ശ്രീഷ്മ വിശ്വനാഥൻ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയും നഴ്സുമായ ശ്രീഷ്മ വിശ്വനാഥൻ എഴുതുന്നു
ഓണം നമ്മൾ മലയാളികളുടെ ദേശിയോത്സവമാണ്. ഓണത്തെക്കുറിച്ചു ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കുഞ്ഞിലെ മുത്തശ്ശൻ പറയുന്ന വാക്കുകൾ ആയിരുന്നു “ഇള വെയിലൊക്കെ ഉണ്ട്, ഓണം വരാറായി പ്രകൃതി മാറി തുടങ്ങി” എന്നൊക്കെ. അത്തം പത്തിന് പൊന്നോണം എന്ന ചൊല്ലുണ്ട്. ചിങ്ങത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങൾ. വീട്ടുമുറ്റത്തു ഒരുക്കുന്ന അത്തപ്പൂക്കളങ്ങൾ.
കുഞ്ഞിലെത്തെ ഓണം ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നത് ഓണ പരീക്ഷ കഴിഞ്ഞു കിട്ടുന്ന അവധി ദിവസങ്ങളാണ്, ഓണത്തിനു വരുന്ന പുതിയ സിനിമകൾ. തിരുവോണത്തിന്റെ അന്നു രാവിലെ കുളിയൊക്കെ കഴിഞ്ഞു ഓണക്കോടി ഉടുത്ത് നടക്കുന്നതൊക്കെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷം, കുഞ്ഞു കുട്ടികൾ കസവു കരയോട് കൂടിയ ഒറ്റ മുണ്ട് ധരിക്കാറുണ്ട് അന്നൊക്കെ.
വീട്ടിൽ ഓണത്തിന് അകലത്തുള്ള ബന്ധുക്കൾ ഒക്കെ വരും, എല്ലാരേം കാണാം,ഓണാക്കോടികൾ ഒക്കെ കിട്ടും. ഓണത്തിന്റെ പ്രധാന ചടങ്ങ് തിരുവോണ ദിവസത്തെ ഓണസദ്യയാണ്. ഓണസദ്യക്ക് നാക്കില തന്നെ വേണം, നാക്കിലയിൽ അമ്മ സ്നേഹത്തോടെ വിളമ്പി തന്നിരുന്ന ഉപ്പേരി, ശർക്കരവരട്ടി, എരിശ്ശേരി, ഓലൻ, കാളൻ, ഇലയുടെ നടുവിൽ ചോറ്, ചോറിനു മുകളിൽ സാമ്പാർ ഒക്കെ കൂട്ടി സദ്യ ഒരു പിടുത്തമാണ് പിന്നെ പച്ചമോരു നിർബന്ധമാണ്, ശേഷം പായസവും പപ്പടവും പഴവും ഒക്കെ കൂട്ടി കഴിക്കും.
നഴ്സിംഗ് പഠിക്കുന്ന സമയത്തൊക്കെ ഓണം വന്നാൽ സെറ്റ് മുണ്ട് അല്ലെങ്കിൽ സെറ്റുസാരി ഉടുക്കും ശേഷം നമ്മൾ ഒരു ഫോട്ടോഗ്രാഫർ ആവുകയും എല്ലാരുടേം ഫോട്ടോ എടുക്കുകയും ചെയ്യുന്ന മനോഹര കാലം ,പിന്നെ നമ്മുടെ എണ്ണമില്ലാത്ത സെൽഫികളും.ഒപ്പം അട പ്രഥമന്റെ രുചിയുള്ള മധുര സ്മരണകളും.
കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ വാമൊഴി. പിന്നെ ഓണപതിപ്പായി ഇറങ്ങിയിരുന്ന മാസികകൾ, ടിവിയിൽ വരുന്ന ഓണ ചലച്ചിത്രങ്ങൾ അതിനടയിൽ കാണിക്കുന്ന ഓണാക്കിഴിവ് പരസ്യങ്ങൾ. വീട്ടിലെ ഓണ സദ്യ കഴിഞ്ഞു അമ്മ വീട്ടിൽ പോകുന്നതൊക്കെ ഓർമ്മയിലെ നല്ല നാളുകളാണ്.
എന്നാൽ ഈ വർഷം കൊറോണ ആയത് കൊണ്ട് എല്ലാരും സൂക്ഷിച്ചും മാസ്ക് ഒക്കെ ധരിച്ചും കൈകൾ ഒക്കെ വൃത്തിയായി സൂക്ഷിച്ചും സാമൂഹിക അകലം പാലിച്ചൊക്കെ ഓണം ആഘോഷിക്കുക. എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നന്മയുടെയും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ.
കോട്ടയം താമരക്കാട് സ്വദേശിനിയായ ശ്രീഷ്മ വിശ്വനാഥൻ സൗദിയിൽ നഴ്സായി ജോലി ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയയായ എഴുത്തുകാരിയാണ്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്