ജീന ഷൈജു
കൂട്ടിമുട്ടാത്ത മണൽപ്പരപ്പുകൾക്കപ്പുറം, സ്വപ്നങ്ങളുടെ അനന്തമായ സാധ്യതകൾക്കുമകലെ , വൈവിധ്യമായ യാതനകളുടെ വാതിലുകൾ മലക്കെ തുറന്നിട്ടിരിക്കുന്ന മായാലോകം.മിന്നും മൊഞ്ചും കാട്ടി വെളുക്കെ ചിരിക്കുന്ന അത്തർ പൂശിയ മാസ്മരികതയുടെ ലോകം-പ്രവാസം
ദുഖങ്ങളുടെ ഭാണ്ടക്കെട്ടുകളെ സ്വപ്നഭൂമിയിൽ ഇറക്കി വെച്ചു എങ്ങോട്ടോ നടക്കുന്ന കുറെ മനുഷ്യക്കോമരങ്ങൾ -പ്രവാസി.
അമ്മ.. വീട്..നാട്.. എന്ന മറക്കാനാവാത്ത ചില എടുകളെ തലച്ചോറിന്റെ തെക്കേമൂലയിൽ ഗർവപൂർവം എഴുന്നു നിൽക്കുന്ന ഏതോ ഹാർഡ് ഡിസ്കിന്റെ ഒന്നാം നിരയിൽ അപ്‌ലോഡ് ചെയ്തു വണ്ടി കയറി പോരുന്ന നിസ്സഹായനായ മനുഷ്യൻ അതാണ് പ്രവാസിയെന്ന തലക്കെട്ടുള്ള സമൂഹം.
10 വർഷം മുൻപ് ട്രിവാൻഡ്രം വിമാനത്താവളത്തിൽ നിന്ന് വാഹനം കയറുമ്പോൾ ഓടി ഇങ്ങുവന്നു ഉള്ള കടവും തീർത്തു അത്യാവശ്യം സാമ്പാദിച്ചു അഞ്ചു വർഷം കൊണ്ട് തിരിച്ചു പോകാൻ വന്ന എന്റെ ഉള്ളിലെ പെൺകുട്ടിയെ ഇന്നും മറക്കാൻ കഴിയുന്നില്ല.
മനുഷ്യന്റെ ആഗ്രഹങ്ങൾ തീരുന്നില്ല എന്നപോലെ പ്രവാസിയുടെ ആവശ്യങ്ങളും. കടം തീർത്തു വീടുവെച്ചു തിരിച്ചു പോകാൻ വന്നവർ പിന്നീട് കല്യാണം കഴിയുന്നത് വരെ നിൽക്കാം എന്നാവും.. അതുകഴിഞ്ഞു കുട്ടികൾ ആവട്ടെ എന്ന്.. പിന്നെ പിന്നെ അവർ പഠിക്കട്ടെ എന്ന്… അവരുടെ കല്യാണത്തിന് വേണ്ടി സമ്പാദിക്കാതിരിക്കുന്നത് ശരിയല്ലല്ലോ.. പക്ഷെ അത് കഴിഞ്ഞ് അവരുടെ മക്കൾക്ക് എന്തേലും കൊടുക്കണ്ടേ.. ചുരുക്കം പറഞ്ഞാൽ നാല് ചുവരിനുള്ളിൽ അർത്ഥശൂന്യമായ ആവശ്യങ്ങൾ ഒരു പ്രവാസിയുടെ ആയുസ്സ് തിന്നു തീർക്കുന്നു.
ഒരു തവണ നാട്ടിൽ പോയി വന്നതിന്റെ കടം തീരുമ്പോഴേക്കും അടുത്ത തവണ പോകാറാകും. അത്തറിന്റെ മണമുള്ള, റോൾഡ്ഗോൾഡ് വാച്ച് കെട്ടിയ നീക്കിയിരുപ്പില്ലാത്ത പുത്തൻ പണക്കാരനാണ് മിക്ക പ്രവാസികളും . ജീവിതം അതിന്റെ സായഹ്ന തീരത്തോടടുക്കുമ്പോൾ മിച്ചമുള്ളത് പൊങ്ങച്ചത്തിന്റെ പ്രതീകങ്ങളായ കുറച്ചു പഞ്ചാരയുടെയും പ്രഷറിന്റെയും രോഗങ്ങളാണ്.
25000 രൂപ ശമ്പളം കിട്ടുന്ന ഒരു പ്രവാസി അടുത്ത ആളുടെ കയ്യിൽ നിന്ന് 25000കൂടെ കടം മേടിച്ചു ഏഴാം കടലിനപ്പുറത്തുള്ള അയാളുടെ പ്രീയപ്പെട്ടവർക്ക് അയക്കുമ്പോൾ 100000കിട്ടിയിട്ട് അവൻ 50000 മാത്രമേ അയച്ചുള്ളൂ അല്ലോ എന്ന് പറയുന്ന പ്രീയപ്പെട്ടവരാണ് ചില പ്രവാസികളുടെയും സമ്പാദ്യം.
ഉറുമ്പ് ഭക്ഷണം കൂട്ടിവെക്കുന്ന പോലെ സ്വരൂപിച്ചു വെക്കുന്ന ഞാനും നിങ്ങളും ഓർക്കുന്നില്ല അടുത്ത നിമിഷം നമുക്ക് സ്വന്തമല്ല എന്ന്. നാട്ടിൽ 3000നു മേലെ വിസ്തീർണ്ണമുള്ള വീടുണ്ടാക്കിയിട്ടു ഇപ്പൊ ജീവിക്കുന്നത് ഏറ്റവും ചെലവ് കുറഞ്ഞ ഒരു മുറി വീട്ടിൽ. ഏറ്റവും വില കൂടിയ വാഹനം നാട്ടിൽ പൂട്ടിയിട്ടിട്ട് വിദേശത്ത് വീടിനു പുറത്തിറങ്ങാത്തവർ. എന്തിന് ഭക്ഷണം കിട്ടാതെ വിശന്നു മുഖം ചുവപ്പിച്ച ലിയോപാല വരെ നാട്ടിലെ ചില്ലു അലമാരിയിൽ ഭദ്രമാണ് അപ്പഴും പ്രാചീനതയുടെ അലങ്കാരത്തെ ഓർമിപ്പിക്കും വണ്ണം ക്ലാവ് പിടിച്ച പാത്രങ്ങളാണ് നമുക്ക് സ്വന്തം.
ഓടാത്ത വാച്ച് കയ്യിൽ കെട്ടിയ പോലെ ആണ് വിദേശത്തെ പല വിവാഹ ബന്ധങ്ങളും. കൂടെയുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്.. പക്ഷെ നേരിട്ടൊന്നു കാണണമെങ്കിൽ രണ്ടും മൂന്നും ദിവസങ്ങൾ കഴിയണം. എന്തിന് പച്ചക്കു പറഞ്ഞാൽ ഒറ്റമുറിയിൽ ദാമ്പത്യ ജീവിതത്തിന്റെ സ്വകാര്യത പോലും നഷ്ട്ടമാകുന്നവരാണ് ഒട്ടുമിക്ക ഭാര്യാഭർത്താക്കന്മാരും.
അതെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു..
നമ്മുടെ മാതാപിതാക്കൾ നമുക്കുവേണ്ടി ചെയ്തത് പോലെ നമ്മളും നമ്മുടെ മക്കൾക്ക് വേണ്ടി ചെയ്യുന്നു.. ഇനി നമ്മുടെ മക്കളും അവരുടെ തലമുറകൾക്ക് വേണ്ടി ഏറെക്കുറെ ഇത് തന്നെ ചെയ്യും.. അതായത് ജീവിതം ആസ്വദിക്കാനറിയാത്ത തലമുറകൾ വാർത്തെടുക്കപ്പെടുന്നു.
എത്ര മാത്രം ജീവിച്ചു എന്നല്ല.. എങ്ങനെ ജീവിച്ചു എന്നതാണ് മാറ്റുരക്കുന്നത്.ഗഫൂർ സാറിന്റെ വാക്കുകൾ കടമെടുത്തോട്ടെ.. വരാനിരിക്കുന്ന ഒന്നിന്റെ പേരല്ല ജീവിതം. ഇപ്പോൾ നമ്മൾ കടന്നു പോകുന്നതാണ്.മക്കൾക്കും പ്രീയപ്പെട്ടവർക്കും വേണ്ടി മാത്രം ജീവിക്കുമ്പോൾ ഓർക്കുക. നമുക്കൊരോരുത്തർക്കും നഷ്ട്ടമായിപ്പോകുന്ന ചില നല്ല നിമിഷങ്ങൾ.. ജീവിത മുഹൂർത്തങ്ങൾ. നാളെ ജീവിതം വാർദ്ധക്യത്തിന്റെ തീരത്തു നിന്നു തിരിഞ്ഞു നോക്കുമ്പോൾ ഇന്നുള്ള പോലത്തെ മണലാരണ്യങ്ങളല്ല.. അങ്ങിങ് എങ്കിലും ആത്മസംതൃപ്തിയുടെ പുൽനാമ്പുകൾ ബാക്കിയുണ്ടാവണം.
അതുകൊണ്ട്,
പ്രസാദം നഷ്ട്ടപ്പെട്ടു,
വാർദ്ധക്യം ബാധിച്ചു,
സിക്ക് (രോഗി )ആയ പ്രവാസി ആകാതെ
ചില്ലുകൂട്ടിൽ മുഖം ചുവപ്പിച്ചിരിക്കുന്ന പാത്രങ്ങൾ വല്ലപ്പോഴും എങ്കിലും നല്ല ഭക്ഷണങ്ങളുടെ രുചി അറിയട്ടെ. മനസ്സിനിഷ്ടമുള്ള ധർമ്മാതിഷ്ഠിതമായവ ചെയ്യുക.പറ്റാവുന്നിടത്തൊക്കെ യാത്ര ചെയ്യുക. സാധ്യമായേക്കാവുന്ന ആഗ്രഹങ്ങളൊക്ക ആണേൽ ബാക്കി വെക്കാതെ പൂർത്തീകരിച്ചേക്കുക.പുഞ്ചിരി കൊണ്ടെങ്കിലും ഒരുദിവസം ഒരാൾക്ക് നന്മ ചെയ്യുക.നല്ലൊരു നാളെക്കായി കൈ കോർക്കാം.
More Stories
Sin theta, Cos theta
മറ്റുള്ളവർ എന്ത് വിചാരിക്കും ???
Be Happy