January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

റഷ്യയുമായി സമാധാന ചര്‍ച്ച, സ്ഥിരീകരിച്ച്‌ യുക്രൈന്‍

ഇൻറർനാഷണൽ ഡെസ്ക്

സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വിവരം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച്‌ യുക്രൈന്‍ . ബെലാറൂസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്കി അറിയിച്ചു. ചര്‍ച്ചയ്ക്കായി ബെലാറൂസിലേക്ക് യുക്രൈന്‍ പ്രതിനിധി സംഘം യാത്ര തുടങ്ങി.

ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ രം​ഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചയെക്കുറിച്ച്‌ യുക്രൈന്‍ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. റഷ്യയാണ് ബെലാറൂസില്‍ വെച്ച്‌ ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ലെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ചര്‍ച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയില്‍ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നല്‍കി. സൈനിക വിമാനങ്ങള്‍, മിസൈല്‍ അടക്കം തല്‍സ്ഥിതി തുടരും. ബെലാറൂസ് യുക്രൈന്‍ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
റഷ്യയുടെ ആക്രമണത്തിന് അയവില്ലാത്തതിനാല്‍ ബെലാറൂസില്‍ ചര്‍ച്ചയെന്ന വാഗ്ദാനം യുക്രൈന്‍ വിശ്വാസത്തിലെടുത്തിരുന്നില്ല. റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലെത്തിയിരുന്നു. എന്നാല്‍ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്‍റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്. അതുകൊണ്ടാണ് ബെലാറൂസില്‍ വച്ചുള്ള ചര്‍ച്ചയിലേക്ക് ഇല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് അറിയിച്ചിരിക്കുന്നത്.
യുക്രൈന്‍ നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരിക്കുന്നത്. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്‍റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.
വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. കാര്‍കീവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായത്. വിഷവാതകം ചോരുന്നതിനാല്‍ പ്രദേശവാസികള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറണമെന്ന് നിര്‍ദേശമുണ്ട്. ഒഖ്തിര്‍ക്കയിലുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ആറ് വയസുകാരി ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാര്‍കീവിലെ ഒരു അപ്പാര്‍ട്ട്മെന്‍റിന് നേരെ റഷ്യന്‍ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമുള്ള റിപ്പോര്‍ട്ടും നേരത്തെ പുറത്ത് വന്നിരുന്നു. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. യുക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ.

അതേ സമയം സാധാരണക്കാര്‍ക്ക് ആയുധം നല്‍കി സൈന്യത്തില്‍ ചേര്‍ത്ത് റഷ്യന്‍ ആക്രമണത്തെ ചെറുക്കുകയാണ് യുക്രൈന്‍. റഷ്യന്‍ അധിനിവേശം തടയാന്‍ യുക്രൈന് ആയുധ പിന്തുണ നല്‍കുമെന്ന് കൂടുതല്‍ രാജ്യങ്ങളറിയിച്ചു. യുക്രൈന് ആയുധങ്ങളെത്തിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങള്‍ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ വ്യക്തമാക്കി. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ശരിയുടെ പക്ഷത്ത് നില്‍ക്കുമെന്നും യുക്രൈനില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പെട്ടന്ന് പരിഗണിക്കുമെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. റഷ്യ ടുഡേ ടിവിയുടെ സംപ്രേഷണവും ഓസ്ട്രേലിയ വിലക്കിയിട്ടുണ്ട്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!