ഇൻറർനാഷണൽ ഡെസ്ക്
മഡ്രിഡ് : ലോക വിനോദ സഞ്ചാര മേഖല കോവിഡിനു മുൻപുള്ളതു പോലെയാകാൻ 2024 വരെയാകുമെന്ന് യുഎൻ ടൂറിസം ഓർഗനൈസേഷന്റെ റിപ്പോർട്ട്. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു മുൻപുള്ളതുപോലെ വിനോദസഞ്ചാരമേഖല മാറുന്നത് അടുത്തൊന്നും പ്രതീക്ഷിക്കേണ്ടെന്നാണു റിപ്പോർട്ടിലുള്ളത്. അതിവേഗം പടരുന്ന ഒമിക്രോണ്‍ 2022ലും പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കു വൈകിപ്പിക്കുകയാണ്.
2020ലെ വിനോദസഞ്ചാര മേഖലയിൽനിന്നുള്ള വരുമാനം മുൻവര്‍ഷത്തേതിനേക്കാൾ 72 ശതമാനം കുറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യാത്രാ നിയന്ത്രണങ്ങൾ, വാക്സിനേഷൻ നിരക്ക്, വിനോദ സഞ്ചാരികളുടെ ആത്മവിശ്വാസക്കുറവ് എന്നിവയാണു തിരിച്ചുവരവിന്റെ വേഗം കുറയ്ക്കുന്നതെന്നു ലോക ടൂറിസം ഓർഗനൈസേഷന്‍ റിപ്പോർട്ടിൽ പറയുന്നു.
യൂറോപ്പിലേക്കും യുഎസിലേക്കും വിദേശത്തുനിന്ന് എത്തുന്നവർ 2020നേക്കാൾ യഥാക്രമം 19 ഉം 17 ഉം ശതമാനം കൂടി. മധ്യപൂർവ ദേശങ്ങളിലേക്കുള്ള വിദേശികളുടെ സഞ്ചാരം 2021ൽ 24 ശതമാനം കുറഞ്ഞു. ഏഷ്യ–പസിഫിക് മേഖലയിലും ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2022ൽ രാജ്യാന്തര യാത്രക്കാരുടെ വരവിൽ 30 മുതൽ 78 ശതമാനം വരെ വർധനയാണു പ്രതീക്ഷിക്കുന്നത്. എന്നാൽ 2019ലെ നില അനുസരിച്ച് ഇതു വളരെ കുറവാണ്.
വിനോദ സഞ്ചാരികളുടെ വരവ് കോവിഡിനു മുൻപുള്ള കാലത്തേതിനു സമാനമാകണമെങ്കിൽ 2024 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം. ടൂറിസം പ്രധാന വരുമാനമായുള്ള രാജ്യങ്ങൾ സാമ്പത്തിക ഞെരുക്കത്തിലാണ്. സാഹചര്യങ്ങൾ പഴയപോലെയാകാൻ കാത്തിരിക്കുകയാണ് ഇവർ. 2021ൽ വിനോദ സഞ്ചാര മേഖലയിൽനിന്നുള്ള സാമ്പത്തിക സംഭാവന 1.9 ട്രില്യൻ ഡോളറിനടുത്താണ്. 2020ല്‍ ഇത് 1.6 ട്രില്യനും കോവിഡിന് മുൻപ് വരുമാനം 3.5 ട്രില്യൻ ഡോളറും ആയിരുന്നു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക