സ്പോർട്സ് ഡെസ്ക്
ദോഹ : ലുസെയ്ൽ സ്റ്റേഡിയത്തിൽ സർവ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് വേദിയിൽ അർജന്റീന ജഴ്സിയിൽ കളിച്ച മത്സരങ്ങളുടെ എണ്ണത്തിൽ കാൽസെഞ്ചുറി തികച്ച് ലോകറെക്കോർഡിനൊപ്പമെത്തിയ സൂപ്പർതാരം ആ മത്സരം എന്നെന്നും ഓർമിക്കത്തക്കതാക്കിയതോടെ, ലോകകപ്പിൽ തുടർഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായി. ഏതാനും ദിവസങ്ങൾക്കു മുൻപ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ അർജന്റീനയുടെ അയൽക്കാരായ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഇങ്ങകലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ കണ്ണീർമടക്കം. സൂപ്പർതാരം ലയണൽ മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തിൽ അർജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്. അർജന്റീനയ്ക്കായി യുവതാരം ജൂലിയൻ അൽവാരസ് ഇരട്ടഗോൾ (39–ാം മിനിറ്റ്, 69–ാം മിനിറ്റ്) നേടി. ആദ്യ ഗോൾ 34–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് മെസ്സി നേടി.
ഇതോടെ ഖത്തർ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ മെസ്സി, അഞ്ചു ഗോളുമായി ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പമെത്തി. അസിസ്റ്റുകൾ കൂടി പരിഗണിക്കുമ്പോൾ, നിലവിൽ എംബപെയ്ക്കു മേൽ മെസ്സിക്കു മുൻതൂക്കമുണ്ട്. അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. 11 ഗോളുകളുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണ് സൂപ്പർതാരം മറികടന്നത്. മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ച് അർജന്റീന ഫൈനലിലേക്ക്.
ഡിസംബർ 18ന് ഇതേ വേദിയിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ, ഫ്രാൻസ് – മൊറോക്കോ രണ്ടാം സെമിഫൈനൽ വിജയികളാകും അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ തോൽക്കുന്ന ടീമുമായി ക്രൊയേഷ്യ ഡിസംബർ 17ന് ഖലീഫ സ്റ്റേഡിയത്തിൽ മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും.
∙ ഗോളുകൾ വന്ന വഴി:
അർജന്റീന ആദ്യ ഗോൾ: ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പന്തു കൈവശം വച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് 34–ാം മിനിറ്റിലാണ് അർജന്റീന ആദ്യം ലീഡു പിടിച്ചത്. ഖത്തറിൽ ഒരിക്കൽക്കൂടി അർജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് പെനൽറ്റി. ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ബോക്സിലേക്ക് കടന്നുകയറിയ അർജന്റീന താരം ജൂലിയൻ അൽവാരസിനെ തടയാൻ മുന്നോട്ടുകയറിവന്ന ഗോൾകീപ്പർ ലിവക്കോവിച്ചിനു പിഴച്ചു. പന്തു ക്ലിയർ ചെയ്യാനുള്ള ശ്രമത്തിനിടെ അൽവാരസിനെ വീഴ്ത്തിയ ഗോൾകീപ്പറിന് മഞ്ഞക്കാർഡും അർജന്റീനയ്ക്ക് പെനൽറ്റിയും. കിക്കെടുത്ത ലയണൽ മെസ്സി അനാസായം ലക്ഷ്യം കണ്ടു. സ്കോർ 1–0.
അർജന്റീന രണ്ടാം ഗോൾ: മത്സരത്തിൽ മികച്ചു നിൽക്കെ പ്രതിരോധപ്പിഴവിൽ ആദ്യ ഗോൾ വഴങ്ങിയത് ക്രൊയേഷ്യയെ തളർത്തിയെന്ന് തെളിയിക്കുന്നതായിരുന്നു കളത്തിൽ പിന്നീടുള്ള നിമിഷങ്ങൾ. അർജന്റീന രണ്ടാം ഗോൾ നേടിയതും ആ തളർച്ച മുതലെടുത്തു തന്നെ. മധ്യവരയ്ക്കു സമീപത്തുനിന്നും ലയണൽ മെസ്സി നൽകിയ പന്തുമായി ഒരിക്കൽക്കൂടി ക്രൊയേഷ്യൻ പ്രതിരോധം പിളർത്തി ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യൻ താരങ്ങൾ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അൽവാരസിന്റെ കാലിൽത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ ക്ലോസ് റേഞ്ചിൽനിന്നും അൽവാരസ് തൊടുത്ത ഷോട്ട് ഗോൾകീപ്പറെ വീഴ്ത്തി വലയിൽ. സ്കോർ 2–0.
അർജന്റീന മൂന്നാം ഗോൾ: സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പർതാരം ലയണൽ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. വലതുവിങ്ങിലൂടെ പന്തു കാലിൽക്കൊരുത്ത് അർജന്റീന നായകന്റെ മിന്നൽക്കുതിപ്പ്. ഖത്തർ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാർഡിയോൾ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലിൽക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളിൽ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാർഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്സിന്റെ നടുമുറ്റത്ത് ജൂലിയൻ അൽവാരസിനു നൽകി. തളികയിലെന്നവണ്ണം മെസ്സി നൽകിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയൻ അൽവാരസിന്റെ കിടിലൻ ഫിനിഷ്. സ്കോർ 3–0.
∙ പന്തടക്കത്തിൽ ക്രൊയേഷ്യ, ഗോളടിച്ച് അർജന്റീന
പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റിൽ. ഇടയ്ക്ക് ലയണൽ മെസ്സിയുടെ പ്രതിഭയുടെ മിന്നലാട്ടം കണ്ട നീക്കമൊഴിച്ചാൽ ക്രൊയേഷ്യയാണ് കളത്തിൽ ആധിപത്യം പുലർത്തിയത്. ലൂക്കാ മോഡ്രിച്ച് – ബ്രോസോവിച്ച് – കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കൂടുതൽ സമയവും കാഴ്ചക്കാരായി.
പക്ഷേ ഗാലറിയിൽ ആവേശം പടർത്തിയ മുന്നേറ്റങ്ങളിലൂടെയും വന്നത് അർജന്റീന നിരയിൽ നിന്നാണ്. ഇടയ്ക്ക് ക്രൊയേഷ്യൻ താരം ഗ്വാർഡിയോളിന്റെ പാളിയ ക്ലിയറൻസിൽ നിന്നും പന്ത് ലയണൽ മെസ്സിയിലേക്ക് അപകടകരമായി നീങ്ങിയെങ്കിലും താരത്തിന് ശക്തമായ ഷോട്ടെടുക്കാൻ സാധിച്ചില്ല. 25–ാം മിനിറ്റിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാക്കോവിച്ച് മത്സരത്തിലെ ആദ്യ സേവ് നടത്തി. പോസ്റ്റിനു പുറത്തുനിന്നും എൽസോ ഫെർണാണ്ടസ് നീട്ടിയടിച്ച് ഷോട്ട് ലിവാക്കോവിച്ച് ഇടത്തേക്കു ചാടി തട്ടിയകയറ്റി. ഇതിനിടെയാണ് അർജന്റീന അപ്രതീക്ഷിതമായി ലീഡെടുത്തത്. അഞ്ച് മിനിറ്റിനുള്ളിൽ ലീഡ് വർധിപ്പിക്കുകയും ചെയ്തു.
∙ ആവർത്തനം, രണ്ടാം പകുതി
ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ചിട്ടും രണ്ടു ഗോളിനു പിന്നിലായതോടെ, രണ്ടു മാറ്റങ്ങളുമായാണ് ക്രൊയേഷ്യ രണ്ടാം പകുതി ആരംഭിച്ചത്. ബോർന സോസ, മാരിയോ പസാലിച്ച് എന്നിവർക്കു പകരം നിക്കോളാ വ്ലാസിച്ച്, മിസ്ലാവ് ഓർസിച്ച് എന്നിവർ കളത്തിലെത്തി. മിനിറ്റുകൾക്കുള്ളിൽ ബ്രോസോവിച്ചിനു പകരം പെട്കോവിച്ചുമെത്തി. മത്സരം ഒരു മണിക്കൂർ പിന്നിട്ടതിനു പിന്നാലെ പരേദസിനു പകരം ലിസാൻഡ്രോ മാർട്ടിനസിനെ അർജന്റീന പരിശീലകനും കളത്തിലിറക്കി. ആദ്യപകുതിയിലേതിനു സമാനമായി രണ്ടാം പകുതിയിലും തുടക്കത്തിൽ ആധിപത്യം പുലർത്തിയത് ക്രൊയേഷ്യ തന്നെ. പക്ഷേ ഗോളടിച്ചത് അർജന്റീനയും.
സൂപ്പർതാരം ലയണൽ മെസ്സിയുടെ തകർപ്പൻ സോളോ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോളിന്റെ പിറവി. ഗോളടിച്ചതോടെ കളം പിടിച്ച അർജന്റീന താരങ്ങൾ പിന്നീട് ഒരിഞ്ചുപോലും വിട്ടുകൊടുക്കാതെ ക്രൊയേഷ്യയെ പൂട്ടി. മത്സരം 80 മിനിറ്റ് പിന്നിട്ടതോടെ ക്രൊയേഷ്യ പരിശീലകൻ ലൂക്കാ മോഡ്രിച്ചിനെ തിരിച്ചുവിളിച്ചു. അപ്പോൾത്തന്നെ കളിയുടെ വിധി ഏതാണ്ട് വ്യക്തമായിരുന്നു.
∙ അർജന്റീന ടീമിൽ രണ്ടു മാറ്റം
നെതർലൻഡ്സിനെതിരായ മത്സരത്തിൽ കളിച്ച ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോനി ടീമിനെ ഇറക്കിയത്. മഞ്ഞക്കാർഡുകൾ കണ്ട് സസ്പെൻഷനിലായ മാർക്കോസ് അക്യൂനയ്ക്കു പകരം നിക്കോളാസ് തഗ്ലിയാഫിക്കോ കളിച്ചു. ലിസാൻഡ്രോ മാർട്ടിനസിനു പകരം ലിയാൻഡ്രോ പരേദസും ആദ്യ ഇലവനിൽ ഇടംപിടിച്ചു. ക്വാർട്ടറിൽ ബ്രസീലിനെ തോൽപ്പിച്ച അതേ ടീമിനെ നിലനിർത്തിയാണ് ക്രൊയേഷ്യ അർജന്റീനയ്‌ക്കെതിരെ ഇറങ്ങിയത്.
More Stories
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്
ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി കോഹ്ലി
ആവേശപ്പോരിൽ കുവൈറ്റിനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് ഫുട്ബോൾ കിരീടം