Times of Kuwait
മുംബൈ:നഗരത്തിൽ ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ ചികിത്സിക്കാനുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും എണ്ണത്തിൽ വൻ കുറവുവരുന്നതിൽ ആശങ്ക. കോവിഡ് പിടിപെട്ട് ചികിത്സാരംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്ന ഡോക്ടർമാരും നഴ്സുമാരുംമറ്റും മുന്നൂറിലധികംവരും.
കോവിഡ് രോഗികളെ ചികിത്സിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാറിനിൽക്കുന്നവരും ഏകദേശം ഇത്രയുംതന്നെ വരും. ഇതുമൂലം മുംബൈയിൽ കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ബി.എം.സി.ക്ക് വൻ വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്.
1500 പേർക്ക് ചികിത്സനൽകാൻ കഴിയുന്ന സെവൻ ഹിൽസ് ആശുപത്രിയിൽ ഇപ്പോഴുള്ളത് 450 കിടക്കകൾമാത്രമാണ്. ആവശ്യത്തിന് ഡോക്ടർമാരും നഴ്സുമാരും ഇല്ലാത്തതുതന്നെ കാരണം. ഇവിടെ ഇപ്പോൾ ചികിത്സാരംഗത്തുള്ളവരെ പിടിച്ചുനിർത്താൻ തന്നെ ബി.എം.സി. പാടുപെടുകയാണ്. കോവിഡ് രോഗികളെ ചികിത്സിക്കാൻ കഴിയില്ലെന്നാണ് പല ഡോക്ടർമാരും മറ്റുള്ളവരും പറയുന്നത്.
മൂന്നുമാസത്തെ കരാറിൽ ജോലിചെയ്യാൻ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റുജീവനക്കാരെയും വേണമെന്ന് ബി.എം.സി. പരസ്യം നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ചുരുക്കത്തിൽ കൂടുതൽ രോഗികൾക്ക് സൗകര്യമുണ്ടാക്കാൻ കഴിയുമായിരുന്നിട്ടും അതിന് കഴിയാത്ത അവസ്ഥയിലാണ് ബി.എം.സി.
രോഗികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ഡോക്ടർമാരുടെയോ മറ്റുജീവനക്കാരുടെയോ എണ്ണത്തിൽ കാര്യമായ മാറ്റംവന്നിട്ടില്ല. രോഗികളുടെ എണ്ണം ദിവസം അഞ്ഞൂറോളം വർധിക്കുന്നതും പ്രശ്നമാകുന്നുണ്ട്.
More Stories
ഇന്ത്യ-കുവൈറ്റ് സാംസ്കാരിക ബന്ധത്തിന്റെ ആഘോഷമായി ഇന്ത്യൻ എംബസ്സി കുവൈറ്റ് ‘ഭാരത് മേള’ സംഘടിപ്പിച്ചു .
കോട്ടയം ഗവ നഴ്സിംഗ് കോളേജിലെ റാഗിങ്, കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതൊരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും വേണം: TNAI കേരള ഘടകം
കോട്ടയം ഗവഃ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ