സ്പോർട്സ് ഡെസ്ക്
മെൽബൺ: ട്വന്റി20 ലോകകപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ അവസാന പന്തിൽ വിജയം പിടിച്ചെടുത്തു ടീം ഇന്ത്യ. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ട മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ മികവും പാക്ക് ബോളർ മുഹമ്മദ് നവാസിന്റെ പിഴവുമാണു ഇന്ത്യയ്ക്കു തുണയായത്. 53 പന്തുകൾ നേരിട്ട വിരാട് കോലി 82 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യയും തിളങ്ങി. 37 പന്തുകളിൽനിന്ന് പാണ്ഡ്യ നേടിയത് 40 റൺസ്.
160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ബാറ്റിങ്ങിന്റെ തുടക്കം നിരാശപ്പെടുത്തുന്ന പ്രകടനത്തോടെയായിരുന്നു. കെ.എൽ. രാഹുലിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും ഇന്ത്യയ്ക്കു തുടക്കത്തിൽ തന്നെ നഷ്ടമായി. ഇരുവരും നാലു വീതം റൺസാണ് ആകെ നേടിയത്. രാഹുലിനെ പാക്കിസ്ഥാന്റെ യുവപേസർ നസീം ഷാ ബോൾഡാക്കിയപ്പോൾ രോഹിത് ഹാരിസ് റൗഫിന്റെ പന്തിൽ ഇഫ്തിഖർ അഹമ്മദിനു ക്യാച്ച് നൽകിയാണു മടങ്ങിയത്. സൂര്യകുമാർ യാദവ് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും 10 പന്തിൽ 15 റൺസെടുത്തു പുറത്തായി.
സ്കോർ 31 ല്‍ നിൽക്കെ ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ അക്സർ പട്ടേലും മടങ്ങി. രണ്ട് റൺസ് മാത്രമെടുത്ത അക്സർ റണ്ണൗട്ടാകുകയായിരുന്നു. തുടർന്നാണ് കോലി– ഹാർദിക് പാണ്ഡ്യ സഖ്യം ഇന്ത്യയുടെ രക്ഷയ്ക്കെത്തിയത്. ഇരുവരും നിലയുറപ്പിച്ചതോടെ സ്കോർ 16.4 ഓവറിൽ സ്കോർ 100 പിന്നിട്ടു. 43 പന്തിൽ കോലി 50 തികച്ചു. അവസാന ഓവറിൽ ഇന്ത്യയ്ക്കു ജയിക്കാൻ 16 റൺസാണു വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്തിൽ ബാബർ അസം ക്യാച്ചെടുത്ത് ഹാർദിക് പാണ്ഡ്യയെ പുറത്താക്കി. 37 പന്തുകളിൽനിന്ന് പാണ്ഡ്യ നേടിയത് 40 റൺസ്. രണ്ടാം പന്തില്‍ ഒരു റണ്ണും മൂന്നാം പന്തിൽ രണ്ട് റൺസും ഇന്ത്യ ഓടിയെടുത്തു. നാലാം പന്തിലെ നോബോളിൽ കോലി സിക്സർ പറത്തിയതോടെ പാക്കിസ്ഥാൻ ബോളർ പ്രതിരോധത്തിലായി.
ഫ്രീഹിറ്റ് പന്ത് നവാസ് വൈഡ് എറിഞ്ഞതോടെ ഇന്ത്യയ്ക്ക് ഒരു റൺ കൂടി കിട്ടി. അടുത്ത ഫ്രീഹിറ്റിൽ കോലി ബോൾഡായെങ്കിലും കോലി മൂന്നു റൺസ് ഓടിയെടുത്തു. എന്നാൽ അഞ്ചാം പന്തിൽ ദിനേഷ് കാർത്തിക്ക് ബോൾഡായത് ഇന്ത്യയ്ക്കു ഞെട്ടലായി. ആറാം പന്ത് വൈഡെറിഞ്ഞതോടെ അവസാന പന്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് ഒരു റൺ. മിഡ് ഓഫിലൂടെ പന്ത് സ്കൂപ് ചെയ്ത് അശ്വിൻ ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചു. ഇന്ത്യയ്ക്കു നാലു വിക്കറ്റ് വിജയം. പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. പാക്കിസ്ഥാനു വേണ്ടി ഇഫ്തിഖർ അഹമ്മദും ഷാൻ മസൂദും ചേർന്നു നടത്തിയ ചെറുത്തുനിൽപ്പാണ് അവരെ മികച്ച സ്കോറിലെത്തിച്ചത്.
അർധ സെഞ്ചറി നേടിയ ഇഫ്തിഖർ 34 പന്തിൽ 51 റൺസെടുത്തു പുറത്തായി. 42 പന്തുകൾ നേരിട്ട ഷാൻ മസൂദ് 52 റൺസുമായി പുറത്താകാതെനിന്നു. ബാബര്‍ അസമിനെ എൽബിയിൽ കുടുക്കി അര്‍ഷ്ദീപ് സിങ്ങാണു പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. ആദ്യ ഓവറിൽ വലിയ സ്കോർ കണ്ടെത്താനായില്ലെങ്കിലും രണ്ടാം ഓവറിൽ ക്യാപ്റ്റന്റെ പുറത്താകൽ പാക്കിസ്ഥാനെ ഞെട്ടിച്ചു.
19 റൺസിൽ നിൽക്കെ പാക്ക് ഓപ്പണർ മുഹമ്മദ് റിസ്‍വാനെ ഭുവനേശ്വർ കുമാറിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് രണ്ടാം വിക്കറ്റു വീഴ്ത്തി. തുടർന്ന് ഷാൻ മസൂദും ഇഫ്തിഖർ അഹമ്മദും ചേർന്നാണു പാക്കിസ്ഥാനെ കരകയറ്റിയത്. അര്‍ധസെഞ്ചറിക്കു പിന്നാലെ മുഹമ്മദ് ഷമി ഇഫ്തിക്കർ അഹമ്മദിനെ എൽബിഡബ്ല്യുവിൽ കുരുക്കി പുറത്താക്കി.
14–ാം ഓവറിൽ ശതബ് ഖാൻ, ഹൈദർ അലി എന്നിവരെ പുറത്താക്കിയ ഹാർദിക് പാണ്ഡ്യ 16–ാം ഓവറിൽ മുഹമ്മദ് നവാസിന്റെ വിക്കറ്റും വീഴ്ത്തി. ഇതോടെ പാക്കിസ്ഥാൻ കൂടുതൽ പ്രതിരോധത്തിലായി. ആസിഫ് അലിയെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലെത്തിച്ച് അർഷ്ദീപ് സിങ് വിക്കറ്റ് നേട്ടം മൂന്നാക്കി. ഷഹീൻ അഫ്രീദി എട്ട് പന്തിൽ 16 റൺസെടുത്തു. അവസാന ഓവറുകളിൽ ഇന്ത്യൻ ബോളർമാര്‍ റൺസ് വഴങ്ങിയതോടെ പാക്കിസ്ഥാൻ സ്കോർ 150 പിന്നിട്ടു. ഭുവനേശ്വർ കുമാറും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റു വീതം വീഴ്ത്തി.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം