ഇൻ്റർനാഷണൽ ഡെസ്ക്
അറ്റ്‍ലാന്റിക് സമുദ്രത്തില്‍ കാണാതായ സമുദ്രപേടകം ടൈറ്റൻ തകര്‍ന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്ബനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പല്‍ കാണാൻ പോയ സംഘം അപകടത്തില്‍പെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദര്‍ഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലം. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും നേടി നടന്ന തെരച്ചിലിന് സങ്കടകരമായ അവസാനം. വര്‍ഷങ്ങള്‍ക്ക് മുൻപേ കടലിന്റെ ആഴങ്ങളില്‍ ആണ്ടുപോയ കൂറ്റൻ കപ്പല്‍ ടൈറ്റാനിക് തേടിപ്പോയ സമുദ്രപേടകം ടൈറ്റനും അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ അഗാധതകളില്‍ മറഞ്ഞു. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകള്‍ക്കിടയിലും പുരോഗമിച്ച തെരച്ചില്‍ ദൗത്യം ഒടുവില്‍ അവശിഷ്ടങ്ങളില്‍ തട്ടി അവസാനിച്ചു.
അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റര്‍ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്ബനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉള്‍പ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്ബനി സ്ഥിരീകരിച്ചു. കടലിന്നടിയിലെ മര്‍ദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂ. പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പൈലറ്റ് പോള്‍ ഹെൻറി നാര്‍സലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി.
ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാൻ സാഹസികരായ യാത്രക്കാരേയും വഹിച്ച് ഞായറാഴ്ചയാണ് ടൈറ്റൻ കടലിന്രെ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. 2021ലും 22ലും സമാന ദൗത്യം ടൈറ്റൻ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇക്കുറി യാത്ര പുറപ്പെട്ട് ഒന്നേ മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും മദര്‍ഷിപ്പ് പോളാര്‍ പ്രിൻസുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. 5 യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുണ്ടായിരുന്നത്.
തുടര്‍ന്ന് നടന്ന സമാനകളില്ലാത്ത രക്ഷാ ദൗത്യത്തില്‍ അമേരിക്കയും കാനഡയും ഫ്രാൻസും ബ്രിട്ടനും എല്ലാം പങ്കാളികളായി. വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററില്‍ പരതി. ഇതിനിടെ ടൈറ്റനില്‍ നിന്നെന്ന് സംശയിക്കുന്ന സിഗ്നലുകള്‍ കനേഡിയൻ വിമാനത്തിന് ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ കൂട്ടി. പക്ഷേ പ്രതീക്ഷകളെല്ലാം വിഫലമാക്കി, വ്യാഴാഴ്ച രാത്രി 12.15 ഓടെ ടൈറ്റൻ തകര്‍ന്നെന്ന വിവരം എത്തുകയായിരുന്നു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക