January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇംഗ്ലീഷ് ടീച്ചർ

ജീന ഷൈജു

നന്നായി ഇംഗ്ലീഷ് ഭാഷ സംസാരിക്കാൻ അറിയാവുന്ന ഒരാൾക്ക്‌ നല്ല വിദ്യാഭ്യാസം.. അല്ലെങ്കിൽ കുറച്ചു വിവരം ഉണ്ട്‌ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും നമുക്ക് ചുറ്റിലും ഉണ്ടാവും..എന്നാൽ അത് തികച്ചും മിഥ്യാ ബോധം ആണ് കാരണം ഏറ്റവും ചെറിയ ഒരു ഉദാഹരണം പറഞ്ഞാൽ തുടർച്ചയായി ഇംഗ്ലീഷ് സിനിമ കാണുന്ന ഒരു കൊച്ച് കുട്ടിക്ക് പോലും ഈ പറഞ്ഞ കഴിവ് പതിയെ കൈ വന്നു തുടങ്ങും.

നിങ്ങൾ 80 കളിൽ ജനിച്ചു 90കളിൽ ഗവണ്മെന്റ് സ്കൂളുകളിൽ ബാല്യം ചിലവിട്ടവരാണോ… എന്നാൽ ഒരു എന്നോടൊപ്പം വരിക….

ഓർമകളുടെ വളക്കൂറുള്ള മണ്ണിലേക്ക് ഞാനെന്റെ തൂമ്പയിറക്കട്ടെ..

മനു. ജി. കൃഷ്ണ
7th STD

തുറന്ന് പോയ തകരപെട്ടിയിലേക്കു കുത്തഴിഞ്ഞു വീണ പുസ്തകങ്ങൾ പറക്കിക്കൂട്ടി ക്ലാസ്സ്‌ മുറിയുടെ വാതിലിൽ എത്തിയപ്പോഴേക്കും പതിവു പോലെ വിമല ടീച്ചർ അറ്റന്റൻസ് എടുത്തു തുടങ്ങിയിരുന്നു.

“മനു “

“പ്രസേന്റ് ടീച്ചർ “-അന്ന് തടവില്ലാതെ പറയാൻ പറ്റിയിരുന്ന ഏക ഇംഗ്ലിഷ് വാക്ക്.

വാതിൽ നിന്നു മൊഴിഞ്ഞ എന്നെ നോക്കി ബ്ലാക്ക് ആൻഡ് വൈറ്റ് ടീവിയിലെ ചാർളി ചാപ്ലിനെ കണ്ട പോലെ മറ്റുകുട്ടികൾ ചിരിക്കാൻ തുടങ്ങി..

“താൻ ഇതു പതിവാക്കിയേക്കുവാണോ.. ഇന്നെങ്ങനെയാടോ താമസിച്ചത്? “

വഴിയിൽ ബ്ലോക്ക്‌ ഉണ്ടായിരുന്നു എന്ന് പറയാൻ അറിയാഞ്ഞതു കൊണ്ട്..

“ടീച്ചർ വണ്ടി താമസിച്ചു എന്നായിരുന്നു ഉത്തരം”

പറഞ്ഞിട്ടും നന്നാവാൻ പോണില്ല എന്നത് കൊണ്ടാവാം.. ടീച്ചർ തലകുലുക്കി ചിരിച്ചു.. അറ്റന്റൻസ് എടുത്ത് തിരിച്ചു പോയി.

സ്കൂളിൽ വരാൻ വലിയ ആഗ്രഹം ഒന്നുമില്ലാത്തതുകൊണ്ടു ഞാൻ പതിവ് പോലെ എന്റെ പിൻ സീറ്റിൽ സ്ഥാനമുറപ്പിച്ചു.

പക്ഷെ തെല്ലിട ജനാലക്കലൂടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു..എലി അടിവില്ല്‌ കണ്ടപോലെ എന്റെ ഉള്ളൊന്നു പാളി.കാരണം പറയാം.. അടുത്ത ക്ലാസ്സ്‌ ക്ലാരമ്മ സിസ്റ്റർ ന്റെ ഇംഗ്ലീഷ് ആണ്.

ഇനി ക്‌ളാരമ്മയിലേക്കു..അന്ന്.. ഒരു 30-32 വയസ്സ് കഴിഞ്ഞിട്ടുണ്ടാകും.മുഖത്തും ഉടലിലും യൗവനം തുളുമ്പിയിരുന്ന ആ യുവതി എന്നെ പലപ്പോഴും “തൂവാനത്തുമ്പികൾ” ലെ ക്ലാരയെ ഓര്മിപ്പിച്ചിരുന്നു.കറുത്ത കണ്ണടയെ അവർ ധരിക്കാറുണ്ടായിരുന്നുള്ളു.(അന്നത്തെ പൊങ്ങച്ചത്തിന്റെ പ്രതീകമായ റോൾഡ് ഗോൾഡ് വാച്ചിന്റെ കൂട്ടുകാരൻ ).അവരുടെ മുട്ടൊപ്പം മാത്രമുണ്ടായിരുന്ന കുപ്പായം ഉടലിനെ പ്രണയിക്കുമാറ് മുട്ടിയുരുമ്മി കിടന്നിരുന്നു, ഒരു തരിമ്പു പോലും അയവില്ലാതെ. ഭൂമിക്കും അവരുടെ പാദങ്ങൾക്കുമിടയിൽ പാദരക്ഷകൾ കൊണ്ട് ഒരടിയോളം അകലമുണ്ടായിരുന്നു. തലമുടി, തലമൂടിയുടെ ഇടയിലൂടെ നിതംബത്തോളം ഉണ്ടായിരുന്നു.പൊന്നിന്റെ നിറമായിരുന്നു അവർക്കു.മൊത്തത്തിൽ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു മാലാഖ

ഏത് പൊന്നുവിളയുന്ന നെൽപ്പാടത്തിലും കളയുണ്ടാകും എന്ന് പറയുന്ന പോലെ,ആ ക്‌ളാരമ്മ സിസ്റ്ററിനു എന്നും നല്ല പോലെ പഠിക്കുന്നവരെയും മുൻ ബെഞ്ചുകാരെയും മാത്രമേ ഇഷ്ട്ടമുണ്ടായിരുന്നുള്ളു. രോഗിക്കത്രെ വൈദ്യനെക്കൊണ്ടാവശ്യം എന്ന് പലപ്പോഴും അവർ മറന്നു പോയിരുന്നു. എല്ലാം പഠിക്കുന്ന കുട്ടികൾ ഉത്തരം പറയുമ്പോൾ” keep it up” എന്ന് പറയുമായിരുന്നു… “എന്ത് മുകളിൽ വെക്കാനാണാവോ” ഇവർ പറയുന്നത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു.

ഒരിക്കൽ “ഞാൻ കണ്ടു ” എന്ന് ഇംഗ്ലീഷിൽ എങ്ങനെ പറയും എന്ന് ക്ലാസ്സിൽ എല്ലാവരുടെയും മുന്നിൽ എന്നെ എഴുന്നേൽപ്പിച്ചു നിർത്തി അവരെന്നോട് ചോദിച്ചു.ചോദ്യം കേട്ട പരവേശത്തിൽ എന്റെ പേന താഴെപ്പോയി, ഞാൻ അതെടുക്കാൻ കുനിഞ്ഞതും ആർക്കോ വേണ്ടി കറങ്ങിയിരുന്ന ഫാൻ ക്‌ളാരമ്മയുടെ കുപ്പായത്തെ പറത്തി മുകളിലേക്കു കൊണ്ട് പോയി..തെറ്റിദ്ധരിക്കപ്പെട്ട ടീച്ചറമ്മ അച്ഛനെ വിളിച്ചു കൊണ്ട് വന്നല്ലാതെ എന്നെ പിന്നെ അവരുടെ ക്ലാസ്സിൽ കയറ്റിയിട്ടില്ല എന്ന് വ്യസനത്തോടെ ഇത്തരുണത്തിൽ ഞാൻ സ്മരിച്ചു കൊള്ളട്ടെ..

നമ്മളോട് അടുപ്പമുള്ള ടീച്ചർമാർ പഠിപ്പിക്കുന്ന വിഷയങ്ങൾ പഠിക്കാൻ ഒരു പ്രത്യേക ആഗ്രഹം ഉണ്ടായിട്ടില്ലേ? അത് കൊണ്ട് തന്നെ അവരെ ഇഷ്ടമില്ലാതിരുന്നത് കൊണ്ട് മനസ് മടുത്തു പോയ വിഷയമായിരുന്നു ഇംഗ്ലീഷ്.
പിന്നീടെപ്പോഴോ ബാല്യം കൗമാരത്തിലേക്ക് വിരലൂന്നിയപ്പോൾ പല വിഷയങ്ങളും പഠിപ്പിക്കാൻ സുന്ദരികളായ ടീച്ചർമാർ വന്നെങ്കിലും ഇംഗ്ലീഷ് പഠിക്കാൻ മാത്രം 40ൽ താഴെ പ്രായമുള്ള ഒരു ടീച്ചറും വന്നില്ല.തന്റെ ആദ്യ പ്രണയിനി “dont give up” എന്ന് എനിക്ക് ഓട്ടോഗ്രാഫ് എഴുതി തന്നപ്പോൾ എന്റെ സ്നേഹം വേറെ ആർക്കും കൊടുക്കരുത് എന്ന് കരുതി പുഞ്ചിരിച്ച ഒരു ബാല്യവും എനിക്കുണ്ടായിരുന്നു..

ചുരുക്കി പറഞ്ഞാൽ has been ഉം have been ഉം ഒക്കെ പഠിക്കാൻ വർഷങ്ങൾക്ക് ശേഷം ഇന്ന് മക്കൾ പഠിക്കേണ്ടി വന്നു. അതു കൊണ്ട് ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം നോക്കി ആരെയും വിലയിരുത്താതിരിക്കട്ടെ..🌹🌹

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!