ജീന ഷൈജു
തുറിച്ചു നോക്കണ്ട ….നിങൾ ഇപ്പഴും മധുരപ്പതിനേഴിൽ ആണോ?
ഇത് 40 ന്റെ പടിവാതിലിൽ എത്തി നിൽക്കുന്നവരോട് ഉള്ള ചോദ്യമാണ് …
നിങ്ങളിൽ ചിലർക്കെങ്കിലും ഈ ചോദ്യം നേരിടേണ്ടി വന്നിട്ടുണ്ടോ ?
മെലിഞ്ഞു …
മൂന്നു പിള്ളേരുടെ ‘അമ്മ ആണെന്ന് പറയില്ല …
സുന്ദരിയായി വരുന്നു ….
എന്നൊക്കെ …
അത് നിങ്ങൾ നിങ്ങളെ തന്നെ പ്രണയിക്കാൻ തുടങ്ങുന്നതിന്റെ അടയാളമാണ് . അതിന്റെ പിന്നിലെ ഫണ്ട പറയാം …
നല്ല പാതിയെ കിട്ടാൻ നോയമ്പും വ്രതവും നോറ്റ് 20 കളിൽ അവളുടെ സ്വപ്നങ്ങളുടെ കൈത്തണ്ടയിൽ ചിറകു ഘടിപ്പിച്ചു അവൾ ഒരുവന്റെ കൈ പിടിച്ചു ജീവിതത്തിലേക്ക് പറന്നിറങ്ങുബോൾ ചിലപ്പോൾ പ്രതീക്ഷിച്ചതും ..മറ്റു ചിലപ്പോൾ പ്രതീക്ഷിക്കാത്തതും ഒക്കെ ആവും അവളെ വരവേൽക്കുന്നത് .ചിലതൊക്കെ സന്തോഷത്തോടും ,ചിലതൊക്കെ വിധി എന്നോർത്ത് പലപ്പോഴും അവൾ അതിനെ രണ്ടു കൈയും നീട്ടി സ്വീകരിക്കും .ശാരീരീരിക അസ്വാസ്ഥ്യങ്ങൾ വകവെക്കാതെ അവൾ ഗർഭം ധരിക്കും …പ്രസവിക്കും ..
അഴിഞ്ഞു വീണ മുടിയൊന്നു കോതി പോലും വെക്കാതെ കുഞ്ഞിനെ എളിയിൽ എടുത്തുകൊണ്ടാവാം വെള്ളം കോരാൻ കയർ കിണറ്റിലേക്കിറക്കുന്നതു ….കുഞ്ഞിനെ ശുചിമുറിയിൽ കൂടെ ഇരുത്തിയിട്ടാവാം പ്രാഥമിക കർമങ്ങൾ പോലും ചെയ്യുന്നത് …അങ്ങനെ രതിയുടെ ഏതോയാമത്തിൽ തന്റെ പ്രീയപെട്ടവൻ പറഞ്ഞിട്ടാവണം ചുളിവു വീണ വയറിനെക്കുറിച്ചും ,തൂങ്ങിയ മാറിടങ്ങളെയും ,എന്തിനു വെളുത്തു തുടങ്ങിയ മുടിയിഴകളെ കുറിച്ച് പോലും അവൾ ചിന്തിച്ചു തുടങ്ങുക ….
പിന്നീട് എപ്പോഴോ കാലത്തികവിൽ ,മക്കളൊക്കെ പറക്കമുറ്റുമ്പോൾ …അവൾ ഭക്ഷണം ആസ്വദിച്ചു കഴിച്ചു തുടങ്ങുന്നു …അമ്മയുടെ സ്വാദുകൾ സ്വന്തം കൈയിൽ വിരിയുമെന്നു മനസ്സിലാക്കി തുടങ്ങുന്നു …അന്ന് ജട കളയാത്ത, നരച്ച മുടിയിഴകൾ ഇന്ന് കോതിയൊതുക്കി നിറം ചാർത്തുന്നു …അന്ന് പ്രായം കൂടുതൽ തോന്നിപ്പിച്ചിരുന്ന ശരീരഭാഗങ്ങളെ ഇന്ന് കുറക്കാൻ നോക്കുന്നു ..പാലും കുറുക്കും വീണ വസ്ത്രങ്ങൾ മാറ്റി ഇന്ന് പുതിയവ ധരിക്കുന്നു …ചെളി പിടിച്ചിരുന്ന കൈകാൽ നഖങ്ങളിൽ ഇന്ന് ചായം പൂശുന്നു …അതൊരിക്കലും ഇന്നത്തെ ചില സദാചാര വ്യക്തികൾ ചിന്തിക്കുന്നപോലെ ,അവൾ പിഴ ആയിട്ടോ,കാമം മൂത്തിട്ടോ അല്ല ….പിന്നെയോ ….പകുതിയിൽ എത്തി …പെയ്തൊഴിയാൻ ബാക്കി നിൽക്കുന്ന ജീവിതത്തെ ആസ്വദിക്കാനുള്ള തയ്യാറെടുപ്പാണ് …പക്ഷെ ഇടുങ്ങിയ ചിന്താഗതിക്കാരായ സമൂഹത്തിലെ നിങ്ങളിൽ ചിലരെയെങ്കിലും പോലെ പിന്നിട്ട ജീവിതത്തെ നോക്കി ആസ്വദിക്കാൻ സാധിച്ചില്ലല്ലോ എന്നോർത്ത് ഈ സ്ത്രീകൾ ദുഖിക്കുന്നില്ല .
അതുകൊണ്ട് ..ആരും
അവളുടെ മുടിയുടെ നിറം നോക്കിയോ …
വസ്ത്രത്തിന്റെ ഇറക്കം നോക്കിയോ …
ഒതുങ്ങിയ ശരീരത്തെ നോക്കിയോ …എന്തിനു
കാതിലെ കമ്മലിന്റെ എണ്ണം നോക്കിപോലും അവളെ വിലയിരുത്താതിരിക്കട്ടെ ….
അത് അവളുടെ വ്യക്തിത്വമാണ് …..
കാഴ്ചകൾ അല്ല ..കാഴ്ചപ്പാടുകൾ മാറട്ടെ …
ആണിനോടും ,പെണ്ണിനോടും ….
ജീവിതം ഒന്നേയുള്ളു …
മതിയാവോളം ആസ്വദിക്കുക …
ആരോഗ്യം ശ്രദ്ധിച്ചു ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കുക .
സഭ്യമായരീതിയിൽ വസ്ത്രം ധരിക്കുക ..
ഇഷ്ടമുള്ളവരോടൊപ്പം …ഒരുപാട് യാത്രകൾചെയ്യുക
തോന്നുമ്പോൾ ആടുകയും പാടുകയും ചെയ്യുക
നിങ്ങളെ തന്നെ സ്നേഹിക്കുക ….
അപ്പോഴേ ….
മറ്റുള്ളവരുടെ മനസ്സിലും സ്നേഹത്തിന്റെ അടയാളങ്ങൾ ബാക്കി വെക്കാൻ കഴിയൂ …
സ്നേഹത്തോടെ …
A Forthcoming second Teen
◦
◦
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ