ജീന ഷൈജു
ഹൃദയം സിനിമയിൽ ഹൃദയത്തിൽ തൊട്ട ഒരു ഡയലോഗ് ആണിത് ….പ്രണവ് മോഹൻലാൽ അവധിക്കു വന്നു തിരിച്ചു പോകുമ്പോൾ റയിൽവേ സ്റ്റേഷനിൽ വെച്ച് അപ്പനായ വിജയരാഘവൻ പ്രണവിനോട് ചോദിക്കുന്ന ആ രംഗം …”നിനക്ക് നാണക്കേട് ഇല്ലെങ്കിൽ അച്ഛൻ ഒന്ന് കെട്ടിപ്പിടിച്ചോട്ടെന്ന് ….”
മനസ്സിനെ പിടിച്ചുലക്കുന്നതു ആയിരുന്നു .ആ ഡയലോഗിൽ എന്റെ കണ്ണു നിറഞ്ഞിരുന്നു .ഒരു സിനിമയിൽ എവിടെയൊക്കെയോ കണ്ണു നിറയുന്നുണ്ടെങ്കിൽ ഒരു പരിധിവരെ സിനിമ ആ രംഗത്തിൽ വിജയിച്ചു എന്നർത്ഥം .അതവിടെ നിൽക്കട്ടെ .നമ്മളിൽ എത്ര പേർക്കു സ്വന്തം അപ്പനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ ആകും ?…എനിക്ക് കഴിഞ്ഞിരുന്നില്ല.. കഴിഞ്ഞ തവണ അവധികഴിഞ്ഞു തിരിച്ചു പോരുന്നവരെ …എയർപോർട്ടിൽ വെച്ച് പപ്പയുടെ നെഞ്ചിൽ തല വെച്ച് യാത്ര പറഞ്ഞപ്പോഴും എന്റെ കണ്ണു നിറഞ്ഞു ഒഴുകിയിരുന്നു .മകളെന്ന നിലയിൽ ഞാൻ വിജയിച്ചു എന്നാണോ അതിനർത്ഥം ?
“മക്കൾ മടിയിൽ ജനിക്കും മുന്നേ മനസ്സിൽ ജനിക്കുന്ന ചിലരുണ്ട് ” ഈ ഭൂമിയിൽ .ഒൻപതു മാസം ചുമന്നു പെറ്റതിന്റെ കഥ പെറ്റവളും പോറ്റിയവളും മാറി മാറി പറയുമ്പോൾ അയാൾ കൊണ്ട വെയിലിന്റെ കഥ പലപ്പോഴും മിക്കവരും അറിയുന്നുണ്ടാവില്ല . അന്ന് നമ്മൾ മിക്കവരും അമ്മയെ ബ്രോക്കർ ആക്കിയാണ് അപ്പനിൽ നിന്നും നമ്മുടെ കാര്യങ്ങൾ നേടിയിരുന്നത് . എന്തിനു പഴയ കഥ പറയണം …”ആരുടെ പൊന്നാ ?- എന്ന് എന്റെ മൂന്നര വയസ്സുകാരനോട് ചോദിക്കുമ്പോൾ അവൻ പറയും “അമ്മേടെ മാത്തം ” എന്ന് .അതെ എന്റെ സ്വാർത്ഥതക്ക് വേണ്ടി ഞാൻ പഠിപ്പിച്ചതാണ് .എന്റെ വീട്ടിലെ എന്നല്ല ഒരു പരിധിവരെ എല്ലാ വീട്ടിലെയും അപ്പന്മാർ ക്രൂരരും ,അമ്മമാർ വാത്സല്യനിധിയുമാണ് .
അത് തെറ്റല്ലേ …അതെ …ഒരിക്കലെങ്കിലും “അപ്പയുടെയും ,അമ്മയുടെയും പൊന്നാണ് “- എന്ന് പറയുന്നത് കേൾക്കാൻ അയാൾ കൊതിച്ചിട്ടുണ്ടാവില്ലേ ? …സംശയിക്കണ്ട ..ഉണ്ടാവും.
ജീവിതത്തിൽ എപ്പോഴെങ്കിലും തഴമ്പ് പിടിച്ച ആ കയ്യിൽ ഒന്ന് തലോടി നോക്കൂ …നരകൾ പാകിയ ആ നെഞ്ചത്ത് ഒന്ന് തല വെച്ച് നോക്കൂ …സ്നേഹത്തിന്റെ കടൽ ആർത്തിരമ്പുന്നത് കേൾക്കാം …
ഒരിക്കലെങ്കിലും ഇങ്ങനെ ഒന്ന് ചെയ്യണം …അസ്തമിക്കാറായ സൂര്യന് ആകാശത്തു അധികം ദൈർഘ്യമുണ്ടാവില്ല …പെട്ടന്നു തന്നെ കടലിൽ താഴും …നാളെ ഇരുട്ട് മൂടിക്കഴിയുമ്പോൾ ഒരിറ്റു വെളിച്ചത്തിനു വേണ്ടി തിരയാൻ പാടില്ല .
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ