ഇൻറർനാഷണൽ ഡെസ്ക്
ബെയ്ജിങ്: ചൈനയിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിനു പിന്നാലെ രാജ്യത്തെ മൂന്നു കോടിയോളം ജനങ്ങൾ ലോക്ഡൗണിൽ. 13 നഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മറ്റു ചില നഗരങ്ങളിൽ ഭാഗിക ലോക്ഡൗണുമുണ്ട്. ചൊവ്വാഴ്ച, 5280 പുതിയ കോവിഡ‍് കേസുകളാണ് ചൈനയിൽ റിപ്പോർട്ടു ചെയ്തത്. തുടർച്ചയായ ആറാം ദിവസമാണ് ചൈനയിൽ ആയിരത്തിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
വടക്കുകിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇവിടെ മാത്രം മൂവായിരത്തിലധികം പോസിറ്റീവ് കേസുകളാണ് ചൊവ്വാഴ്ച റിപ്പോർട്ടു ചെയ്തത്. ഇവിടുത്തെ ഒട്ടുമിക്ക നഗരങ്ങളിലും സമ്പൂർണ ലോക്ഡൗൺ ആണ്. ഗുവാങ്‌ഡോങ് പ്രവിശ്യയിൽ, ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെൻ, ചാങ്ചുൻ, ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ഷാങ്ഹായ് എന്നിവിടങ്ങളിലും കേസുകൾ കൂടുതലാണ്.
ഷെൻസെനിൽ മാത്രം 1.7 കോടി ജനസംഖ്യയാണുള്ളത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചും ശക്തമായ ലോക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽനിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ.
വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്. വ്യാപനം തടയുന്നതിനു രാജ്യതലസ്ഥാനമായ ബെയ്ജിങ്ങിൽ ഉൾപ്പെടെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും വ്യാപനം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജിഡിപിയുടെ 11 ശതമാനത്തോളം സംഭാവന ചെയ്യുന്ന ഷെൻസെൻ നഗരം അടച്ചുപൂട്ടിയതാണ് സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയായത്.

More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി
ഇന്ത്യക്കാർക്ക് ഫ്രീ എൻട്രി വിസ പ്രഖ്യാപിച്ച് ശ്രീലങ്ക