ഇൻ്റർനാഷണൽ ഡെസ്ക്
ജനീവ: കുരങ്ങുപനിക്കെതിര ജാഗ്രത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. യുഎഇയിലും ചെക് റിപ്പബ്ലിക്കിലും കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. ആഫ്രിക്കയിൽ നിന്നും എത്തിയ വനിതയ്ക്കാണ് യുഎഇയിൽ രോഗം സ്ഥിരീകരിച്ചത്. ബെൽജിയത്തിൽ നിന്ന് എത്തിയ വനിതയ്ക്കാണ് ചെക് റിപ്പബ്ലിക്കിൽ രോഗം ബാധിച്ചത്.
പരിശോധിച്ച മൂന്നിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചെക് റിപ്പബ്ലിക് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് അറിയിച്ചു. യുഎഇയിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടിക പരിശോധിച്ചുവരികയാണെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചെന്നും അധികൃതർ അറിയിച്ചു.
19 രാജ്യങ്ങളിലായി 237 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. യൂറോപ്പിലാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. കോവിഡ് വ്യാപനം പോലെ കുരങ്ങുപനി പടർന്നു പിടിക്കാൻ സാധ്യതയിലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. അതേസമയം, അസാധാരണ സാഹചര്യമാണെന്നും വ്യാപനത്തെക്കുറിച്ച് പഠിക്കുകയാണെന്നും കൂടുതൽ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി.
കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ കുരുങ്ങുപനിക്കും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും വാക്സീൻ നൽകുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജൻസി ഉപദേഷ്ടാവ് ഡോ.സൂസൻ ഹോപ്കിൻസ് പറഞ്ഞു.
1960 ൽ കോംഗോയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കൻപോക്സിനു സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. പരോക്ഷമായി രോഗികളുമായി സമ്പർക്കമുണ്ടായവർ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക