തിരുവനന്തപുരം: ചരിത്രം കുറിച്ച് രണ്ടാമതൊരു ഇടത് സർക്കാർ തുടർച്ചയായി വീണ്ടും അധികാരത്തിലേക്ക്. പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് ചടങ്ങ്. 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
തലസ്ഥാനം കൊവിഡ് സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ക്ഡൗണിലായിരിക്കേ, ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാനൂറ് പേരില്‍ താഴെ മാത്രമേ ചടങ്ങിനെത്തുവെന്നാണ് വിലയിരുത്തല്‍. ചടങ്ങിനെത്തുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ചടങ്ങിനു മുന്നോടിയായി, 52 ഗായകരും പ്രമുഖരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.
പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് കേരള സർക്കാർ വെബ്‌സൈറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് സൗകര്യമൊരുക്കി. കേരള ഗവൺമെന്റ് ഫേസ്ബുക്ക് പേജ്, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്, പിആർഡി കേരള യൂട്യൂബ് ചാനൽ, കേരളസർക്കാർ വെബ്‌സൈറ്റ്, പി.ആർ.ഡി ലൈവ് മൊബൈൽ ആപ്പ് എന്നിവ വഴി ചടങ്ങ് കാണാനാകും.
വകുപ്പുകൾ ഒറ്റനോട്ടത്തിൽ
രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയെന്ന് ഒരിക്കൽ കൂടി നോക്കാം.
വീണാ ജോർജ്ജാണ് ആരോഗ്യമന്ത്രി. ധനകാര്യം കെ എൻ ബാലഗോപാലിനും വ്യവസായം പി രാജീവിനുമാണ്. വി ശിവൻകുട്ടിയാണ് വിദ്യാഭ്യാസമന്ത്രി. മുഹമ്മദ് റിയാസിന് പൊതുമരാമത്തും ടൂറിസം വകുപ്പുമാണ്.
മന്ത്രിമാരെ നിശ്ചയിച്ചതിലെന്ന പോലെ വകുപ്പുവിഭജനത്തിലും കണ്ടത് നിരവധി സർപ്രൈസുകൾ.
കെകെ ഷൈലജക്ക് പകരം ആര് ആരോഗ്യമന്ത്രിയെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമായി വീണ ജോർജ്ജ്. ഷൈലജയെ മാറ്റിയതിന്‍റെ വിവാദം തുടരുമ്പോഴാണ് പാർലമെന്‍ററി രംഗത്തെ മികവ് കൂടി കണക്കാക്കി പിൻഗാമിയായി വീണ. എംഎൽഎയായുള്ള ആദ്യവരവിൽ തന്നെ മന്ത്രി പിന്നാലെ സുപ്രധാനവകുപ്പുകൾ. ടൂറിസമെന്ന സൂചനയുണ്ടായെങ്കിലും പൊതുമരാമത്ത് കൂടി മുഹമ്മദ് റിയാസിന് കിട്ടിയത് അപ്രതീക്ഷിതമായി. മറ്റൊരു അപ്രതീക്ഷിത തീരുമാനമാണ് വി ശിവൻകുട്ടിക്കുള്ള പൊതുവിദ്യാഭ്യാസവകുപ്പ്. തൊഴിലും കൂടിയുണ്ട് നേമം പ്രതിനിധിക്ക്.
വിദ്യാഭ്യാസം വീണ്ടും വിഭജിച്ചപ്പോൾ ഉന്നതവിദ്യാഭ്യാസവകുപ്പ് ആർ.ബിന്ദുവിന്. കെഎൻ ബാലഗോപാലിന് ധനകാര്യം നൽകിയപ്പോൾ രാജീവിനും സുപ്രധനമായ വ്യവസായവുംം നിയമകാര്യവും. തദ്ദേശസ്വയംഭരണവും എക്സൈസുമെന്ന രണ്ട് സുപ്രധാനവകുപ്പുകളാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദനെ തേടിയെത്തിയത്. മറ്റൊരു കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷണനാണ് ദേവസ്വം പാർലമെൻററികാര്യവകുപ്പുകൾ.
സഹകരണ രജിസ്ട്രേഷൻ വകുപ്പുകൾ വിഎൻ വാസവനും ഫിഷറീസ്, സാംസ്ക്കാരിക വകുപ്പുകൾ സജി ചെറിയാനും. പ്രവാസികാര്യവും ന്യൂനപക്ഷക്ഷേമം യുവജനകാര്യവും സ്വതന്ത്രനായ വി അബ്ദുറഹ്മാന് നൽകിയത് മലപ്പുറത്തിനുള്ള പരിഗണന കൂടി കരുതി. റവന്യൂമന്ത്രി കെ രാജൻ. കൃഷി പി പ്രസാദ്, ഭക്ഷ്യ – സിവിൽ സപ്ളൈസ് ജി ആർ അനിൽ. മൃഗസംരക്ഷണം, ക്ഷീരസംരക്ഷണം ജെ ചിഞ്ചുറാണി.
പിണറായി നേരത്തെ ഭരിച്ചിരുന്ന വൈദ്യുതി ഘടകകക്ഷിയായ ജെഡിഎസ്സിന്‍റെ കൃഷ്ണൻകുട്ടിക്ക് നൽകി സിപിഎം. ശശീന്ദ്രനിൽ നിന്നും ഗതാഗതം ആൻറണിരാജുവിന് നൽകിയപ്പോൾ ശശീന്ദ്രന് സിപിഐയിൽ നിന്നും ഏറ്റെടുത്ത വനം. ഐഎൻഎല്ലിൻറെ അഹമ്മദ് ദേവർകോവിലിനും ഉള്ളത് പ്രധാനപ്പെട്ട തുറമുഖവകുപ്പ്. റോഷി അഗസ്റ്റിന് ജലവിഭവവകുപ്പ്.
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി