിസ്സി, ജോഷ് ഹസൽവുഡ്, ദിനേശ് കാർത്തിക് അടക്കം മികച്ച താരങ്ങളെ RCB വിളിച്ചെടുത്തപ്പോൾ കഴിഞ്ഞ IPL ൽ ഏറ്റവും കൂടുതൽ വിക്കെറ്റ് എടുത്ത ഹർഷൽ പട്ടേലും T20 യിലെ നിലവിലെ ഒന്നാം നമ്പർ ബൗളർ ഹസരംഗയും,ഫിൻ അലനും ഇത്തവണയും ബാംഗ്ലുരിനായി കളത്തിലിറങ്ങും. ഡേവിഡ് വില്ലി, ജെസൺ ബെഹൻഡ്റൂഫ്, സിദ്ധാർഥ് കൗൾ, ഷെഫാനെ രുതെർഫോഡ് എന്നിവരാണ് ബാംഗ്ലൂരിന്റെ മറ്റുപ്രമുഖ താരങ്ങൾ. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്കു പകരം അവരെ നയിക്കുന്നത് മുൻ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ കൂടിയായ ഡ്യൂപ്ലിസി ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ ഐപിഎൽ റണ്ണേഴ്സ് അപ്പ് ആയ കൊൽക്കത്ത തങ്ങളുടെ ക്യാപ്റ്റൻ മോർഗനെ ഒഴിവാക്കിയപ്പോൾ മുൻ DC ക്യാപ്റ്റൻ ശ്രേയസ് അയ്യരെ 12.25 cr നു ടീമിൽ എത്തിച്ചു.കഴിഞ്ഞതവണത്തേക്കാളും പകുതി വിലയ്ക്കു പാറ്റ് കമ്മിൻസിനെയും,നിതീഷ് രാണയെയും ശിവം മാവിയെയും വീണ്ടും തിരിച്ചു വിളിച്ചെടുത്ത നൈറ്റ്‌ റൈഡഴ്സിൽ ഇംഗ്ലണ്ട് ഓപ്പണർ അലക്സ്‌ ഹെയ്ൽസ്, സാം ബില്ലിങ്ങ്സ്, മുഹമ്മദ് നബി, അജിൻക്യാ രഹനെ, ഉമേഷ്‌ യാദവ്, ടിം സൗത്തീ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മുൻ ക്യാപ്റ്റൻ ഡേവിഡ് വർണറേ റിറ്റൈൻ ചെയ്തതിരുന്ന ഹൈദ്രബാദ് ഇത്തവണ 10.75 cr നു വാങ്ങിയ നിക്കോളാസ് പൂരൻ ഏറ്റവും വില കൂടിയ സൈനിങ്ങ് ആയപ്പോൾ വാഷിങ്ടൺ സുന്ദർ (8.75 cr), രാഹുൽ തൃപാഠി (8.5 cr) റൊമാറിയോ ഷേപ്പേർഡ് (7.75) എന്നിവരാണ് മറ്റു മൂല്യമേറിയ താരങ്ങൾ. ഭുവനേശ്വർ കുമാർ, അഭിഷേക് ശർമ, നടരാജൻ, പ്രിയം ഗാർഗ്‌ എന്നിവർ വീണ്ടും SRH കുപ്പായം അണിയുന്നു. മാർക്രം, ജാൻസെൻ,സീൻ അബ്ബോട്ട്, ഗ്ലെൻ ഫിലിപ്സ്, കാർത്തിക് ത്യാഗി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ..
ലേലത്തിനു മുൻപ് മയാങ്ക് അഗർവാളിനെയും അർഷദീപ് സിംഗിനെയും മാത്രം നിലനിർത്തിയ പഞ്ചാബ്, ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെയും കഗിസോ റബാഡയെയും ജോണി ബെർസ്റ്റോയെയും ടീമിൽ എത്തിച്ചപ്പോൾ ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റോണെ 11.25 cr നും ഒടിയൻ സ്മിത്തിനെ 6 cr നും വിളിച്ചെടുത്തു. ഹർ പ്രീത് ബ്രാർ, ഷാരൂഖ് ഖാൻ, ഇഷാൻ പോറൽ, നഥാൻ എല്ലിസ് എന്നിവർ വീണ്ടും പഞ്ചാബിൽ എത്തി. സന്ദീപ് ശർമ്മ, രാഹുൽ ചാഹാർ ബാനുക രാജപക്ഷെ, ബെന്നി ഹോവൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
കെ എൽ രാഹുൽ മാർക്ക് സ്റ്റോയിനസ്, രവി ബിഷ്ണോയി എന്നിവരെ ലേലത്തിനു മുൻപ് ടീമിൽ എത്തിച്ച ലക്നൗ കഴിഞ്ഞ സീസണിൽ ഡൽഹിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ആവേശ് ഖാനെ 10 cr നും ജെസൺ ഹോൾഡറിനെ 8.75 cr വിളിച്ചെടുത്തു. കൃനാൽ പണ്ട്യ, കിന്റോൻ ഡികോക്, മാർക്ക്‌ വുഡ്, ദീപക് ഹൂഡ, മനീഷ് പാണ്ടേ, എവിൻ ലുയിസ് എന്നിവർ ചേരുമ്പോൾ അവർ തങ്ങളുടെ ആദ്യ ഐപിഎലിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാൻ ഒരുങ്ങുന്നു.
മറ്റൊരു പുതിയ ഫ്രഞ്ചസി ആയ അഹമ്മദാബാദ് ടൈറ്റൻസ് ഹർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുഭമാൻ ഗിൽ എന്നിവരെ ലേലത്തിനു മുൻപ് റിറ്റൈൻ ചെയ്തപ്പോൾ ലേലത്തിൽ ലോക്കി ഫെർഗുസണെ 10 cr നും രാഹുൽ തിവാട്ടിയയെ 9 cr നും മുഹമ്മദ് ഷമിയെ 6.25 cr നും ടീമിൽ എത്തിച്ചു. ജെസൺ റോയ്, ഡേവിഡ് മില്ലെർ, മാത്യു വൈഡ്, ജയന്ത്‌ യാദവ്, സാഹ, അൽസാരി ജോസഫ്,വിജയ് ശങ്കർ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ..
പൊതുവെ കേരള താരങ്ങൾക്ക് നിരാശജനകമായ ഒരു ലേലമാണ് കടന്നുപോയത്. രജിസ്റ്റർ ചെയ്ത 13 കളിക്കാരിൽ ഉത്തപ്പ, ആസിഫ്, ബേസിൽ തമ്പി, വിഷ്ണു വിനോദ് എന്നിവക്കു മാത്രമാണ് ആവശ്യക്കാരുണ്ടായത്. വിലക്കിന് ശേഷം തിരിച്ചെത്തിയ ശ്രീശാന്തിൽ ഒരു ടീമും താല്പര്യം കാണിക്കാത്തതിനാൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ലേലത്തിൽ ഉൾപെടുത്തിയില്ല.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!