അമ്മ കൺകണ്ട ദൈവം..
ജീന ഷൈജു
ഒൻപതു മാസം ചുമന്നതിന്റെയും.. നൊന്തു പെറ്റതിന്റെയുമൊക്കെ കഥ ചെറുപ്പം മുതലേ കേട്ടുവരുന്ന ഒരു ശരാശരി മലയാളി എന്ന നിലക്ക് കൗമാരത്തിലൊക്കെ അമ്മയോട് അകമഴിഞ്ഞ ബഹുമാനം ആയിരുന്നു. പതിയെ പതിയെ കൗമാര മരത്തിൽ യൗവനം കൂടുകൂട്ടിയപ്പോൾ.. സ്വകാര്യതകളിലേക്ക് ചൂഴ്ന്നു നോക്കിക്കൊണ്ടിരുന്ന അമ്മ ശത്രു ആകാനും തുടങ്ങി.ഈ അമ്മ മാത്രം എന്താ ഇങ്ങനെ..എന്ത് ചെയ്താലും.. പറഞ്ഞാലും അതിനൊക്കെ വേലികെട്ടുന്ന അമ്മ എന്റെ മാത്രമല്ല മിക്ക കൗമാര കാല്പനികതകളുടെയും വെല്ലുവിളി ആയിരുന്നു.
പക്ഷെ പലരുടെയും അഭിപ്രായം പോലെ വിവാഹ ജീവിതത്തിലേക്ക് കയറിയതോടെ ജീവിതത്തോട്.. അമ്മയോട് ഒക്കെ ഉള്ള എന്റെ കാഴ്ചപ്പാടുകളും മാറിയിരുന്നു.അത് കൊണ്ട് തന്നെ വർഷങ്ങൾക്ക് മുന്നേ ഒരു ജൂലൈ മാസം ആർത്തവക്കിളി ചേക്കേറാഞ്ഞതോടെ എന്നിലെ അമ്മ എന്ന വസന്തവും പൂവിട്ടു തുടങ്ങി.ശർദ്ദിലുകളെ കൂട്ട് പിടിച്ച ദിനരാത്രങ്ങൾക്കപ്പുറം ഒരു പുതു ജീവന്റെ പ്രതീക്ഷ എന്നിൽ മൊട്ടിട്ടിരുന്നു.
“താങ്ങാൻ ആളുള്ളപ്പോൾ തളർച്ച ഏറും ” -എന്നുള്ളതു കൊണ്ട് തന്നെ എല്ലാ നിറങ്ങളും മങ്ങിയ കുറെ മാസങ്ങൾ..ഈ സമയത്തു ചേർത്ത് പിടിക്കുക എന്നത് ഓരോ ഭർത്താക്കന്മാരുടെയും ചുമതല തന്നെയാണ്. ലോകം കണ്ട ഏറ്റവും വലിയ വേദന പ്രസവ വേദന എന്ന കേട്ടുകേൾവി എന്നിലെ ഭയത്തെ കൂടുതൽ പുഷ്ടിപ്പെടുത്തിക്കൊണ്ടിരുന്നു. അവസാനം ഡോക്ടർ പറഞ്ഞ ഡേറ്റ് അടുത്തു. അങ്ങനെ ഇരിക്കെ ഒരു രാത്രിയിൽ കുട്ടിയുടെ ഉള്ളിലെ തള്ളലിൽ എന്റെ ശരീരം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.11ആം നമ്പർ വണ്ടി (കാലുകൾ )മാത്രം അന്ന് സ്വന്തമായിരുന്ന ഞങ്ങൾക്ക് അടുത്തുള്ള ബന്ധുവിനെക്കാൾ അടുത്തുള്ള സുഹൃത്താണ് വലുത് എന്ന് കാട്ടി തന്ന സുഹൃത്തിനെ ഇത്തരുണത്തിൽ സ്നേഹത്തോടെ ഓർത്തോട്ടെ. ഗട്ടറുകൾ ഒക്കെ ചാടി അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴേക്കും വസ്ത്രങ്ങൾ ശരീരത്തോട് നനഞ്ഞൊട്ടിയിരുന്നു.
അവിടെ ഭിത്തിയിൽ ചാരി നിന്ന് വേദന കടിച്ചമർത്തിയിരുന്ന എന്റെ കാലുകൾ നനയുന്ന കണ്ടപ്പോൾ എനിക്ക് ഉന്തു വണ്ടി തന്ന് എന്നെ സഹായിച്ച ചേച്ചിക്ക് നന്ദി. അകത്തു കയറി ആദ്യ പരിശോധന നടത്തിയതോടെ പ്രസവ മുറിയിലേക്ക് അവരെന്നെ പറിച്ചു നട്ടു. സമയം രാത്രി 12 കഴിഞ്ഞു. ക്ലോക്കിലെ സൂചികൾ ആരോടോ വാശി തീർക്കുമ്പോലെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. ഇടയ്ക്കിടെ നേഴ്സ്മാർ വന്നു നോക്കിയിരുന്നേലും അടുത്ത മുറിയിലെ തേങ്ങലുകളും പൊട്ടിക്കരച്ചിലുകളും എന്റെ ഭീതിയെ തുറന്നു വിട്ട് ഉറക്കത്തെ ചങ്ങലക്കിട്ടു.പക്ഷെ ആളാലും മാനസികമായും സഹായിച്ച എന്റെ സുഹൃത്തിനെ ഇത്തരുണത്തിൽ ഞാൻ ഓർത്തോട്ടെ.
സമയം കഴിയുംതോറും ആർത്തവ വേദന പോലെയുള്ള ചെറിയ കുത്തിവലിക്കലുകളെ എന്റെ തുടയെല്ലുകൾക്ക് സ്വീകരിക്കേണ്ടി വന്നു. കന്നിയായതു കൊണ്ട് അപ്പൊ ഓർത്തു ഇതായിരിക്കും പ്രസവ വേദന..ഇപ്പൊ കുഞ്ഞ് പുറത്തു വരുമായിരിക്കും എന്ന്.
“മേനെ ഭോലാ ധാ നഹി ചാഹിയെ, “-ബെഷരം ആത്മിക്കോ സമജ് മേ നഹി ആയാ “-അടുത്ത മുറിയിലെ അന്യ സംസ്ഥാനക്കാരി ചേച്ചിയുടെ മാസ്സ് ഡയലോഗ് എന്നിൽ ചിരി മുളപ്പിച്ചെങ്കിലും അതിനു അധികം ആയുസ്സ് ഇല്ലായിരുന്നു..
അതെ നേരം വെളുത്തിരിക്കുന്നു . സൂര്യ കിരണങ്ങൾ ജനൽ പാളികളിലൂടെ എത്തി നോക്കുന്നു. സമയം രാവിലെ 7.30..8 am.. റൌണ്ട്സിനു വന്നവർ ആളാം പ്രതി പരിശോധിച്ചു. അപ്പൊ വീണ്ടും ഞാൻ ഓർത്തു ഇപ്പൊ പ്രസവിക്കുമെന്ന്..” എവിടെ” എന്റെ വേദനയുടെ തീവ്രത മനസ്സിലാക്കിയ തലയണ…എന്നെ സമാധാനിപ്പിച്ചു. സമയം 11.30am..12pm-വേദനയുടെ ആക്കം കൂടി വന്നു. എന്നിൽ വിരഹിച്ചിരുന്ന നാണം പൊട്ടിക്കരച്ചിലുകളെ തേങ്ങലുകളാക്കി തേച്ചു അരച്ചു.
സമയം 2pm.. രംഗം വഷളായി.. കണ്ണിൽ ഇരുട്ട് കയറിയത്തോടെ വേദന തന്റെ ഏറുമാടം കെട്ടി താമസം സ്ഥിരമാക്കി . പുതുവെയിലിൽ, നനഞ്ഞ കോഴിക്കുഞ്ഞുങ്ങൾ ചരലിൽ ഉരുളുന്ന പോലെ ഞാൻ കട്ടിലിൽ കിടന്നു ഉരുളാൻ തുടങ്ങി. മുട്ടുകുത്തി, തലകുനിച്ചു മാതാവിനെ വിളിച്ചു പ്രാർത്ഥിച്ചു എല്ലാം ശരിയാക്കി തരണേന്ന്.2.30 കഴിഞ്ഞതോടെ പകലെതാണ്, രാത്രി ഏതാണെന്നു അറിയാതെ വേദന കൊണ്ട് എന്റെ ബോധം മാഞ്ഞിരുന്നു.ചുറ്റും നിന്നിരുന്ന മാലാഖമാർ, കാത്തിരുന്ന ഏതോ അതിഥിക്ക് വിരുന്നൊരുക്കും പോലെ പച്ച തുണികൾ വിരിക്കുകയോ, പാത്രങ്ങൾ കഴുകുകയോ ഒക്കെ ചെയ്തു കൊണ്ടിരുന്നു.
“മുക്കല്ലേ കൊച്ചേ…. ഈ തുണി ഞാനൊന്ന് വിരിച്ചോട്ടെ “അൽപ്പ സമയം കഴിഞ്ഞ് വീണ്ടും ആ മാലാഖ –
“ഇനി ഓരോ വേദന വരുമ്പോഴും മുക്കിക്കോണം “പിന്നത്തെ ഓരോ വേദനയിലും ഒൻപതു മാസം ചുമന്നത് ആരെ ആണെന്ന് കാണാനുള്ള ആഗ്രഹം ഏറി വന്നു. പേശികളൊക്ക വലിഞ്ഞു മുറുകി.. വിയർപ്പ്കണങ്ങൾ നെറ്റിയിൽ പൊടിഞ്ഞു.
ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, എന്നിലെ ജീവന്റെ തുടിപ്പ് പുറത്തേക്ക്.ചോരയിൽ കുളിച്ച.. ദേഹമാസകലം വഴുവഴുപ്പുള്ള, രോമാവൃതനായ ഒരു പുത്രൻ… അതെ എന്നെ അമ്മയാക്കിയവൻ ലോകത്തിലേക്ക്.
ഒരുപാട് അസ്ഥികൾ ഒരുമിച്ചു നുറുങ്ങുന്ന വേദനയിൽ ഓരോ അമ്മമാരും പിടയുമ്പോൾ, പ്രസവമുറിയുടെ മുന്നിൽ പുകച്ചുരുളുകളായി ഉയർന്നു പൊങ്ങുന്നത് അച്ഛന്റെ ചുണ്ടിലെ ജീവൻ വെച്ച സിഗരറ്റ് കുറ്റികളല്ല, മറിച്ചു രണ്ടു ജീവനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളാണ്.
അതെ മനസ്സുകൊണ്ടും ശരീരം കൊണ്ടും വേദനയേറ്റ് പിടഞ്ഞ ഇവരെ ജീവിത സായഹ്നത്തിൽ ചേർത്ത് പിടിക്കാം..കാരണം കാലം നമുക്കൊരോരുത്തർക്കും കാത്തു വെച്ചേക്കുന്നതു ഇതൊക്കെ തന്നെ ആണ്.
സ്നേഹത്തോടെ….
More Stories
Sin theta, Cos theta
മറ്റുള്ളവർ എന്ത് വിചാരിക്കും ???
Be Happy