ജീന ഷൈജു
ജീവിതത്തിലേ എറ്റവും നല്ല കാലം ഏതാണ് നിങ്ങൾ പറയൂ…ബാല്യകാലം ആണെന്ന് ചിലരെങ്കിലും പറയും.ജനിച്ചങ്ങോട് വീഴുമ്പോൾ മുതൽ ഇങ്ങേ അറ്റം ആശുപത്രിയിലെ പച്ച തുണിയിൽ പൊതിഞ്ഞതു ആണേൽ പോലും ആരെങ്കിലും നമ്മളെ നിലത്തു വെക്കുമോ ?സ്വർണം പോലും അരച്ചു വായിൽ തേച്ചു തരുമായിരുന്നു ,അല്ലെ .ഉമ്മകൾ കൊണ്ട് പൊതിയും ,കവിളോട് ചേർത്ത് വെക്കും ,കടിച്ചെടുക്കും ,ചേർത്ത് പിടിച്ചു പടം എടുത്തു സ്റ്റാറ്റസ് ഇടും.അങ്ങനെ ഇഷ്ടമുള്ളതെന്തും ആളുകൾ നമ്മളോട് ചെയ്യും…അപ്പൊ പിള്ള പ്രായം ആണോ നല്ലത് ?
കല പിലാന്ന് സംസാരിക്കുന്ന കുട്ടിത്തം മാറാത്ത കുട്ടികളെ ആർക്കാണ് ഇഷ്ടമില്ലാത്തത് ?ഈ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്ന പിള്ളേരൊക്കെ ആരുടെയാണ് ഹരമാവാത്തതു ?
വീട്ടിൽ ആരുവന്നാലും ഈ പ്രായത്തിൽ ഉള്ള കുട്ടികൾ ഉണ്ടേൽ കയ്യും വീശി വരുമോ ?ഇത് കേട്ടപ്പോൾ ശൈശവം ആണോ നല്ലത് എന്ന് തോന്നിയില്ലേ ?
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെൽ അത് ബാല്യമാണെന്നു ആരോ പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ ?ഒന്നിനെക്കുറിച്ചും ആകുലരാകാതെ വായിക്കു രുചിയുള്ളതു കഴിക്കുക,കിടന്നുറങ്ങുക ,മതി വരുവോളം കളിക്കുക ..അങ്ങനെയൊക്കെയുള്ള ആ മാന്ത്രിക തീരത്തു ജനിക്കാൻ ആരാണ് കൊതിക്കാത്തത് ?
സ്വപ്‌നങ്ങൾ കാണാനും ,പ്രണയിക്കാനും ഒക്കെ പഠിപ്പിച്ച കൗമാരത്തിനോളം സുന്ദരമായ കാലം ഏതാണ് ഹേ ഉള്ളത് ?അവന്റെ പ്രണയം കുരുക്കളായി വദന തീരത്തു പ്രത്യക്ഷപെടുന്ന കാലം.സൂര്യൻ ഉദിക്കുന്നതും,അസ്തമിക്കുന്നതും,എന്തിന് ,ലോകം നിലനിൽക്കുന്നത് പോലും ഞങ്ങൾക്കുവേണ്ടി എന്ന് തോന്നുന്ന കാലത്തിനോളം മികച്ചത് ഏതാണ് ഉള്ളത് ?
സ്വന്തമായി അധ്വാനിച്ചു ശമ്പളം മേടിച്ചു ഇൻഡിപെൻഡന്റ് ആയി നിൽക്കുക എന്നത് പലരുടെയും മികച്ച സ്വപ്നങ്ങളിൽ ഒന്നാണ്.ആദ്യ ശമ്പളം മേടിച്ചു തുപ്പൽ തൊട്ടു എണ്ണുമ്പോൾ ഉള്ള ഒരു സുഗമുണ്ടല്ലോ സാറെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല…ഈ കാലം 3 ഇൻ 1 ആണെന്നെ ..മോഹിച്ചവളെ സ്വന്തമാക്കി ഒരുമിച്ചിരുന്ന് ഒരു ആയുഷ്‌ക്കാലത്തിന്റെ പദ്ധതികൾ മെനയുന്നതും ഈ കാലത്താണ് ..തലമുറകളെ കാണുന്നതും ഈ കാലത്തിലാണ് എന്നുള്ളതും ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നാണ്.
രണ്ടാം കൗമാരം എന്നൊന്ന് കേട്ടിട്ടുണ്ടോ ?അതാണ് നാല്പതുകൾ.ഉത്തരവാദിത്തങ്ങൾ ഗസ്റ്റ് റോൾ അവസാനിപ്പിച്ചു കുറച്ചു കാലത്തേക്ക് ഇടവേള എടുക്കുമ്പോൾ പെണ്ണിന്റെ മനസ്സ് പ്രത്യേകിച്ചും ,ചിറകു വെച്ച് പറക്കുന്നകാലം .കാരണവന്മാർ ഇതിനെ മധ്യവയസ്കത എന്നൊക്കെ പേര് ചൊല്ലി വിളിക്കും പക്ഷെ കൗമാരത്തിൽ വിലക്ക് കല്പിച്ചിരുന്ന പലതും ചെയ്യാൻ ഈ കാലം മനുഷ്യനെ പ്രേരിപ്പിക്കും.അപ്പോപ്പിന്നെ ഇതല്ലെടോ നല്ല കാലം?
അല്ലാ ..ഉദയത്തെക്കാൾ ഭംഗി അസ്തമയത്തിനു ആണെന്ന് പറയുന്ന പോലെ ജീവിതത്തിന്റെ മധുര ഓർമകളെ അയവിറക്കുന്ന വാര്ധക്യമാണ് എറ്റവും സൗന്ദര്യമുള്ള കാലം…ഇത് ഞാൻ പറഞ്ഞതല്ലാട്ടോ ..അനുഭവ സമ്പത്തുള്ള വൃദ്ധർ പറഞ്ഞതാണ് …പക്ഷെ എല്ലാവരുടെയും അനുഭവങ്ങൾ ഇതല്ലാട്ടോ…
ചർച്ച അവസാനിച്ചെങ്കിൽ ..വന്നോളൂ ഇനി കാര്യത്തിലേക്കു കടക്കാം ….ഇതൊക്കെ വായിച്ച നിങ്ങ പറയൂ ഏതാണ് നല്ലകാലം എന്ന് …
എന്റെ ഒരിത് ..നല്ലത് എന്ന് പ്രത്യേകിച്ച് ഒരുകാലം ഇല്ല..ഏതു നിമിഷത്തിൽ ,ഏതു പ്രായത്തിൽ എവിടെ ,എന്തായിരിക്കുന്നുവോ ആ നിമിഷത്തിൽ സന്തോഷം കണ്ടെത്തുന്നതാണ് നല്ലകാലം …
അപ്പൊ അല്പനേരത്തേക്കു വിരുന്നു വന്ന ഈ ലോകത്തു ഉള്ളത് കൊണ്ടോണം പോലെ മനസാക്ഷിക്ക് നിരക്കുന്ന ഇഷ്ട്ടമുള്ള കാര്യങ്ങളൊക്കെ ചെയ്തു അങ്ങട് ജീവിക്കെന്നേ …
ഇവിടെയാണ് സ്വർഗം ..ഇതാണ് ജീവിതം….
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ