ഇൻ്റർനാഷണൽ ഡെസ്ക്
ജനീവ: യുക്രെയ്നിന്റെ കിഴക്കൻ ഭാഗങ്ങളിൽ റഷ്യ ആക്രമണം കടുപ്പിക്കുന്നതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി എന്നിവരുമായി ഗുട്ടെറസ് ചർച്ചകൾ നടത്തും. ഏപ്രിൽ 26 ചൊവ്വാഴ്‌ച മോസ്കോയിലെത്തുന്ന യുഎൻ സെക്രട്ടറി ജനറൽ റഷ്യൻ പ്രസിഡന്റിനു പുറമേ റഷ്യയുടെ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവുമായും ഗുട്ടെറസ് കൂടിക്കാഴ്ച നടത്തും.
‘യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എന്ത് ചെയ്യാനാകും എന്നാകും മോസ്കോയിൽ ഗുട്ടെറസ് ചർച്ച നടത്തുക. എപ്രിൽ 28 വ്യാഴാഴ്ചയാകും അന്റോണിയോ ഗുട്ടെറസ് കീവിലെത്തുക. യുഎൻ സെക്രട്ടറി ജനറലിന്റെ യുക്രെയ്ൻ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായിയുഎൻ വക്താവ് എറി കനേകോ അറിയിച്ചു. യുക്രെയ്നിന്റെ കിഴക്കൻ ഭാഗങ്ങൾക്കൊപ്പം തെക്കൻ പ്രദേശങ്ങളും പിടിക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്ന് റഷ്യയുടെ സെൻട്രൽ മിലിറ്ററി ജില്ലാ ഡപ്യുട്ടി കമാൻഡർ റുസ്തം മിനികയേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പിടിച്ചെടുത്തതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്ന യുക്രെയ്ൻ തുറമുഖ നഗരമായ മരിയുപോളിൽ കണ്ടെത്തിയ ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. മക്സർ ടെക്നോളജീസ് ആണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഇവിടെ ഒൻപതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യൻ സേന വധിച്ചതായി യുക്രെയ്ൻ ആരോപിച്ചിരുന്നു. മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ രണ്ടായിരത്തിലേറെ യുക്രെയ്ൻ പോരാളികൾ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസംമുട്ടിച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുകയാണ് റഷ്യൻ തന്ത്രം.
ഇതേസമയം, കീവിലെ ബ്രിട്ടിഷ് എംബസി അടുത്തയാഴ്ച തുറക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനത്തിനിടെ വ്യക്തമാക്കി. ചെർണോബിലിലെ ആണവനിലയത്തിന്റെ സുരക്ഷ പരിശോധിക്കാൻ രാജ്യാന്തര ആണവോർജ ഏജൻസിയുടെ തലവൻ റാഫേൽ ഗ്രോസിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച യുക്രെയ്നിലെത്തും.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക