ന്യൂസ് ബ്യൂറോ ദില്ലി
ദില്ലി : ഇന്ത്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് വ്യാപനം വർധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോൺ ബാധിതർ 578-ലെത്തി. 151 പേർ രോഗമുക്തിനേടി.
ഡൽഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാൻ (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. അതിനിടെ, കോവിഡ് സ്ഥിരീകരിച്ചശേഷം ഒമിക്രോൺ ഫലം കാത്തിരിക്കുന്നവരുടെ എണ്ണം 700 കടന്നു.
കോവിഡ്-ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ആഘോഷസമയമായതിനാൽ നിരത്തുകളിലും വ്യാപാരകേന്ദ്രങ്ങളിലും തിരക്ക് വർധിക്കാമെന്നും ഇത് വൈറസ് വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ മുന്നറിയിപ്പുനൽകി. ഇതു തടയാൻ ജില്ലതിരിച്ചുള്ള ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജില്ലാ ഭരണകൂടങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണം. പരിശോധന വർധിപ്പിക്കണം. രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കണം. കൃത്യമായ ചികിത്സ ഉറപ്പാക്കി രോഗവ്യാപനവും മരണനിരക്കും കുറയ്ക്കണം.
ഡെൽറ്റയെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയാണ് ഒമിക്രോണിനെന്ന് ലോകാരോഗ്യസംഘടന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോൺ കേസുകൾ കൂടുന്നത് കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ട് -ആഭ്യന്തര സെക്രട്ടറി കത്തിൽ പറഞ്ഞു.
നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടി
കോവിഡ് നിയന്ത്രണങ്ങൾ ജനുവരി 31 വരെ നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. 60 ശതമാനത്തിലധികം കോവിഡ് രോഗികളുള്ള ആശുപത്രികളുള്ള ജില്ലകളിലും നിയന്ത്രണം കർക്കശമാക്കണം. കേന്ദ്ര നിർദേശമനുസരിച്ചുള്ള ഓക്സിജൻ കിടക്കകൾ, ഐ.സി.യു. കിടക്കകൾ, വെന്റിലേറ്ററുകൾ, താത്കാലിക ആശുപത്രികൾ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി