ന്യൂസ് ബ്യൂറോ ദില്ലി
ന്യൂഡൽഹി: ഇന്ത്യയിൽ ഒമിക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപന തോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകളിലേക്ക് വർദ്ധിച്ചേക്കാമെന്നും സർക്കാരിന്റെ കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി മുന്നറിയിപ്പ് നൽകി.
നിലവിൽ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ‘യുകെയിലെ വ്യാപനത്തിന്റെ തോതനുസരിച്ച്, ഇന്ത്യയിൽ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കിൽ, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, പ്രതിദിനം 14 ലക്ഷം കേസുകൾ വരെ ഉണ്ടായേക്കാം. ഫ്രാൻസിൽ 65,000 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തോത് വെച്ച് നോക്കുമ്പോൾ രാജ്യത്തെ ജനസംഖ്യ അടിസ്ഥാനമാക്കി പ്രതിദിനം 13 ലക്ഷം കേസുകൾ വരെ ഉണ്ടാകാം’, കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി വി.കെ.പോൾ പറഞ്ഞു.
യുകെയിൽ എക്കാലത്തേയും റെക്കോർഡ് കോവിഡ് കേസുകളാണ് നിലവിൽ പ്രതിദിനം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2.4 ശതമാനം ഒമിക്രോൺ കേസുകളാണ്. 80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡെൽറ്റ തരംഗം അവിടെ ആഞ്ഞടിക്കുകയാണെന്നും ഡോ.പോൾ പറഞ്ഞു.
അനാവശ്യ യാത്രകൾ, തിരക്ക്, പുതുവത്സര ആഘോഷങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ രീതിയിൽ കടന്നുപോകുകയാണെങ്കിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഡെൽറ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയിൽ അതിനേക്കാൾ വേഗതയിലാണ് ഒമിക്രോണിന്റെ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 32 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. കർണാടക, ഗുജറാത്ത്, ഡൽഹി, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ മുംബൈയിൽ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ നിന്ന് വെള്ളിയാഴ്ച മുംബൈയിലെത്തിയ 29-കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതേസമയം രോഗ ലക്ഷണങ്ങളൊന്നും ഇയാൾക്കില്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇയാൾ മൂന്ന് ഡോസ് ഫൈസർ വാക്സിൻ സ്വീകരിച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്