✒️✒️✒️ നിതിൻ ജോസ്
ഐപിഎൽ ആദ്യ 10 മത്സരങ്ങളെ കുറിച്ച് സി എൻ എക്സ് എൻ സ്പോർട്സ് ഡെസ്കിൽ നിന്ന് നിതിൻ ജോസ് കലയന്താനി എഴുതുന്നു..
ആദ്യ 10 മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ടു സൂപ്പർ ഓവർ അടക്കം എല്ലാം മത്സരങ്ങളും അത്യന്തം ആവേശകരമായ രീതിയിൽ ആണ് അവസാനിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോർ പിന്തുടർന്ന് ജയിക്കുന്ന ടീം ആയി രാജസ്ഥാൻ മാറിയപ്പോൾ , വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ് സാക്ഷാൽ സച്ചിനെ മറികടന്നു രാഹുൽ നേടുന്നതിനും ഒരു കളിയിൽ തന്നെ രണ്ടുതവണ പൂജ്യത്തിന് പുറത്താകുക എന്ന അപൂർവ നേട്ടം നിക്കോളാസ് പൂരാൻ( സൂപ്പർ ഓവറിൽ ) നേടുന്നതിനും UAE സാക്ഷിയായി.. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച രാജസ്ഥാനും ഡൽഹിയും പോയിന്റ് പോയിന്റ് ടേബിളിൽ മുന്നിൽ നിൽക്കുമ്പോൾ രണ്ടു മത്സരങ്ങളും തോറ്റ സൺറൈസേഴ്സ് ഹൈദരാബാദിനു ഇതുവരെ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല.
പ്രതീക്ഷയേകി യുവതാരങ്ങൾ
യുവതാരങ്ങളായ ദേവദത്ത് പടിക്കൽ,ശുഭ മാൻ ഗിൽ, രവി ബിഷ്ണോയി,ശിവം മാവി എന്നിവർ മികച്ച രീതിയിൽ തന്നെ തുടങ്ങി. പരിക്ക് മാറി കമലേഷ് നാഗർകൊട്ടിയും വളരെ നാളുകൾക്കു ശേഷം മത്സരത്തിനിറങ്ങിയതും ശുഭ പ്രതീക്ഷകൾ ആണ്
കളത്തിൽ ഇറങ്ങാതെ പ്രമുഖർ
പഞ്ചാബിന്റെ സൂപ്പർ ബാറ്റ്സ്മാൻ “യൂണിവേഴ്സൽ ബോസ്” ക്രിസ് ഗെയിലിനെ ആണ് ക്രിക്കറ്റ് പ്രേമികൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഓപ്പണർമാർ ആയ രാഹുലും മയാങ്കും തകർപ്പൻ ഫോമിൽ കളിക്കുന്നതാണ് ഗെയിലിന് വിലങ്ങുതടിയാകുന്നത് ഇത്തവണ ഡൽഹിയിലെത്തിയ അജിൻക്യ രഹാനെക്കും ഇഷാന്ത് ശർമ്മക്കും ഇതുവരെ അവസരം ലഭിച്ചിട്ടില്ല. ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റൻ കെയിൻ വില്യംസൺ അടുത്ത മത്സരത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷിക്കാം. മുജീബുറഹ്മാൻ, മോയിൻ അലി,ക്രിസ് ലിൻ എന്നിവർക്കും അവസരം ലഭിച്ചിട്ടില്ല.
സിക്സർ പെരുമഴ
10 മത്സരങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 153 സിക്സറുകൾ ആണ് പിറന്നത്. മത്സരം യുഎഇയിലെ മൂന്നു വേദികളിൽ മാത്രം ഒതുങ്ങിയപ്പോൾ പിച്ചും ഗ്രൗണ്ടും കളിക്കാർക്ക് ഹൃദയസ്ഥം ആയി. മലയാളി താരം സഞ്ജു സാംസൺ ആണ് 16 സിക്സറുകളും ആയി വെടിക്കെട്ട് വീരന്മാരിൽ മുമ്പിൽ.
പോയിൻറ് ടേബിൾ
ഡൽഹി ക്യാപിറ്റൽസ്
സൂപ്പർ ഓവറിൽ പഞ്ചാബിനെ തോൽപ്പിച്ച് തുടങ്ങിയ ഡൽഹി രണ്ടാം മത്സരത്തിൽ ചെന്നൈ ക്കെതിരെ കുറച്ചുകൂടി അനായാസേന വിജയം കൈവരിച്ചു. ആദ്യമത്സരത്തിൽ സ്റ്റോയിണിസ്സിന്റെ മാസ്മരിക ബാറ്റിംഗ് പ്രകടനവും സൂപ്പർ ഓവറിലെ റബാഡയുടെ ബൗളിങ് പ്രകടനവും ഭാഗ്യവും ഡൽഹിയെ തുണച്ചു. പരിക്കേറ്റു ഒരു ഓവർ മാത്രം എറിയാൻ സാധിചുള്ളൂ എങ്കിലും രണ്ടു വിക്കറ്റ് എടുത്ത അശ്വിന്റെ പ്രകടനം എടുത്തു പറയാതെ വയ്യ. രണ്ടാം മത്സരത്തിൽ യുവതാരം പൃഥ്വി ഷായുടെ ബാറ്റിംഗും ബൗളർമാരുടെ പ്രകടനവും ഡൽഹിയെ വിജയത്തിലെത്തിച്ചു. ആദ്യമത്സരത്തിൽ ഫോമാകാതിരുന്ന ശിക്കാർ ധവാൻ രണ്ടാം മത്സരത്തിൽ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകൾ നൽകിയതും ഡൽഹിക്കു ശുഭപ്രതീക്ഷയാണ്. അശ്വിൻ പരിക്കു മാറി തിരിച്ചെത്തുകുയും ചെയ്താൽ ഡൽഹി ഇത്തവണ ചരിത്രം മാറ്റി കുറിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും..
രാജസ്ഥാൻ റോയൽസ്
കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച മറ്റൊരു ടീം രാജസ്ഥാൻ റോയൽസ് ആണ്.. ആദ്യമത്സരത്തിൽ ശക്തരായ ചെന്നൈയെ തോൽപ്പിച്ച് അവർ രണ്ടാം മത്സരത്തിൽ ഐപിഎൽന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റൺ ചേസിലൂടെ പഞ്ചാബിനെ മറികടന്നു. മലയാളി താരം സഞ്ജു സാംസൺ രണ്ടു മത്സരങ്ങളിലും അർദ്ധ ശതകം നേടി കളിയിലെ താരവുമായി. അവരുടെ ക്യാപ്റ്റൻ സ്മിത്തും തുടർച്ചയായ അർദ്ധശതകങ്ങൾ നേടി.. പഞ്ചാബിനെതിരെ തുടക്കത്തിലെ മോശം പ്രകടനത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിങ് പ്രകടനത്തിലൂടെ ഷെൽഡൺ കോട്ടറൽന്റെ ഓരോവറിൽ 5 സിക്സെറുകൾ അടിച്ചു രാഹുൽ തിവാട്ടിയയും ഞെട്ടിച്ചപ്പോൾ ഐപിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിനാണ് ഷാർജ ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്…
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യമത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തി തുടങ്ങിയ അവർ രണ്ടാം മത്സരത്തിൽ പഞ്ചാബി നോട് തോറ്റെങ്കിലും അടുത്ത മത്സരത്തിൽ മുംബൈയെ സൂപ്പർ ഓവറിൽ തോൽപ്പിച്ചു ശക്തമായ തിരിച്ചുവരവ് നടത്തി. അരങ്ങേറ്റ മത്സരത്തിൽ അടക്കം രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയ മലയാളിതാരം ദേവദത്ത് പടിക്കലും വെറ്ററൻ താരം എബി ഡിവില്ലിയേഴ്സും അവർക്കു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ വിരാട് കോലിയുടെ ഫോം ഇല്ലായ്മയും ബൗളിങ് നിരയുടെ പരാജയവും ആണ് അവരുടെ തലവേദന.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ആദ്യമത്സരത്തിൽ മുംബൈയോട് തോറ്റു തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തി അവരും പ്രതീക്ഷയിലാണ് ആദ്യമത്സരത്തിൽ ബോളിംഗ് അമ്പേ പരാജയമായ പാറ്റ് കമ്മിൻസ് രണ്ടാം മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തതും യുവതാരങ്ങളായ ശിവം മാവി, വരുൺ ചക്രവർത്തി എന്നിവരുടെ പ്രകടനങ്ങളും നിർണായകമായി.. ആദ്യ മത്സരത്തിൽ തോറ്റപ്പോൾ ഏറെ പഴി കേട്ട ക്യാപ്റ്റൻ ദിനേഷ് കാർത്തികിനും രണ്ടാം മത്സരത്തിലെ വിജയം ആശ്വാസത്തിനു വക നൽകുന്നതാണ്..
കിങ്സ് ഇലവൻ പഞ്ചാബ്
മൂന്ന് മത്സരങ്ങളിൽ ഒരു മത്സരം മാത്രം വിജയിച്ചെങ്കിലും കളിച്ച മത്സരങ്ങളിലെല്ലാം പഞ്ചാബ് മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഈ ഐപിഎല്ലിലെ രണ്ടു സെഞ്ചുറികളും പഞ്ചാബ് ഓപ്പണർമാരായ രാഹുൽ, മയങ്ക് അഗർവാൾ എന്നിവർ നേടി. ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ കൈവശം ആണെങ്കിൽ പർപ്പിൾ ക്യാപ്പ് മുഹമ്മദ് ഷമിയുടെ കൈവശമാണ്.. വിജയിക്കാമായിരുന്ന മത്സരങ്ങൾ അവിശ്വസനീയമാം വിധം പരാജയത്തിലേക്ക് കൂപ്പുകുത്തിയത് അവരെ ഞെട്ടിക്കുന്നു.
മുംബൈ ഇന്ത്യൻസ്
സാധാരണ പോലെ തന്നെ ആദ്യമത്സരം തോൽവിയോടെ തുടങ്ങിയവർ രണ്ടാം മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തി എങ്കിലും മൂന്നാം മത്സരത്തിൽ ബാംഗ്ലൂർ നോട് സൂപ്പർ ഓവറിൽ പരാജയപ്പെട്ടു. കൊൽക്കത്തക്കെതിരെ രോഹിത് ശർമയും ബാംഗ്ലൂരിനെ എതിരെ ഇഷാൻ കിഷാന്റെയും കീറോൺ പൊള്ളാർഡിന്റെയും പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ് ഡികോക്കിന്റെ മോശം ബാറ്റിങ്ങും, ബുംറ അടി വാങ്ങിച്ചു കൂട്ടുന്നതും, ഹർദിക് പാണ്ഡ്യ ബൗൾ ചെയ്യാത്തതും,കുണാൽ പാന്ധ്യയുടെ ഫോം ഇല്ലായ്മയും അവരെ കുഴയ്ക്കുന്നു.
ചെന്നൈ സൂപ്പർ കിംഗ്സ്
ആദ്യമത്സരത്തിൽ മുംബൈക്കെതിരെ വിജയിച്ചെങ്കിലും പിന്നീട് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ചെന്നൈക്കും ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. തോൽവിയിലും ഡ്യൂപ്ലിസിയുടെ യുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.ബാറ്റിംഗ് നിര തന്നെയാണ് അവരുടെ തലവേദന റെയ്നക്കു ഒരു പകരക്കാരനെ കണ്ടെത്താൻ കഴിയാത്തതും ഓപ്പണർമാരായ മുരളി വിജയും ഷെയിൻ വാട്സണും ഫോമിലേക്ക് ഉയരാത്തതും ആദ്യ മത്സരത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച അമ്പാട്ടി റായിഡുവിന്റെ പരിക്കും അവർക്ക് തിരിച്ചടിയായി. സ്വയം മുന്നോട്ടു ഇറങ്ങിവന്ന് കളിക്കാത്ത ക്യാപ്റ്റൻ ധോണിയുടെ നിലപാടും വിമർശനങ്ങൾക്ക് ഇടയായി.മുന്നോട്ടുള്ള അവരുടെ പ്രയാണം ദുഷ്കരമാണ്.. അത്ഭുതങ്ങൾ കാണിക്കുന്ന ക്യാപ്റ്റൻ കൂളിന്റെ മറ്റൊരു അത്ഭുതത്തിനായി ആരാധകർ കാത്തിരിക്കുന്നു.
സൺറൈസേഴ്സ് ഹൈദരാബാദ്
ആദ്യ രണ്ടു മത്സരങ്ങൾ കഴിയുമ്പോൾ ഹൈദരാബാദിന് ഇതുവരെ ടൂർണമെന്റിൽ അക്കൗണ്ട് തുറക്കാൻ ആയിട്ടില്ല.. ബെയർ സ്റ്റോയും മനീഷ് പാണ്ഡെയും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തെങ്കിലും വാർണർ, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ എന്നിവർ ഫോമിലേക്ക് ഉയരാത്തതും മധ്യനിരയിലെ പരിചയ സമ്പന്ന കുറവും മിച്ചൽ മാർഷിന്റെ പരിക്കും അവരെ അലട്ടുന്നു. അടുത്ത മത്സരത്തിൽ കെയിൻ വില്യംസൺ തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കാം..
ആദ്യ മത്സരങ്ങൾ തരുന്ന സൂചന ഇനി നടക്കാൻ പോകുന്നത് ആവേശമേറിയ പോരാട്ടങ്ങൾ ആണെന്ന് തന്നെയാണ്.. പ്രേഷകർ ഇല്ലാത്ത ഗാലറി ഒന്നും വീറും വാശിക്കും ഒട്ടും കുറവ് വരുത്തിയിട്ടില്ല എന്ന് തന്നെ പറയാം… വരുംദിനങ്ങളിലെ കളികൾക്കായി നമുക്ക് കാത്തിരിക്കാം..
More Stories
26 മത് അറേബ്യൻ ഗൾഫ് കപ്പ് വിജയികളായി ബഹ്റൈൻ
അറബ്യൻ ഗൾഫ് കപ്പ് ഫൈനൽ മത്സര ദിവസത്തിൽ മാറ്റം
26ാമത് അറേബ്യൻ ഗൾഫ് കപ്പിന് കുവൈറ്റിൽ വർണ്ണോജ്വലമായ തുടക്കം .