September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സമീറയുടെ ജീവിതയാത്ര… ഷാഹിദിൻറെയും

ജിഷ രാജേഷ്

ഇഷ്ടപ്പെട്ട ഒരു ചലച്ചിത്രത്തെക്കുറിച്ച് എഴുതുക എന്നൊരു ആശയം വന്നപ്പോൾ ആദ്യം ഒരു ശൂന്യാവസ്ഥ ആയിരുന്നു. പിന്നീട് മെമ്മറിയൊക്കെ ഒന്ന് റിഫ്രഷ് ചെയ്തപ്പോൾ ‘തൂവാനത്തുമ്പികളി’ലെ ക്ലാര യ്ക്കൊപ്പം വരുന്ന മഴയും, ആ മഴയുടെ സംഗീതത്തിനു അകമ്പടിയായി വരുന്ന ജോൺസൺ മാഷിൻ്റെ മാന്ത്രിക സംഗീതവും പോലെ… ഓർമ്മച്ചെപ്പിൻ്റെ വാതിൽ തുറന്ന് ഓരോന്നോരോന്നായി മനസ്സിലേക്ക് ഓടി വന്നു. ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും, ചെയ്ത ഒട്ടനവധി കഥാസന്ദർഭങ്ങൾ…. അക്കൂട്ടത്തിൽ മനസ്സിലേയ്ക്ക് ഒരു കനൽ കഷണം ഇട്ടിട്ടുപോയ ‘ടേക്ക് ഓഫ് ‘എന്ന സിനിമയെക്കുറിച്ചു തന്നെ എഴുതാൻ ശ്രമിക്കാം എന്നു തീരുമാനിച്ചു.

യഥാർത്ഥ സംഭവ പശ്ചാത്തലത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആവിഷ്ക്കരിച്ച ,നഴ്സ്മാർ കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ഒരു സിനിമ എന്നതായിരുന്നു’ ടേക്ക് ഓഫി’നോട് പ്രഥമദൃഷ്ട്യാ തന്നെ ഇഷ്ടം തോന്നാനുള്ള പ്രധാന കാരണം. കഥയും, ക്ലൈമാക്സുമൊക്കെ അറിയാമായിരുന്നു എങ്കിലും ആദ്യാവസാനം അതിയായ താൽപര്യത്തോടെ, ആകാംക്ഷയോടെ കണ്ട സിനിമ.

തന്നെ വളർത്തി വലുതാക്കിയ മാതാപിതാക്കളോടുള്ള ഉത്തരവാദിത്വവും, കരുതലും ,അടച്ചു തീർക്കാനുള്ള ലോണായി ഒരു വശത്ത്.. എന്തുകൊണ്ടും സുരക്ഷിതമായ ,ഭർത്താവുമൊന്നിച്ചുള്ള ജീവിതം മറുവശത്ത്. ഒടുവിൽ ബാദ്ധ്യതകൾ ചെലുത്തിയ സമ്മർദ്ദത്തിനു വഴങ്ങി, വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തൻ്റേതായ നിലപാടുകളെ പിൻചെന്ന്, ഭർത്താവിനെയും, കുഞ്ഞിനെയും വേർപിരിയേണ്ടി വരുന്ന ‘സമീറ ‘. കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രം എന്ന് തോന്നിപ്പിച്ചു കൊണ്ട്, മകനെ ഓർത്ത് ഉള്ളിൽ കരയുകയും, ഉറങ്ങാനായി ഗുളികകളെ ആശ്രയിക്കുകയും ചെയ്യുന്ന സമീറ യായി ആദ്യ രംഗങ്ങളിൽ തന്നെ പാർവ്വതി മനസ്സിലേയ്ക്കു കയറുന്നു.

എല്ലാം മനസ്സിലാക്കി സമീറ യെ പ്രണയിക്കുന്ന ഷാഹിദ് എന്ന സഹപ്രവർത്തകനെ ആദ്യമൊക്കെ നിരാകരിച്ചുവെങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ അവർ വിവാഹിതരാകുന്നു. ജീവിതം നഷ്ടമാക്കിയിട്ടും നാട്ടിലെ തുച്ച്ചമായ ശമ്പളം ഒന്നിനുമാകാതെ വരുമ്പോൾ എണ്ണമറ്റ കാത്തുനിൽപ്പുകൾക്കും, ഇൻ്റർവ്യൂകൾക്കുമൊടുവിൽ  കിട്ടിയത് ഇറാഖിലെ തിക്രിതി ലേയ്ക്കുള്ള വിസ.

പ്രതീക്ഷയുടെ ചിറകിലേറി തിക്രിതി ലെത്തിയ സമീറയും, ഷാഹിദു മടങ്ങുന്ന ഒരു കൂട്ടം നഴ്സ് മാരെ കാത്തിരുന്നത് വർണ്ണനാതീതമായ യാതനകൾ. രക്ഷപ്പെടാൻ ഒരവസരം കിട്ടുമ്പോൾ ജീവിതമാണോ, മരണമാണോ മുമ്പിൽ എന്ന് തിരിച്ചറിയാൻ പോലുമാവാത്ത അവസ്ഥയിൽ  ,ചെയ്ത ജോലിക്ക് ഉള്ള ശമ്പളമില്ലാതെ ഇവിടുന്ന് അനങ്ങില്ല എന്ന് പറയുന്ന സമീറയുടെ സഹപ്രവർത്തകർ അവകാശങ്ങൾ നേടിയെടുക്കാനുള്ള ആർജ്ജവമല്ല കാണിക്കുന്നത്.മറിച്ച്  നാട് ഒരു ഗൃഹാതുരത്വമുണർത്തുന്ന കുളിരോർമ്മ ആണെങ്കിലും,വെറും കൈയോടെ നാട്ടിലേക്ക് (കടങ്ങളുടെ കയത്തിലേയ്ക്ക്) മടങ്ങേണ്ടി വരുന്ന ഒരു പ്രവാസിയുടെ ചങ്ക് പൊടിയുന്ന വേദനയാണ്.

അതോടൊപ്പം തന്നെ കുഞ്ചാക്കോ ബോബൻ്റെ  ‘ഷാഹിദി’ നെപ്പോലെ ഒരു ഭർത്താവിനെ കിട്ടുന്ന സ്ത്രീകൾ ഭാഗ്യവതികളാണെന്ന് ഞാൻ പറയും. സത്യസന്ധമായി പറയുകയാണെങ്കിൽ ഇത്രമേൽ നിസ്വാർത്ഥമായി, നിഷ്കളങ്കമായി, പക്വതയോടെ പെരുമാറാൻ സാധിക്കുന്നവരുണ്ടോ എന്ന് ഒരു സംശയവും  എനിക്ക് ഇല്ലാതില്ല. അവർക്കിടയിലേയ്ക്കുള്ള എട്ട് വയസ്സുകാരൻ ഇബ്രു വിൻ്റെ വരവും, ഭാര്യാഭർതൃ ബന്ധവും, കുടുംബ ജീവിതവും, മാതാപിതാക്കളോടുള്ള സ്നേഹപരിഭവങ്ങളുമെല്ലാം നന്നായി മനസ്സിൽ പതിഞ്ഞു. ഒപ്പം തന്നെ ഒരു ഗർഭിണിയായ സ്ത്രീയുടെ സകല മാനറിസങ്ങളും സമീറ യിലെ പാർവ്വതി കാണിച്ചു തരുന്നു.

പക്ഷേ ഒരു അമ്മക്കണ്ണിലൂടെ നോക്കിയപ്പോൾ സ്വന്തം കുഞ്ഞിനെ വേർപിരിഞ്ഞ സമീറ യോട് എനിക്ക് ഒരല്പം ഇഷ്ടക്കേട് തോന്നിയിരുന്നു. പിന്നീട് സിനിമയുടെ തിരക്കഥ അനുസരിച്ച് സമീറ ശരിയായിരുന്നു എന്ന് മനസ്സിലായി. സിനിമയിൽ അതൊക്കെ പറ്റും. യഥാർത്ഥ ജീവിതത്തിൽ കുഞ്ഞുങ്ങളെ പ്രതിയല്ലേ പലരും പലതും സഹിക്കുന്നത്?

ഇത്രയുമൊക്കെ പറഞ്ഞിട്ട് എംബസ്സി ഉദ്യോഗസ്ഥനായ മനോജി നെ മറക്കുന്നതെങ്ങനെ? ഫഹദിൻ്റെ കണ്ണുകളിലെ തീക്ഷണതയും, നോർ അഡ്രിനാലിൻ ലെവൽ ഉയർത്തുന്ന സംഭാഷണങ്ങളുമല്ലേ കുറച്ചധികം സമയത്തേയ്ക്ക് കാഴ്ചക്കാരെ പിടിച്ചിരുത്തിയത്! നിത്യജീവിതത്തിൽ ഇങ്ങനെയുള്ള മനുഷ്യരെയൊന്നും എന്തേ കണ്ടുമുട്ടുവാൻ പറ്റുന്നില്ല?  അതോ ഇവരൊക്കെ സിനിമയിൽ മാത്രമേയുള്ളോ? ഒരു പക്ഷേ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതാവാം കാരണം!

പിന്നെ കസവുമുണ്ടും, സിൽക്ക് ജൂബയുമിട്ട്  അറബ് ഭരണാധികാരിയുടെ മുമ്പിൽ ഇരുന്ന ജയമോഹൻ . സങ്കടക്കണ്ണീരിൽ   മനസ്സലിയുന്ന, ഒരേ സമയം പ്രൗഡിയും, ലാളിത്യവും കൈമുതലായ വ്യവസായ പ്രമുഖൻ.അങ്ങനെയങ്ങനെ ഓരോരുത്തരും നിറഞ്ഞാടിയ ശുഭപര്യവസായിയായ ഒരു ചലച്ചിത്രം. പക്ഷേ യഥാർത്ഥത്തിൽ ഈ യാതനകൾ അനുഭവിച്ച നഴ്സ്മാരുടെ ചിലരുടെയെങ്കിലും  ജീവിതം അത്ര ശുഭകരമല്ല താനും.

പക്ഷേ എൻ്റെ മനസ്സിലേയ്ക്ക് ഒരു കനൽകഷണം കൊണ്ടിട്ടത് ഇവരാരുമല്ല. ഒരേ ഒരു സംഭാഷണ ശകലം മാത്രം പറഞ്ഞ ,കണ്ണുകളിൽ വിഷാദ ഭാവമൊളിപ്പിച്ച് വച്ച, നിഷ്കളങ്ക സൗന്ദര്യത്തിനുടമയായ ആ യസ്സീദി ഡോക്ടർ. നിൻ്റെ ജോലി നീ നന്നായി ചെയ്തു എന്ന് പറഞ്ഞ് ഷാഹിദിനെ അഭിനന്ദിക്കുകയും, സഹപ്രവർത്തകനായി കണ്ട് ബഹുമാനിക്കുകയും ചെയ്ത ഡോക്ടറുടെ ഭാര്യ. (അങ്ങനെ വല്ലതുമൊക്കെ ഒരു നഴ്സിന് സ്വന്തം നാട്ടിൽ കേൾക്കണമെങ്കിൽ ഈ ഒരു ജന്മം പോരാതെ വരും) ഭർത്താവ് ഭീകരരാൽ കൊല്ലപ്പെടുന്നത് നേരിട്ട് കണ്ടിട്ടും ഒന്നനങ്ങാൻ പോലുമാവാതെ നിൽക്കേണ്ടി വന്നവൾ. സ്വന്തം ഐഡൻ്റിറ്റി മനസ്സിലാക്കപ്പെട്ട്, അടച്ചു പൂട്ടിയ ട്രക്കിനുള്ളിൽ തടങ്കലിൽ ആക്കപ്പെട്ട ആ മുഖം മനസ്സിൽ നിന്ന് മായുന്നേയില്ല.അവർ ആ ട്രക്കിൽ നിന്നും ഓടി രക്ഷപ്പെട്ടത് എങ്ങോട്ടാണ്???

സമീറയുടെ വാക്കുകൾ കടമെടുക്കുകയാണ്. തങ്ങളുടെ ആരുമല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുകയും, സ്വന്തം പോലെ കരുതി നോക്കുകയും ഒക്കെ ചെയ്യുന്ന നഴ്സ്മാർ മാലാഖമാരാണ് കുറച്ചു പേർക്കെങ്കിലും. ഇവരുടെ ജീവിതം, കുടുംബം, പ്രാരാബ്ധങ്ങൾ ഇതൊന്നും ആരും മനസ്സിലാക്കുന്നില്ല. മനസ്സിലാക്കേണ്ടവർ കണ്ണടയ്ക്കുന്നു.(മേൽ പറഞ്ഞ കുടുംബം, പ്രാരാബ്ധം ഒക്കെ എല്ലാവർക്കും ഉള്ളതാണ് കേട്ടോ. ഞാനൊരു നഴ്സായതുകൊണ്ട് ഇങ്ങനെ എഴുതി എന്നേയുള്ളൂ) ഈ ഒരു ചലച്ചിത്രം വരച്ചുകാട്ടുന്ന പച്ചയായ യാഥാർത്ഥ്യങ്ങളുടെ നിര ഇനിയും നീളും. കാരണം യഥാർത്ഥ ജീവിതത്തോട്  അത്ര മേൽ ചേർന്നു നിൽക്കുന്ന കഥയും, കഥാസന്ദർഭങ്ങളും തന്നെ. അതൊക്കെ ഓരോരുത്തരുടെയും വീക്ഷണകോണിലൂടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളാകട്ടെ.

സ്റ്റേറ്റ്, നാഷണൽ തലത്തിൽ പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയ, ഈ ചലച്ചിത്ര അനുഭവം സാധ്യമാക്കിയ ശ്രീ മഹേഷ് നാരായൺ, പി.വി.ഷാജികുമാർ ,മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കൾ, യഥാർത്ഥ സംഭവത്തിലെ നഴ്സ്മാർ, പ്രിയ വായനക്കാർ. ….അങ്ങനെ എല്ലാവർക്കും  നല്ലതു വരട്ടെ.. എല്ലാവരും സന്തോഷമായിരിക്കട്ടെ എന്നാഗ്രഹിക്കുന്നു.

ജിഷ രാജേഷ്

കോട്ടയം പാലാ സ്വദേശിനിയും, നഴ്സുമായ ജിഷ രാജേഷ് തൻ്റെ ഔദ്യോഗിക, വ്യക്തി ജീവിതത്തിലെ ഏടുകൾ സമൂഹമാധ്യമങ്ങളിലെ ചെറുകുറിപ്പുകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

error: Content is protected !!