ഇൻറർനാഷണൽ ഡെസ്ക്
മങ്കിപോക്സ് വൈറസ്ബാധ മൂലമുള്ള രോഗത്തെ പുതിയ പേരിട്ടു വിളിക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽ നിന്നുൾപ്പെടെ നിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്. അന്തിമതീരുമാനമായില്ല.
നിലവിലെ പേരിനു വംശീയധ്വനിയുണ്ടെന്നും ആക്ഷേപകരമാകുന്നുവെന്നും പരാതി ഉയർന്നിരുന്നു. 1958 ൽ വസൂരി രോഗ ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണു ആദ്യം മങ്കിപോക്സ് വൈറസ് സ്ഥിരീകരിച്ചത്. ഇതെത്തുടർന്നാണു മങ്കിപോക്സ് എന്നു വിളിക്കാൻ തുടങ്ങിയത്.
ഇതിനിടെ, മങ്കിപോക്സിന്റെ തന്നെ വ്യത്യസ്ത വകഭേദങ്ങൾക്കു ലോകാരോഗ്യ സംഘടന പേരിട്ടു; റോമൻ സംഖ്യകൾ ഉപയോഗിച്ചാണ് ഈ വകഭേദങ്ങളെ വിശേഷിപ്പിക്കുക.
കോംഗോ പ്രദേശത്തു നിന്നുള്ള വകഭേദത്തെ ഒന്നാം വകഭേദം (I), പടിഞ്ഞാറൻ ആഫ്രിക്കയിൽ ആദ്യം സ്ഥിരീകരിക്കപ്പെട്ടതിനെ രണ്ടാം വകഭേദം (II) എന്നിങ്ങനെയാണു നാമകരണം ചെയ്തത്. ഇവയുടെ 2 ഉപവകഭേദങ്ങൾക്കു IIa, IIb എന്നിങ്ങനെയും പേരു നൽകി. കോവിഡിനു കാരണമായ കൊറോണ വൈറസിന്റെ വകഭേദങ്ങൾക്കു ഗ്രീക്ക് അക്ഷരങ്ങളായിരുന്നു ഉപയോഗിച്ചത്.
ജപ്പാൻ ജ്വരം, സ്പാനിഷ് ഫ്ലൂ, മാർബർഗ് വൈറസ്, മിഡിൽ ഈസ്റ്റേൺ റസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നിങ്ങനെ പല രോഗങ്ങൾക്കും സ്ഥലവുമായി ചേർത്തു പേരുണ്ടായിരുന്നു.
കോവിഡ് കാലത്ത് അതു ചൈനാ വൈറസാണെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. കണ്ടെത്തിയ സ്ഥലവുമായി രോഗത്തെ ബന്ധപ്പെടുത്തുന്നതു വിവേചനപരമാണെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക