January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഒറ്റപ്പെട്ട് യുക്രൈന്‍, റഷ്യയ്ക്ക് എതിരെ നാറ്റോ സംയുക്ത സൈനികനീക്കമില്ല

ഇന്റർനാഷണൽ ഡെസ്ക്

കീവ്: റഷ്യയുമായുള്ള യുദ്ധമുഖത്ത് ഒറ്റപ്പെട്ട് യുക്രൈന്‍. അംഗരാജ്യമല്ലാത്ത യുക്രൈന് വേണ്ടി റഷ്യയ്ക്ക് എതിരെ സംയുക്ത സൈനികനീക്കം നടത്തേണ്ടതില്ല എന്നാണ് നാറ്റോ (നോര്‍ത്ത് അറ്റ്‍ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) തീരുമാനം.

നാറ്റോയുടെ അംഗരാജ്യങ്ങളില്‍ പലരും സ്വന്തം നിലയ്ക്ക് യുക്രൈന് സൈനികസഹായം നല്‍കിയേക്കാമെങ്കിലും നാറ്റോ ഒരു സംഘടന എന്ന നിലയില്‍ ഒരു തരത്തിലും സംയുക്ത സൈനിക നീക്കത്തിനില്ല എന്നും പ്രഖ്യാപിക്കുന്നു.

ഒരു മഹാമാരി ലോകത്തെ കീഴടക്കിയ കാലത്ത്, ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയ്ക്ക് എതിരെ ഒരു സൈനികനീക്കത്തിന് നാറ്റോയില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നത്. സംയുക്തസൈനികനീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ അത് മറ്റൊരു ലോകയുദ്ധത്തിന് വഴി വച്ചേനെ എന്നും വിദേശകാര്യവിദഗ്ധര്‍ നിരീക്ഷിക്കുന്നു.

അതേസമയം, ബെലാറസ് വളരെ നിര്‍ണായകമായ ഒരു പ്രഖ്യാപനവും നടത്തുന്നു. നേരത്തേ യുദ്ധത്തില്‍ പങ്കുചേരാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ച ബെലാറസ് ആവശ്യമെങ്കില്‍ യുക്രൈനെതിരെ റഷ്യയ്ക്ക് ഒപ്പം സൈന്യം അണിചേരും എന്ന് പ്രഖ്യാപിക്കുന്നു. രാവിലെ പല വ്യോമത്താവളങ്ങളിലേക്കും നടത്തിയ ആക്രമണങ്ങളില്‍ റഷ്യന്‍ സൈന്യത്തോടൊപ്പം ബെലാറഷ്യന്‍ സൈന്യവും ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ആ നിലപാട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ബെലാറസ് ഇപ്പോള്‍.
ഏതെങ്കിലും തരത്തില്‍ റഷ്യ യുക്രൈനെ ആക്രമിച്ചാല്‍ അത് യുക്രൈന്‍- റഷ്യ യുദ്ധമാകില്ല, പകരം റഷ്യ- യൂറോപ്യന്‍ യൂണിയന്‍ യുദ്ധമാകും എന്ന് മുന്നറിയിപ്പ് നല്‍കിയ യുക്രൈനിയന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലെന്‍സ്കി ഇപ്പോള്‍ സ്തബ്ധനാണ്. നാറ്റോ രാജ്യങ്ങളിലൊന്ന് പോലും സ്വതന്ത്രമായിപ്പോലും സൈനികസഹായം നല്‍കുമെന്ന് പറയുന്നത് പോലുമില്ല. ആക്രമണം തുടങ്ങി പന്ത്രണ്ടാം മണിക്കൂര്‍ പിന്നിടുമ്ബോള്‍ റഷ്യന്‍ യുദ്ധം അപലപനീയം പക്ഷേ, തിരികെ ആക്രമിക്കാനില്ല എന്നാണ് നാറ്റോ നിലപാട്.

പത്ത് ഖണ്ഡികകളുള്ള ഒരു പ്രസ്താവനയാണ് നാറ്റോ അംഗരാജ്യങ്ങള്‍ സംയുക്തമായി യോഗത്തിന് ശേഷം പുറത്തുവിട്ടത്. റഷ്യ യുക്രൈന് മേല്‍ അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തെ സാധ്യമായ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് പറയുന്ന നാറ്റോ, ആക്രമണം തീര്‍ത്തും സാധൂകരിക്കാനാവാത്തതാണെന്ന് പറയുന്നു. കൊല്ലപ്പെട്ട, പരിക്കേറ്റ എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്നു നില്‍ക്കുന്നുവെന്നും, ആക്രമണത്തിന് സഹായം നല്‍കുന്ന ബെലാറസിനെ ശക്തിയുക്തം അപലപിക്കുന്നുവെന്നും നാറ്റോ പറയുന്നു.
യുഎന്‍ ചാര്‍ട്ടര്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്രനിയമങ്ങളുടെയെല്ലാം ലംഘനമാണ് ഇപ്പോള്‍ നടക്കുന്നത്. സ്വതന്ത്രരാജ്യത്തിനെതിരെ നടത്തിയ ഏകപക്ഷീയമായ ആക്രമണം, അപലപനീയം – എന്ന് നാറ്റോ പറയുന്നു. യുക്രൈന്‍ ജനതയോടൊപ്പം നില്‍ക്കുന്നു. അവരുടെ സ്വാതന്ത്ര്യത്തിനും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനൊപ്പം നില്‍ക്കുന്നു.
യുക്രൈനില്‍ നിന്ന് പിന്‍മാറണമെന്നൊക്കെ പ്രസ്താവനയായി മാത്രം നാറ്റോ പറയുന്നു. സാമ്ബത്തികമായും രാഷ്ട്രീയമായും റഷ്യയ്ക്ക് ഇതിന് വലിയ വില നല്‍കേണ്ടി വരും എന്ന് മാത്രം നാറ്റോ പറയുന്നു. ഉപരോധങ്ങള്‍ വഴി മാത്രം റഷ്യയെ നേരിടാനാണ് നിലവില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നര്‍ത്ഥം.
ഇനിയുള്ള ഖണ്ഡികകളിലാണ്, സ്വന്തം മുന്നണിയിലെ രാജ്യങ്ങളെ മാത്രം സംരക്ഷിക്കുമെന്ന് നാറ്റോ വ്യക്തമാക്കുന്നത്. നാറ്റോ മുന്നണിയിലെ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ സൈനികവിന്യാസം കൂട്ടും. സമുദ്രാതിര്‍ത്തികളില്‍ സൈനികവിന്യാസവും പടക്കോപ്പുകളുടെ വിന്യാസവും ശക്തമാക്കും. അടിയന്തരസാഹചര്യങ്ങള്‍ക്കെല്ലാം തയ്യാറായി നില്‍ക്കാന്‍ എല്ലാ സൈന്യങ്ങള്‍ക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ എന്നാല്‍ നിലവിലെ അവസ്ഥ കൂടുതല്‍ വഷളാക്കാനില്ല. ഞങ്ങള്‍ സ്വയം പരസ്പരം സംരക്ഷിച്ച്‌ ഒന്നിച്ച്‌ നില്‍ക്കും – നാറ്റോ പ്രസ്താവന പറയുന്നു.

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!