ജീന ഷൈജു
തലക്കെട്ട് കണ്ടപ്പോൾ നിങ്ങള്ക്ക് തോന്നിക്കാണും മൂന്നു പിള്ളേരുള്ള ഇവർക്കിതു എന്തിന്റെ കേടാണെന്നു ?അതെ ഞാൻ പ്രണയിക്കുന്നുണ്ട് …യാത്രകളെ ..അക്ഷരങ്ങളെ.. പാട്ടുകളെയൊക്കെ…
കഴിഞ്ഞ കുറെ നാളുകളായി സാക്ഷര കേരളം കണി കണ്ടുണരുന്നത് ദഹിക്കാൻ പ്രയാസമുള്ള വാർത്തകൾ ആണ് .പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ തീ വെച്ച് കൊന്നു ..വെടി വെച്ച് കൊന്നു എന്നൊക്കെ…
നിങ്ങൾ പറയൂ ആരാണ് ഇവിടെ തെറ്റുകാർ ?അവനെ ഹൃദയത്തോട് ചേർത്ത് നിർത്തിയവളോ ..അതോ അവളോട് പ്രണയം തോന്നിയ ആ ചെറുപ്പക്കാരനോ ?ആര് തന്നെ ആയിരുന്നാലും നഷ്ട്ടങ്ങൾ എപ്പോഴും മരണപ്പെടുന്നവരുടെ പ്രീയപ്പെട്ടവർക്കു മാത്രമാണ് .
പലപ്പോഴും തെറ്റായ രീതിയിലുള്ള തിരഞ്ഞെടുപ്പാണ് ഒരു പരിധി വരെ പ്രണയത്തെ ദാരുണാന്ത്യങ്ങളിൽ കൊണ്ടെത്തിക്കുന്നത് .സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്‌തി ആണിനും പെണ്ണിനും ഉണ്ടായിക്കഴിഞ്ഞാൽ തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവരെ തിരഞ്ഞെടുക്കാനുള്ള വിവേകം ഉണ്ടാവണം .അതിനു വേണ്ടി സ്കൂൾ തലങ്ങളിൽ തന്നെ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് കുട്ടികളിൽ വളർത്തിക്കൊണ്ടു വരാൻ മാതാപിതാക്കളും ,അധ്യാപകരും ഉത്തരവാദിത്തമുള്ളവരാണ് .സ്വാർഥതയെ വാനോളം വളർത്തി തനിക്കു കിട്ടാത്തത് വേറെ ഒരാൾക്കും കിട്ടാൻ പാടില്ല എന്നല്ലാതെ എവിടെ ,ആരുടെ കൂടെ ആയിരുന്നാലും അവൾ സന്തോഷത്തോടെ ഇരിക്കണം എന്ന് ചിന്തിക്കുമ്പോഴാണ് ,വ്യക്തിയെ നേടുമ്പോഴല്ല ,മനസ്സിനെ വരിക്കുമ്പോഴാണ് ഓരോ പ്രണയവും വിജയിക്കുന്നത്.
എന്താണ് പ്രണയം ..തന്നോളം മറ്റൊന്നിനെ സ്നേഹിക്കുന്നത് ..പകരം വെക്കാനില്ലാത്തതു …ഹൃദയത്തോട് ചേർത്ത് വെക്കാനാകുന്നത്…അതൊരിക്കലും ഒരു വ്യക്തിയോട് മാത്രമല്ല ..ചിലപ്പോൾ യാത്രകളോടാവാം ,ഭക്ഷണത്തോടോ ..കലയോടോ ചില പ്രത്യേക വാഹങ്ങളോടോ ,കായികമായതോ,സൗഹൃദമോ അങ്ങനെ എന്തും ആവാം..ഒരു വ്യക്തിയെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്തോ …അത് ഒരു പരിധി വരെ അയാളുടെ പ്രണയമാണ് .
സമൂഹ മാധ്യമങ്ങളുടെ അതിപ്രസരം എന്ന് ഞാൻ പറഞ്ഞാൽ ,ആരോഗ്യപ്രദമായി ഉപയോഗിച്ചാൽ അതിൽ എന്താണ് തെറ്റ് എന്ന് നിങ്ങൾക്ക് ചോദിക്കാം .അതെ നല്ലതും , ദൂഷ്യവുമായ വശങ്ങൾ ഇല്ലാത്തതായി എന്താണ് ഉള്ളത്.എന്ത് ആവശ്യത്തിനായി അതിനെ ഏതു രീതിയിൽ കൈക്കൊള്ളുന്നു എന്നതിനെ അനുസരിച്ചിരിക്കും അതിന്റെ പരിണിത ഫലങ്ങളും .
അപ്പൊ കവി ഉദ്ദേശിച്ചത് ഇത്രേയുള്ളൂ .വിവേകത്തോടെയുള്ള തീരുമാനങ്ങൾ എടുത്തു ജീവിക്കുകയും ,ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക ..ആവോളം പ്രണയിക്കുക ..ഇഷ്ട്ടങ്ങളൊക്ക മാറ്റി വെക്കാതെ പൂർത്തിയാക്കുക….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ