November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ

ചെന്നൈ : ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനും ബിസിനസുകാരനുമായിരുന്ന കുളത്തുങ്കൽ പോത്തന്റെ മകനായി 1952 ൽ തിരുവനന്തപുരത്തു ജനിച്ച പ്രതാപ് പോത്തൻ ഊട്ടിയിലെ ലോറൻസ് സ്കൂളിലാണ് പഠിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിഎ ഇക്കണോമിക്സിനു പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ ഒരു പരസ്യഏജൻസിയിൽ കോപ്പി എഡിറ്ററായി.

സംവിധായകൻ ഭരതനുമായുള്ള അടുപ്പമാണ് പ്രതാപിനെ സിനിമയിലെത്തിച്ചത്. 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ത്തിലൂടെ അരങ്ങേറിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു. ഭരതന്റെ തന്നെ ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പിച്ച പ്രതാപ് പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ലാണ് അവസാനം അഭിനയിച്ചത്. സിബിഐ 5 അവസാനം റിലീസായ ചിത്രം.

‘മീണ്ടും ഒരു കാതൽ കഥൈ, ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത നിർമാതാവ് ഹരി പോത്തൻ‍ സഹോദരനാണ്.

error: Content is protected !!