എൽദോസ് ജോർജ്
2011 ഏപ്രിൽ 2, മുംബൈ വാങ്കഡെ സ്റ്റേഡിയം,
അത്രപെട്ടെന്നൊന്നും ഇന്ത്യൻ ജനതയ്ക്ക് മറക്കാൻ കഴിയില്ല. അതെ എം എസ് ധോണി, മഹേന്ദ്ര സിംഗ് ധോണി 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജനതയ്ക്ക് ഏകദിന വേൾഡ് കപ്പ് നേടിക്കൊടുത്ത അപൂർവ നിമിഷം. എന്നാൽ ശരിക്കുമുള്ള കഥ തുടങ്ങുന്നത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് കൃത്യമായി പറഞ്ഞാൽ 2007ൽ. ആ വർഷം വെസ്റ്റിൻഡീസിൽ നടന്ന ഏകദിന വേൾഡ് കപ്പിൽ ആദ്യ റൗണ്ടിൽ തന്നെ നാണംകെട്ട് പുറത്തായി ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങി. ലോക ജനതയ്ക്ക് മുന്നിൽ തലകുനിച്ചു നിന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനം അന്ന് ആദ്യമായി ധോണി തിരിച്ചു പിടിച്ചു. അതേ വർഷം സൗത്താഫ്രിക്കയിൽ അരങ്ങേറിയ ആദ്യ ട്വൻറി 20 വേൾഡ് കപ്പ് ഇന്ത്യ നേടിയപ്പോൾ അമരക്കാരനായി നിന്നു പൊരുതിയത് എംഎസ് ധോണി ആയിരുന്നു.
എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു എന്ന് ആരും തിരിച്ചറിഞ്ഞില്ല. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനിലേക്കുള്ള ജൈത്രയാത്ര അവിടെ തുടങ്ങുകയായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യംവഹിച്ചത് എക്കാലത്തെയും മികച്ച നിമിഷങ്ങളായിരുന്നു. പരിചയസമ്പന്നരായ ഒരു കൂട്ടം കളിക്കാരെയും പ്രഹരശേഷിയുള്ള യുവത്വത്തെയും കൂടെ നിർത്തി എംഎസ് ധോണി ഏതൊരു യുദ്ധവും വിജയിക്കുവാൻ ശേഷിയുള്ള ഇന്ത്യൻ ടീമിനെ വാർത്തെടുത്തു. ഇന്ത്യൻ ടീമിനു മുൻപിൽ വിജയങ്ങൾ പെരുമഴയായി പെയ്തൊഴിഞ്ഞു.
ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അവരുടെ മണ്ണിൽ വെച്ച് തന്നെ തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ കരുത്തുകാട്ടി. പല വമ്പൻ ടീമുകളും ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തി. ക്രിക്കറ്റിൽ തന്റെ കരുത്ത് തെളിയിച്ച എംഎസ് ധോണി ഇന്ത്യൻ പ്രീമിയർ ലീഗിലും തന്റെ സാന്നിധ്യം അടിവരയിട്ട് വ്യക്തമാക്കി. അവാർഡുകളും അംഗീകാരങ്ങളും യഥാസമയങ്ങളിൽ അദ്ദേഹത്തെ തേടിയെത്തി. വെള്ളിത്തിരയിൽ അദ്ദേഹത്തിന്റെ ജീവിതം സിനിമയായി. ഐസിസിയുടെ എല്ലാ ടൂർണമെന്റുകളും വിജയിച്ച ഏക ക്യാപ്റ്റൻ എന്ന അപൂർവ്വ നേട്ടവും അദ്ദേഹം സ്വന്തമാക്കി. 2019ൽ
ഇംഗ്ലണ്ടിൽ വച്ച് നടന്ന വേൾഡ് കപ്പിൽ ആണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി പാട് അണിഞ്ഞത്. എന്നാൽ അത്ര ശുഭകരമായിരുന്നില്ല ആ ദിവസം.
130 കോടി ജനങ്ങളുടെയും സ്വപ്നം സാക്ഷാത്കാരിക്കാനായി അന്ന് ഓടിയെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 38ന്റെ നിറവിൽ നിൽക്കുമ്പോൾ ഒരു ജനതയുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയ ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരേയൊരു രാജാവിന്റെ മടങ്ങി വരവിനായി ഒരു ജനത കാത്തിരിക്കുകയാണ്. ആഘോഷങ്ങളും ആർപ്പുവിളികളും ഇല്ലാതെ ഈ പിറന്നാൾ ദിനം കടന്നു പോകുമ്പോൾ. എംഎസ് ധോണി എന്ന ഇന്ത്യൻ ഇതിഹാസത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ്. അതെ ഞങ്ങൾ കാത്തിരിക്കുകയാണ് , ഇന്ത്യക്കായി പാഡ് അണിഞ്ഞ എംഎസ് ധോണി വരുന്ന ആ നിമിഷത്തിനായി.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുന്ന എൽദോസ് ജോർജ് പെരുമ്പാവൂർ സ്വദേശിയാണ്. അണ്ടർ 15 എറണാകുളം ജില്ലാ ടീമിൽ അംഗമായിരുന്നു . നിലവിൽ ഐ ഡി എച്ച് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ടീമിൻറെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും വൈസ് ക്യാപ്റ്റനും ആണ്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .