കൊടുമണ്‍(പത്തനംതിട്ട): സഹപാഠികളായ രണ്ടുപേര്‍ ചേര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി കുഴിച്ചിട്ട ഞെട്ടലിലാണ് കൊടുമണ്‍ നിവാസികള്‍. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ്-മിനി ദമ്പതികളുടെ മകന് അഖില്‍(16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കയാണ്. അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വിഎച്ച്എസ് സ്കൂളിന് സമീപം കദളീവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്കു ഒന്നിനും മൂന്നിനും ഇടയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍ മണിമലമുക്ക് സ്വാദേശിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഇരുവരും അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വിഎച്ച്എസ് സ്കൂളില്‍ പത്താം ക്ലാസിലാണ്.
രാവിലെ അഖിലിനെ വീട്ടില്‍ നിന്നു സൈക്കിളില്‍ വിളിച്ച് ഇറക്കിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പറയുന്നു. ഇവര്‍ വന്ന രണ്ട് സൈക്കിള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ പ്രതികളില്‍ ഒരാളെ അഖില്‍ സാമൂഹിക മാധ്യമത്തിലൂടെ പരിഹസിച്ചതായി പോലിസ് പറഞ്ഞു. ഇതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പോലിസ് നിഗമനം. സംഭവ സ്ഥലത്തെ വിജനമായ പറമ്പില്‍ വച്ച് ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെവീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നീട് കമിഴ്ത്തി കിടത്തിയും വെട്ടി. ഇതിനുശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നു മണ്ണ് കൊണ്ടുവന്ന് മുകളിലിട്ടു. പ്രദേശത്ത് സംശയകരമായി രണ്ടു കുട്ടികള്‍ നില്‍ക്കുന്നത് ദൂരെനിന്ന് നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരില്‍ ചിലരെ കൂട്ടി സ്ഥലത്തെത്തി. നാട്ടുകാര്ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യം ഇവര്‍ പറഞ്ഞത്. സ്ഥലത്തെ മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹം കണ്ടെത്തി.
വിവരം അറിഞ്ഞയുടന്‍ പോലിസും സ്ഥലത്തെത്തി. പ്രതികളായ കൗമാരക്കാരെ കസ്റ്റഡിയിലെടുത്തു. പ്രതികള്‍ മൃതദേഹം മണ്ണ് മാറ്റി പോലിസ് സാന്നിധ്യത്തില്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പോലിസ് സൂപ്രണ്ട് കെ ജി സൈമണ്‍, അടൂര്‍ ഡി വൈഎസ് പി ജവഹര്‍ ജനാര്‍ദ്, സിഐ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആര്യയാണ് മരിച്ച അഖിലിന്റെ സഹോദരി.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി