ഇൻ്റർനാഷണൽ ഡെസ്ക്
കീവ്: തലസ്ഥാന നഗരമായ കീവിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ പൂർണ ആധിപത്യം തിരിച്ചു പിടിച്ചുവെന്ന് യുക്രെയ്ൻ അവകാശവാദം ഉന്നയിച്ചതിനു പിന്നാലെ യുക്രെയ്‌ൻ നഗരങ്ങളിൽ റഷ്യ നേരിടുന്നത് സമാനതകളില്ലാത്ത ചെറുത്തുനിൽപ്പെന്ന് നാറ്റോ. മനോനില തകർന്ന നിലയിലാണ് റഷ്യൻ സൈനികരെന്നും 41 ദിവസം മാത്രം പിന്നിട്ട റഷ്യൻ അധിനിവേശത്തിൽ 15,000ത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായും നാറ്റോ വ്യക്തമാക്കി. ദിവസങ്ങൾക്കുള്ളിൽ തലസ്ഥാന നഗരിയായ കീവ് പിടിച്ചെടുക്കുമെന്ന് അവകാശവാദം ഉന്നയിച്ചായിരുന്നു ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചത്. എന്നാൽ പ്രധാനനഗരങ്ങൾ പിടിച്ചെടുക്കാനോ പിടിച്ചെടുത്ത നഗരങ്ങളിൽ ആധിപത്യം ഉറപ്പിക്കാനോ റഷ്യയ്ക്ക് സാധിച്ചില്ല.
യുക്രെയ്‌നിൽ റഷ്യൻ ആക്രമണം ശക്തമായ നഗരങ്ങളിൽ സൈനികമുന്നേറ്റം തടയാൻ ജനങ്ങൾ തന്നെ ആയുധമെടുക്കുന്നതും വൻതോതിൽ യുക്രെയ്‌ന് നാറ്റോയും യുറോപ്യൻ യൂണിയൻ ആയുധങ്ങൾ നൽകുന്നതും റഷ്യൻ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സ്ത്രീകൾ ഉൾപ്പെടെ പലരും ജീവിതത്തിൽ ആദ്യമായി തോക്കെടുത്തു. എല്ലാ വീടുകളിലും അവശ്യവസ്തുക്കൾക്കൊപ്പം തോക്കുൾപ്പെടെയുള്ള മാരകായുധങ്ങൾ ഇടംപിടിച്ചു. പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രെയ്ൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു പുറമേ അതുണ്ടാക്കേണ്ടത് എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ വിശദീകരിച്ചിരുന്നു. പിടിച്ചെടുക്കുന്ന നഗരങ്ങളിൽ റഷ്യ നിരപരാധികളെ കൊന്നൊടുക്കുന്നതായി യുക്രെയ്‌ൻ ആരോപിക്കുമ്പോഴും വൻതോതിലുള്ള ആൾനാശമാണ് റഷ്യൻ സൈന്യം നേരിടുന്നത്. റഷ്യൻ സേനയുടെ നിരവധി കവചിത വാഹനങ്ങളും ടാങ്കുകളും തകർക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ മനോനില തകർന്ന റഷ്യൻ സൈനികർ മേലാധികാരികളുടെ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിക്കുന്നതായും ശത്രു സൈന്യത്തിനൊപ്പം ചേരുന്നതായും നാറ്റോ അവകാശവാദം ഉന്നയിക്കുന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കുറവും യുക്രെയ്ൻ പ്രദേശങ്ങളിലെ അസാധാരണ ചെറുത്തുനിൽപ്പുമാണ് റഷ്യൻ മുന്നേറ്റത്തിന് തടയിടുന്നത്. റഷ്യൻ സൈന്യം സ്വന്തം കമാൻഡറെ തന്നെ കൊലപ്പെടുത്തിയെന്ന വാർത്തകളും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
നിരപരാധികളായ സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നതും സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളും പല റഷ്യൻ സൈനികരുടെയും മനസ്സ് മടുപ്പിച്ചതായും നാറ്റോയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിൽ ഇത് വരെ റഷ്യയുടെ ഏഴു ജനറൽമാർ അടക്കം 13 ഉന്നത സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടുമാസത്തിനിടെ ഇത്രയധികം ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നത് അസാധാരണമായ സാഹചര്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുദ്ധം അപ്രതീക്ഷിതമായി നീണ്ടപ്പോൾ റഷ്യൻ സൈനികരുടെ കൈവശം ഉണ്ടായിരുന്ന ഭക്ഷ്യശേഖരം തീർന്നതായും വിശന്നുവലഞ്ഞ സൈനികരെ ജനങ്ങൾ ഭക്ഷ്യവസ്തുക്കളിൽ വിഷം ചേർത്ത് കൊല്ലുന്നതുമായുള്ള വാർത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. റഷ്യയുടെ പ്രതിരോധ ബജറ്റിന് റോക്കറ്റ് വേഗമാണെങ്കിലും സൈനികരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ചിട്ടില്ലെന്നും പാശ്‌ചാത്യ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക