ഇൻറർനാഷണൽ ഡെസ്ക്
വാഷിംഗ്ടൺ ഡിസി : ഇന്ധനവില പിടിച്ചുനിർത്താൻ യുഎസ് കരുതൽ ശേഖരം പുറത്തെടുക്കുമെന്ന് റിപ്പോർട്ട്. 180 മില്യൻ ബാരൽ എണ്ണ പുറത്തെടുക്കുന്നതിനാണു ബൈഡൻ ഭരണകൂടം നടപടി സ്വീകരിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
1974ൽ കരുതൽ ശേഖരം തുടങ്ങിയതിനുശേഷം യുഎസ് പുറത്തെടുക്കുന്ന ഏറ്റവും കൂടിയ അളവായിരിക്കും ഇത്. റഷ്യ–യുക്രെയൻ യുദ്ധം തുടരുന്നതിനാൽ പല രാജ്യങ്ങളിലും ഇന്ധന വിലയിൽ വലിയ വർധനവുണ്ടായി. യുഎസ്, റഷ്യൻ ഇന്ധനങ്ങൾക്ക് ഉപരോധമേർപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ബ്രെന്റ് ക്രൂഡ് ഓയിലിന് 4.6% വിലയിടിഞ്ഞ് ബാരലിന് 108 ഡോളർ എന്ന നിലയിലെത്തി.
നവംബറിൽ യുഎസിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ധനവില പിടിച്ചു നിർത്തേണ്ടത് രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട നിർണായക കാര്യങ്ങൾ പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ധനവില ഉയർത്താനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നീക്കം തടയുകയും യുഎസിലെ ജനങ്ങൾക്ക് വിലക്കുറവിൽ ഇന്ധനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
കരുതൽ ശേഖരം പുറത്തെടുക്കാനുള്ള യുഎസ് നീക്കം ഒപെകിനും (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രിസ്) റഷ്യയ്ക്കും നിർണായകമാണ്. റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 139 ഡോളർ വരെ വില വന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബ്രെന്റ് ക്രൂഡ് ഓയിലിന് 70 ശതമാനമാണ് വില വർധന.
കോവിഡ് വ്യാപനം അവസാനിച്ച് വിപണികൾ തുറന്നെങ്കിലും എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ഉൽപാദക രാജ്യങ്ങൾ തയാറായില്ല. ഇതിനിടെ യുദ്ധം തുടങ്ങിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും കൂടുൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് റഷ്യ. ബാക്കി രാജ്യങ്ങളാകട്ടെ, ഉൽപാദനം ഇനി വർധിപ്പിക്കാൻ തയാറല്ലാത്ത സാഹചര്യത്തിലാണ്. യുഎസ് ദിവസവും 11.7 മില്യൻ ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ആഗോള വില നിയന്ത്രണത്തിന് അതും മതിയാകാത്ത സ്ഥിതിയാണ്. കരുതൽ ശേഖരം പുറത്തെടുക്കുന്നതോടെ വില വർധന പിടിച്ചുനിർത്താനാകുമെന്നാണ് കരുതുന്നത്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക