ഷാർജ : മലയാളി താരം സഞ്ജു വി സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, തെവാതിയ എന്നിവരുടെ കരുത്തില്‍ ഷാർജ സ്റ്റേഡിയത്തിൽ രാജസ്ഥാന്‍ റോയല്‍സിന് രാജകീയ ജയം. ഐ പി എല്ലിലെ കൂറ്റൻ ഓപണിംഗ് കൂട്ടുകെട്ട് നേടിയെങ്കിലും കിംഗ്സ് ഇലവൻ പഞ്ചാബിന് ജയിക്കാനായില്ല.
ക്യാപ്റ്റനും കെ എൽ രാഹുലും മായങ്ക് അഗർവാളും നേടിയ 183 റൺസ് കൂട്ടുകെട്ടിന്റെ പിൻബലത്തിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 223 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ രാജസ്ഥാൻ പരാജയം തുറിച്ചുനോക്കിയെങ്കിലും തെവാതിയ രക്ഷകനായി. 31 ബോളിൽ 51 റൺസാണ് തെവാതിയ നേടിയത്. കോട്രലിന്റെ ഒരോവറിൽ അഞ്ച് സിക്സറുകൾ പായിച്ച തെവാതറിന്റെ ഇന്നിംഗ്സാണ് കളിയുടെ ഗതി മാറ്റിയത്.
മലയാളി താരം സഞ്ജു സാംസൺ ശക്തമായ പോരാട്ടം കാഴ്ചവെച്ചു. ഐ പി എല്ലിൽ 100 സിക്സുകൾ നേടുന്ന താരം എന്ന ബഹുമതി സഞ്ജു കരസ്ഥമാക്കി. 42 ബോളിൽ 85 റൺസാണ് സഞ്ജു നേടിയത്. ഏഴ് സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 27 ബോളില്‍ 50 റണ്‍സ് നേടി. ജോസ് ബട്‌ലറിന്റെ വിക്കറ്റാണ് ആദ്യം വീണത്. നാല് റണ്‍സെടുത്തു നില്‍ക്കുമ്പോഴായിരുന്നു വിക്കറ്റ്.
ഐ പി എല്ലിലെ മൂന്നാമത്തെ കൂറ്റൻ ഓപണിംഗ് കൂട്ടുകെട്ടായിരുന്നു രാഹുൽ- മായങ്ക് സഖ്യത്തിന്റെത്. പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 54 ബോളില്‍ 69 റണ്‍സെടുത്തു. ഒരു സിക്‌സും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന് കൂട്ടായിരുന്ന മായങ്ക് അഗര്‍വാള്‍ 50 ബോളില്‍ നിന്ന് 106 റണ്‍സെടുത്തു. ഏഴ് സിക്‌സറുകളും പത്ത് ഫോറുകളും അടങ്ങുന്നതാണ് മായങ്കിന്റെ ഇന്നിംഗ്‌സ്. മാക്‌സ്വെല്‍ ഒമ്പത് ബോളില്‍ നിന്ന് 13ഉം നിക്കോളാസ് പുരാന്‍ എട്ട് ബോളില്‍ നിന്ന് 25 റണ്‍സുമെടുത്തു.
രാജസ്ഥാന്‍ നിരയില്‍ അങ്കിത് രജ്പുതും ടോം കറനുമാണ് വിക്കറ്റ് നേടിയത്. ആര്‍ച്ചറും ശ്രേയസ് ഗോപാലുമാണ് കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തത്.
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .