January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഭൂമിയിലെ മാലാഖമാർ…

ജീന ഷൈജു

“പല്ല് പറിക്കുന്ന ഡോക്ടറിനെക്കാൾ നല്ലത് ചങ്കു പറിച്ചു തരുന്ന നേഴ്സ് ആണ്,, അവരാവുമ്പോൾ അസുഖം മാറുന്ന വരെ കൂടെക്കാണും”- എന്ന് ചാക്കോച്ചൻ പറഞ്ഞപ്പോഴാണ് ഒട്ടു മിക്ക ഫ്രീക്കൻമാർക്കും മാലാഖമാരെകുറിച്ച് മതിപ്പു തോന്നി തുടങ്ങിയത്.

ഇനി 2000ത്തിന്റെ തുടക്കത്തിലേക്കു ഒരു മടക്കമാവാം.. ഫാഷൻ ഡിസൈനിങ് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്ന കറുത്ത പെൺകുട്ടിയെ.. സൗന്ദര്യത്തിന്റെ തനതായ അടയാളം വെളുപ്പാണെന്ന് തെറ്റിദ്ധരിച്ച തെക്കൻ കേരളത്തിലെ മാതാപിതാക്കൾ ഉന്തിതള്ളിവിട്ടത് ജോലി സാധ്യതയുള്ള ഒരേ ഒരു വിഭാഗം നഴ്സിംഗ് ആണെന്ന മിഥ്യാധാരണയോടെ ആയിരുന്നു. അങ്ങനെ ബാംഗ്ലൂർ പോയി പഠിക്കാനുള്ള ആഗ്രഹത്തെ പൊയ്മോഹങ്ങളുടെ വാത്മീകത്തിൽ സൂക്ഷിച്ചു വെച്ചു നഴ്സിംഗ് പഠിക്കാനായി ചെന്നെത്തിയത് ഇൻഡോർ എന്ന ആധുനികതയുടെ ആദ്യാക്ഷരങ്ങൾ പോലും കുറിക്കാനറിയാത്ത ഒരു പൗരാണിക പട്ടണത്തിൽ ആയിരുന്നു.

കർമഫലം എന്നൊക്കെ കേട്ടിട്ടില്ലേ..അമ്മയുണ്ടാക്കി തന്ന രുചിയൂറും സാമ്പാറിലെ അമരപ്പയറും.. വഴുതങ്ങയും(ആരും കാണാതെ വലിച്ചെറിയുന്നവ ) മുറ്റത്തു മാനം നോക്കി കിടന്നപ്പോൾ തങ്ങളെ വിഴുങ്ങാൻ ബുഭുക്ഷയോടെ തലപൊക്കി നടക്കുന്ന പൂവനെ ക്ഷണിച്ചു വരുത്തിയതിന്റെ ശിക്ഷയാവാം.. ആദ്യ ദിവസം തന്നെ കിട്ടിയത് സുഖാ റൊട്ടിയും.. കൊല്ലത്തു ഒഴിച്ചാൽ കോഴിക്കോട് ചെന്നു നിൽക്കുന്ന ദാൽ കറിയും.. എന്തിനേറെ പറയണം.. നാളെ നല്ലകറിയാവും എന്ന് കാത്തിരുന്ന ഞങ്ങൾ കേരളക്കാർക്ക് ഭക്ഷണമേ വെറുക്കാൻ ഈ സൂഖാ റൊട്ടി ഒരു സ്ഥിരം ശത്രുവായി മെനുവിൽ കയറി വന്നു തുടങ്ങി.

“അല്ലിമലർക്കാവിൽ ലാലേട്ടനോടൊപ്പം പൂരം കാണാൻ പൊക്കൊണ്ടിരുന്ന എന്നോട് പതിയെ പതിയെ ഷാറുഖ് ഖാൻ “മെഹന്ദി ലഗാകെ രെഖാൻ “പറഞ്ഞു തുടങ്ങി. “തും ” കർത്താവായി വന്നാൽ ” ഹും ” ചേർക്കണം എന്ന് K. P. C ലളിതചേച്ചി പറഞ്ഞത് ഓർമയുണ്ടായിരുന്നത് കൊണ്ട് ഈ ഹിന്ദി പഠിക്കാൻ വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നില്ല എന്ന നഗ്നസത്യം തുറന്നു പറഞ്ഞോട്ടെ.നാട്ടിൽ “പാത്തുമ്മയുടെ ആട്” പഠിച്ചുകൊണ്ട് നടന്ന എനിക്കുണ്ടോ തലയണയുടെ പൊക്കമുള്ള പുസ്തകങ്ങൾ പഠിച്ചെടുക്കാൻ പറ്റുന്നു.. പിന്നെ പോരാത്തതിന് ഇംഗ്ലീഷിലും..പക്ഷെ കാരണവന്മാരുടെ ഗുരുത്വം കൊണ്ട് സപ്ലി ഒന്നും ഇല്ലാതെ first year എങ്ങനെയോ കടന്നു കിട്ടി.

പതിയെ പതിയെ ഞാൻ കുറ്റിച്ചെടിയും.. എന്റെ പാദത്തിനടുത്തു പുൽച്ചെടികളും കിളിർത്തു തുടങ്ങി. മനസിലായില്ല അല്ലേ.. ആദ്യമായി സീനിയർ ആയെന്ന്.ഉച്ചവരെ വാർഡ് പോസ്റ്റിങ്ങും അതുകഴിഞ്ഞു ഉറക്കക്ലാസ്സുകളും ഞങ്ങൾക്ക് പതിവായി.തടി അറക്കാൻ പഠിച്ചപ്പോൾ ആള് മൂത്തശാരി ആയെന്നു പറഞ്ഞപോലെ സിറിഞ്ച് പിടിക്കാൻ പഠിച്ചതോടെ എന്നിലെ ഞാൻ ദ്വന്ദവ്യക്തിത്വത്തിനുടമയായി.
അങ്ങനെ കൊച്ച് ഡോക്ടർ (4th year ) പഠനത്തിനിടയിൽ പ്രസവം കണ്ടു തല കറങ്ങിവീണു കല്യാണവും കുട്ടികളും വേണ്ടാ എന്ന് ശപഥം ചെയ്ത ആൾ ഇന്ന് മൂന്ന് കുട്ടികളുടെ അമ്മയാണെന്നുള്ള നർമം പങ്ക് വെച്ചോട്ടെ.

കാലം ഓടവെള്ളത്തിലെ ചവറുപോലെ ആർക്കോ വേണ്ടി ഇഴഞ്ഞു നീങ്ങി.വർഷങ്ങൾ ഇന്ന് കുറെ ഏറെ കഴിഞ്ഞെങ്കിലും,എത്ര മേച്ചിൽപുറങ്ങൾ മാറിയെന്നാലും, സേവനം എന്ന ലക്ഷ്യം വിട്ടു ഒരു മാലാഖക്കും പ്രവർത്തിക്കാൻ കഴിയില്ല. ഒരുദിവസം തന്നെ ഒരുപാട് വ്യക്തികൾ ..
വ്യക്തിത്വങ്ങൾ.. പണമുള്ളവർ.. ഇല്ലാത്തവർ.. പല വർഗ്ഗക്കാർ.. വർണക്കാർ ഈ മാലാഖാമാരുടെ കൈകളിലൂടെ കടന്നു പോകുന്നു.

പക്ഷെ ഏറ്റവും മ്ലേച്ഛമായ കാര്യം എന്തെന്നാൽ മേച്ചിൽപുറങ്ങൾ മാറുന്നതനുസരിച്ചു ഒരേ കാര്യങ്ങൾ പഠിച്ച ഈ മാലാഖമാരുടെ വേതനങ്ങളും മാറിക്കൊണ്ടിരിക്കുന്നു.എന്ത് തന്നെ ആയിരുന്നാലും ഓരോ ദിവസവും വെല്ലുവിളികൾ ഉയർത്തപ്പെടുന്ന സാഹചര്യങ്ങളെ നേരിടേണ്ടി വരുന്ന മനസ്സിൽ നന്മയുള്ള ഈ മാലാഖമാർ മരിക്കുന്നില്ല.

ഏതു വിഭാഗം എടുത്താലും ശ്രദ്ധിച്ചാൽ മനസ്സിലാകും, ജീവൻ നഷ്ടപ്പെടുന്നവർക്ക് കൃത്രിമ ശ്വാസമായി,എല്ലുനുറുങ്ങുന്ന പ്രസവ വാർഡുകളിൽ സ്വന്തനമായി, പിറന്നു വീഴുന്ന കുഞ്ഞുങ്ങൾക്ക് കരുതലായി,നൂതനമായ അറിവുകൾ കൊണ്ട് തലമുറകൾക്കു വിദ്യ പകർന്നു നൽകി, വാർദ്ധക്യത്തിൽ കൈത്താങ്ങായി, എന്തിന് വിശപ്പുള്ളവർക്ക്‌ സ്വന്തം അന്നമേകി പോലും ഈ മാലാഖമാർ മാതൃകയാകുന്നു.കുറിപ്പുകൾ കുറിച്ച് ഡോക്ടർ കടന്നു പോകുമ്പോഴും പച്ചയായ രോഗികളെ നേരിടുന്നത് എന്നും ഈ നേഴ്സ്മാർ തന്നെ ആണ്.

കോവിഡ് പോലുള്ള മഹാമാരിയിൽ, ലോകം ഒരു വൈറസിന് മുന്നിൽ വിറച്ചു നിന്നപ്പോൾ രാപകലില്ലാതെ സ്വന്തം വീടും.. കുട്ടികളെയും ഒന്നും വകവെക്കാതെ എട്ടും പന്ത്രണ്ടും മണിക്കൂറുകൾ ഉരുകിയോലിക്കുന്ന കുപ്പായങ്ങൾക്കുള്ളിൽ ജീവിതം ഹോമിച്ച ഇവരെ നമ്മൾ മറന്നു കൂടാ. ശാസ്ത്രം നൂതന മാർഗത്തിലൂടെ ശസ്ത്രക്രീയകളുടെ, വിജയത്തിന്റെ പടവുകൾ കീഴടക്കിയപ്പോഴും അതിന്റെ നെടുംതൂൺ ആണെന്ന് പറയാൻ പറ്റുന്നത് ഈ നഴ്സമാരെ തന്നെ ആണ്, കാരണം പന്ത്രണ്ടോ ഇരുപത്തിനാലോ മണിക്കൂറുകൾ ഒരു ശസ്ത്രക്രീയക്കു വേണ്ടി എടുക്കുമ്പോൾ ഒന്നിരിക്കാനോ.. ഒന്നു നടുവ് നിവർത്താനോ, കുറച്ചു വെള്ളം കുടിക്കാനോ എന്തിന് ഒന്നു ശുചിമുറിയിൽ പോകാനോ ഇവർക്ക് കഴിഞ്ഞെന്നു വരില്ല. അപ്പൊ മുന്നിലുള്ള രോഗിക്കു വേണ്ടി തന്റെ ശാരീരിക മാനസിക വൈകാരികതകളെ കീഴടക്കുന്ന ഒരു നേഴ്സ് തന്നെയാണ് ഹീറോ.

സേവനമല്ല മറിച്ചു ജോലി സാധ്യത തേടി വന്നവരാണേൽ പോലും യൂണിഫോം ധരിച്ചു കഴിഞ്ഞാൽ ഇവരുടെ ശരീരത്തിലും മനസിലും പവിത്രത നിറയുന്നു, കൈകളിൽ.. വിരൽത്തുമ്പുകളിൽ ദൈവീക സ്പർശം ഉടലെടുക്കുന്നു.. അതെ ചിറകുകളില്ലാത്ത മാലാഖമാർ ജന്മം കൊള്ളുന്നു. അത് കൊണ്ട് ചങ്കുറപ്പോടെ പറയാം

Yes..

I feel proud

To be an angel

To be a nurse

ജീനാ ഷൈജു

കൊല്ലം കടക്കാമൺ സ്വദേശിനി ജീനാ ഷൈജു കുവൈറ്റിൽ ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്നു ഒപ്പം കവിത, ഗാനരചന,കൂടാതെ സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും തൂലിക ചലിപ്പിച്ചു കൊണ്ടിരിക്കുന്നു

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!