ജീന ഷൈജു
ലോട്ടറി -നിനച്ചിരിക്കാതെ കടന്നു വരുന്ന ചില സൗഭാഗ്യം.. അത് പണം തന്നെ ആവണം എന്നില്ല.. പ്രതീക്ഷിച്ചിരിക്കാതെ കടന്നു വരുന്ന ചില നേട്ടങ്ങൾ ഒക്കെ ലോട്ടറി ആണ്.
വർഷങ്ങൾക്കുമുന്നേ st. Joseph (ബാംഗ്ലൂർ അല്ല )ൽ ടീച്ചറായി സേവനമനുഷ്ടിക്കുന്ന കാലം..
പഠിത്തമൊക്കെ കഴിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയായി നാട്ടിലേക്ക് ചേക്കേറിയിട്ടു കാലം അധികം കഴിഞ്ഞിട്ടില്ല.. സൗന്ദര്യത്തിന്റെ അടിസ്ഥാനം 0 സൈസ് ആണെന്നുള്ള വെയ്പ്പ് വരുന്നതിനു തൊട്ടു മുന്നേ ഉള്ള സമയം,മോൾ സാരി ഒക്കെ ഉടുത്തു പട്ടണത്തിൽ കൂടെ പോകുന്നതല്ലേ, ആദ്യമൊക്കെ അപ്പൻ ബൈക്കിൽ കൊണ്ട് വിടുമായിരുന്നു. പിന്നെ പിന്നെ വഴിയോരക്കാഴ്ചകൾ, കുറച്ചു വായി നോട്ടം ഇതൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നത് കൊണ്ട് ഒതുക്കത്തിൽ ഞാൻ ബസ് യാത്രയിലേക്ക് ചേക്കേറി.
ബസ്സിറങ്ങി കോളേജിലേക്കു 15മിനിറ്റ് നടക്കണം.. അതിനിടയിൽ നോക്കി നിന്ന് വെള്ളമിറക്കുന്നവർ, ഡയലോഗ് തട്ടി കടന്നു പോകുന്നവർ,എന്തിന് കാമം മൂത്ത കഴുകൻമാരെ വരെ എന്നും കാണാമായിരുന്നു. അങ്ങനെയിരിക്കെയാണ് ജംഗ്ഷനിലെ രുചി ബേക്കറി (സാങ്കൽപ്പികം) കണ്ണിൽപ്പെട്ടത്. ദിവസങ്ങൾ പോകെ ഞാൻ അവിടുത്തെ ഷാർജ ഷേക്കിന്റെയും, എഗ്ഗ് പഫ്സിന്റെ യും ഒക്കെ ആരാധികയായി മാറുകയായിരുന്നു. ബിൽ അടിക്കുന്ന ചേട്ടനെ എങ്ങനെലും ലൈൻ അടിച്ചു കെട്ടിയാൽ ജീവിതകാലം മുഴുവൻ ഷേക്കും, പഫ്സും കഴിക്കാലോ എന്ന് വരെ ചിന്തിച്ചിരുന്നു (ബാലിശമായ ചിന്തകൾ ആണ്.. നിങ്ങൾ എന്നോട് പൊറുക്കട്ടെ).
യാത്രകൾ എന്നും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്നു.. അതെ 20മിനിറ്റിലെ ആ യാത്രകൾ മറക്കാൻ കഴിഞ്ഞിട്ടില്ല. സ്റ്റെപ് കയറിയാൽ കാണുന്ന ആദ്യത്തെ സീറ്റ് ആയിരുന്നു എന്റേത്, കാരണം ഇറങ്ങുമ്പോൾ സാരിയുമായുള്ള മൽപ്പിടിത്തം കുറക്കാലോ.അങ്ങനെയുള്ള എനിക്ക് കുറെ സ്ഥിരം യാത്രാ സുഹൃത്തുക്കളും ഉണ്ടായിരുന്നു.. അടക്കായുടെ വില സസൂഷ്മം നീരിക്ഷിച്ചു ബുധനാഴ്ച ചന്തകളിലെ സ്ഥിരം കാഴ്ചക്കാരൻ,ശാന്തമ്മ ടീച്ചർ, കോളേജ് കുമാരി അനീറ്റ പോൾ.. പിന്നെ ഗൗരവഭാവമുള്ള ആറടി പൊക്കമുള്ള ഒരു കറുത്ത ചെറുപ്പക്കാരൻ..ആളുടെ ചരുണ്ടമുടി നെറ്റിയിൽ വിയർപ്പുകണങ്ങൾ സൃഷ്ടിച്ചിരുന്നു.പ്രായത്തിലും കൂടുതൽ പക്വത തോന്നിപ്പിക്കുമാറ് ഒരു തുണിസഞ്ചിയും കണ്ണടയും അയാൾക്ക് സ്വന്തമായിരുന്നു.
ഒരുവെള്ളിയാഴ്ച, നാലുമണിക്കാറേറ്റ് ബസിന്റെ സൈഡിൽ ഇരുന്ന പെൺകുട്ടികളുടെ മുടിക്കൂട്ടങ്ങൾ പറക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസത്തെ അവധിയിൽ മനം നൊന്ത് കാമുകി കാമുകന്മാർ കണ്ണുകളിലൂടെ കഥപറയുന്നു. ആണും പെണ്ണും അടുത്തിരുന്നാൽ ലോകം ഇടിഞ്ഞു വീഴുന്ന ആ നൂറ്റാണ്ടിൽ എനിക്ക് അന്ന് സീറ്റ് കിട്ടിയത് ആ ചെറുപ്പക്കാരന്റെ അടുത്തായിരുന്നു. ഇഞ്ചി മിട്ടായിയും, ചെവിതൊണ്ടികളും യാത്രക്കാരോട് സല്ലപിച്ചു. അയാൾ പുറത്ത് ആരോടോ സംസാരിക്കുന്ന കേട്ടാണ് എന്റെ കണ്ണുകൾ പുറത്തേക്കു പോയത്.. വേറാരുമല്ല ഒരു ലോട്ടറിക്കാരൻ. ആയിരത്തിന്റെ ഒരു നോട്ട് കൊടുത്തു അയാൾ പത്തു രൂപയുടെ നൂറ് ടിക്കറ്റുകൾ മേടിച്ചു.
“ഇത്ര ആർത്തി പാടുണ്ടോ ചേട്ടാ.. അദ്ധ്വാനിക്കാതെ കിട്ടുന്ന ഈ പണം നിങ്ങള്ക്ക് വാഴുമെന്ന് തോന്നുന്നുണ്ടോ. ഒന്നിൽ അടിച്ചില്ലേൽ തൊണ്ണൂറ്റി ഒൻപതു എണ്ണത്തിൽ ഏതേലും അടിക്കും.. അതല്ലേ നിങ്ങൾ ഇത്രയും മേടിച്ചു കൂട്ടിയത്-shame on you”
“കുട്ടിക്ക് തെറ്റി.ഈ ലോട്ടറി ഇപ്പൊൾ അടിച്ചത് എനിക്കല്ല,അയാൾക്കാണ്.. ഞാൻ കൊടുത്ത ആയിരത്തിന്റെ നോട്ട് അയാൾക്ക് ലോട്ടറി ആണ്, കാരണം വയറെരിയുന്ന മക്കൾക്കും, കിടക്കയിൽ ആയിരിക്കുന്ന ഭാര്യക്കും ഇതിൽ കൂടുതൽ എന്ത് സന്തോഷം വേണം-ജീവിതത്തിൽ നന്മ ചെയ്യാതെ ഒരു ദിവസവും കടന്നു പോകാൻ പാടില്ല”
അയാൾക്ക് കൊടുക്കാൻ എന്റെ കയ്യിൽ മറുപടി ഒന്നുമില്ലായിരുന്നു.പക്ഷെ ആ യാത്രക്ക് ശേഷം പിന്നീട് ഒരിക്കലും ഞാൻ അയാളെ കണ്ടിട്ടില്ല.. ഒന്നുകിൽ ആ നൂറിൽ ഒരു ലോട്ടറി അയാൾക്ക് അടിച്ചിട്ടുണ്ടാവും, അല്ലെങ്കിൽ അയാളുടെ യാത്രയുടെ ദിശ മാറിയിട്ടുണ്ടാവും..
കുട്ടികൾക്ക് വിദ്യ പറഞ്ഞു കൊടുക്കുന്നതല്ല.. ജീവിത യാഥാർഥ്യത്തെ കുറിച്ചുള്ള തിരിച്ചറിവാണ് ഒരു വ്യക്തിയെ അദ്ധ്യാപിക ആക്കുന്നത്.
വഴിയരികിലെ കച്ചവടക്കാരനോട് വില പേശുമ്പോൾ ഓർക്കുക.. എരിയുന്ന വയറും വിശ്രമമില്ലാത്ത കിടക്കകളും അവരുടെയും സമ്പത്ത് ആവാം..
പുതുവർഷത്തിലെ ചിന്തകളെ വിശാലമാക്കൂ.. കാരണം നിങ്ങളുടെ മുന്നിലുള്ളതും നിങ്ങളെ പോലെയുള്ളവൻ തന്നെയാണ്..
പുതു വത്സരാശംസകൾ നേർന്നു കൊണ്ട്..
More Stories
Sin theta, Cos theta
മറ്റുള്ളവർ എന്ത് വിചാരിക്കും ???
Be Happy