January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പെനൽറ്റി ഷൂട്ടൗട്ടിൽ നായകനായി എമിലിയാനോ മാർട്ടിനസ്; അർജന്റീന സെമിയിൽ

സ്പോർട്സ് ഡെസ്ക്

ദോഹ : ആവേശം പെനൽറ്റി ഷൂട്ടൗട്ടോളമെത്തിയ ക്വാർട്ടർ പോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ലോകകപ്പ് സെമിയിൽ. ആവേശകരമായി മാറിയ ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി.

നെതർലൻഡ്സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ ഹീറോ. നെതർലൻഡ്സിനായി കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഡിസംബർ 13ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന‍് പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായത്. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ അർജന്റീന ബോക്സിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് നെതർലൻഡ്സ് സമനില ഗോൾ നേടിയത്. ഈ ഗോളോടെ നിശ്ചിത സമയത്ത് ഇരു ടീമുകളും 2–2 എന്ന നിലയിൽ സമനില പാലിച്ചു. നെതർലൻഡ്സിനായി പകരക്കാരൻ താരം വൗട്ട് വെഗ്‌ഹോസ്റ്റ് ഇരട്ടഗോൾ നേടി. 83, 90+11 മിനിറ്റുകളിലായിരുന്നു വെഗ്ഹോസ്റ്റിന്റെ ഗോളുകൾ. അർജന്റീനയ്ക്കായി നഹുവേൽ മൊളീന (35–ാം മിനിറ്റ്), സൂപ്പർതാരം ലയണൽ മെസ്സി (73–ാം മിനിറ്റ്, പെനൽറ്റി) എന്നിവരാണ് ലക്ഷ്യം കണ്ടത്.

1994നുശേഷം ഇതാദ്യമായാണ് നെതർലൻഡ്സ് ലോകകപ്പ് ക്വാർട്ടറിൽ തോറ്റു പുറത്താകുന്നത്. 1998, 2010, 2014 ലോകകപ്പുകളിൽ ക്വാർട്ടറിൽ ജയിച്ച് നെതർലൻഡ്സ് സെമിയിലെത്തിയിരുന്നു. ഇതിൽ 2014 ലോകകപ്പ് സെമിയിൽ അർജന്റീനയോടു തോറ്റാണ് നെതർലൻഡ്സ് പുറത്തായത്. അതും പെനൽറ്റി ഷൂട്ടൗട്ടിൽ!

∙ ഗോളുകൾ വന്ന വഴി

അർജന്റീന ആദ്യ ഗോൾ: നെതർലൻഡ്സ് പ്രതിരോധവുമായി പോരടിച്ച് പന്തുമായി സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മുന്നേറ്റമാണ് അർജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. ഒപ്പത്തിനൊപ്പം നിന്ന ഡച്ച് പ്രതിരോധ താരങ്ങളെ സമർഥമായി അകറ്റിനിർത്തി ഓടിക്കയറിയ മെസ്സിയുടെ ഉജ്വലമായ ത്രൂപാസ് ബോക്സിനുള്ളിൽ മൊളീനയിലേക്ക്. ഡച്ച് പ്രതിരോധം പിളർന്നെത്തിയ മെസ്സിയുടെ പാസ് പിടിച്ചെടുത്ത് ഡാലി ബ്ലിൻഡിനെ മറികടന്ന മൊളീന, ഗോൾകീപ്പർ ആൻഡ്രിസ് നോപ്പർട്ടിനെയും കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്കോർ 1–0.

അർജന്റീന രണ്ടാം ഗോൾ: നെതർലൻഡ്സ് ബോക്സിലേക്ക് അർജന്റീന നടത്തിയ മുന്നേറ്റം ഫൗളിലും പെനൽറ്റിയിലും കലാശിച്ചതോടെയാണ് അർജന്റീനയുടെ രണ്ടാം ഗോളിനു വഴിയൊരുങ്ങിയത്. ഇടതുവിങ്ങിൽ പന്തുമായി മുന്നേറിയ മാർക്കോസ് അക്യൂന, നെതർലൻഡ്സ് ബോക്സിനുള്ളിലേക്ക് കടക്കുമ്പോൾ തടയാനെത്തിയ ഡെൻസൽ ഡംഫ്രിസിന്റെ കാലിൽത്തട്ടി താഴെ വീണു. യാതൊരു സംശയവും കൂടാതെ റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. അർജന്റീനയ്ക്കായി കിക്കെടുത്ത സൂപ്പർതാരം ലയണൽ മെസ്സി അനായാസം ലക്ഷ്യം കണ്ടു. സ്കോർ 2–0.

നെതർലൻഡ്സ് ആദ്യ ഗോൾ: ലയണൽ മെസ്സിയുടെ രണ്ടാം ഗോളോടെ അർജന്റീന അനായാസം ജയിച്ചു കയറുമെന്ന പ്രതീതി നിലനിൽക്കെയാണ് നെതർലൻഡ്സ് ഒരു ഗോൾ മടക്കിയത്. 83–ാം മിനിറ്റിൽ പകരക്കാരൻ താരം വൗട്ട് വെർഗ്ഹോസ്റ്റാണ് ലക്ഷ്യം കണ്ടത്. ബോക്സിനു പുറത്തുനിന്ന് മറ്റൊരു പകരക്കാരൻ താരം സ്റ്റീവൻ ബെർഗ്യൂസ് ഉയർത്തിവിട്ട തകർപ്പൻ ക്രോസിലേക്ക് ഉയർന്നുചാടി തലവച്ച വെർഗ്ഹോസ്റ്റ്, പന്തിന് ഗോളിലേക്കു വഴികാട്ടി. സ്കോർ 1–2.

നെതർലൻഡ്സ് രണ്ടാം ഗോൾ: അർജന്റീന വിജയമുറപ്പിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായി നെതർലൻഡ്സ് രണ്ടാം ഗോൾ നേടി മത്സരത്തിലേക്കു തിരിച്ചുവരുന്നത്. രണ്ടാം പകുതി പൂർത്തിയാകുമ്പോൾ 10 മിനിറ്റിന്റെ സാമാന്യം നീണ്ട ഇൻജറി ടൈമാണ് റഫറി അനുവദിച്ചത്. ഇതോടെ സമനില ഗോൾ ലക്ഷ്യമിട്ട് നെതർലൻഡ്സ് താരങ്ങൾ അർജന്റീന ബോക്സിലേക്ക് ഇരമ്പിക്കയറി. ഇതിനിടെയാണ് അവസാന നിമിഷം അർജന്റീന ബോക്സിനു തൊട്ടുമുന്നിൽ നെതർലൻഡ്സിന് ഫ്രീകിക്ക് ലഭിക്കുന്നത്. അർജന്റീന താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത പകരക്കാരൻ താരം കൂപ്മെയ്നേഴ്സ് പന്ത് പോസ്റ്റിലേക്ക് നീട്ടിയടിക്കുന്നതിനു പകരം അർജന്റീന താരങ്ങളുടെ പ്രതിരോധ മതിലിനിടയിൽ നിന്ന വെഗ്ഹോസ്റ്റിനു മറിച്ചു. പന്തു സ്വീകരിച്ച് പിന്നിലേക്ക് തിരിഞ്ഞ വെഗ്ഹോസ്റ്റ്, ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു. സ്കോർ 2–1.

∙ ആദ്യ ഗോൾ, ആദ്യപകുതി

പന്തടക്കത്തിലും പാസിങ്ങിലും നെതർലൻഡ്സ് താരതമ്യേന ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ, നഹുവേൽ മൊളീന നേടിയ ഗോളാണ് അർജന്റീനയ്ക്കു കരുത്തായത്. സൂപ്പർതാരം ലയണൽ മെസ്സിയുടെ പാസിൽനിന്നാണ് മൊളീന അർജന്റീയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ 35–ാം മിനിറ്റിലായിരുന്നു മൊളീനയുടെ ഗോൾ. ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടെയാണ് മൊളീനയിലൂടെ അർജന്റീന ലീഡെടുത്തത്.

∙ രണ്ടാം പകുതി, മൂന്നു ഗോൾ

ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ നെതർലൻഡ്സ്, രണ്ടു മാറ്റങ്ങളുമായാണ് രണ്ടാം പകുതി ആരംഭിച്ചത്. സ്റ്റീവൻ ബെർഗ്‍വിനു പകരം സ്റ്റീവൻ ബെർഗ്യൂസും മാർട്ടിൻ ഡി റൂണിനു പകരം കൂപ്മെയ്നേഴ്സും കളത്തിലിറങ്ങി. എന്തു വിലകൊടുത്തും തിരിച്ചടിക്കാനുള്ള ആവേശത്തിൽ നെതർലൻഡ്സ് താരങ്ങൾ ഇരമ്പിക്കയറിയതോടെ രണ്ടാം പകുതി ആവേശകരമായി.

നെതർലൻഡ്സ് സമനില ഗോളിനായി സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് മാർക്കോസ് അക്യൂനയെ വീഴ്ത്തിയതിന് അർജന്റിീനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിക്കുന്നത്. ലയണൽ മെസ്സി അനായാസം ലക്ഷ്യം കണ്ടതോടെ 2–0ന് മുന്നിൽക്കയറിയ അർജന്റീനയ്‌ക്കെതിരെ അവസാന നിമിഷങ്ങളിലാണ് നെതർലൻഡ്സ് രണ്ടു ഗോൾ തിരിച്ചടിച്ചത്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!