November 25, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ ആശങ്കയായി ഒമിക്രോൺ: കോവിഡ് ഒരാളിൽനിന്ന് 1.22 ആളിലേക്ക് പടരുന്നു

ന്യൂസ് ബ്യൂറോ, ദില്ലി

ദില്ലി :ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണെന്ന വ്യക്തമായ സൂചന നൽകി ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരുന്നു. ഒരാളിൽനിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസിന്റെ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ ഒമിക്രോണിന്റെ സാമൂഹികവ്യാപനം തുടങ്ങിയതായി സംസ്ഥാന സർക്കാരും സ്ഥിരീകരിച്ചു.
ഒമിക്രോൺ കേസുകൾ ഗുരുതരമല്ലെന്നതും കോവിഡ്മൂലമുള്ള മരണനിരക്ക് 300-ൽ താഴെ നിൽക്കുന്നതുമാണ് ഈ ഘട്ടത്തിലുള്ള ആശ്വാസമെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. അതേസമയം, രോഗം ഗുരുതരമല്ലെന്ന ധാരണയിൽ സ്ഥിതിഗതികളെ കാണരുത്. പരിഭ്രാന്തിയും ആവശ്യമില്ല. കൂടുതൽ വാക്സിൻ നൽകിയും മറ്റു മുന്നൊരുക്കങ്ങൾ നടത്തിയും രാജ്യം തയ്യാറെടുപ്പിലാണ്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും മാസ്ക് ശരിയാംവിധം ധരിക്കുകയും വേണം. ഇത് രാഷ്ട്രീയക്കാർക്കും ഉത്തരവാദപ്പെട്ട എല്ലാവർക്കും ബാധകമാണ്. ആഗോളതലത്തിൽ കേസുകൾ ഉയരുന്നതിന്റെ ഭാഗമായിട്ടാണ് ഇവിടത്തെയും വർധന. വ്യാപനം അതിവേഗത്തിലാണെന്നാണ് മറ്റു രാജ്യങ്ങളിലെ അനുഭവം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ‘കോവിഡ് സുനാമി’ മുന്നറിയിപ്പ് നൽകിയത് ഇതിന്റെ പശ്ചാത്തലത്തിലാണ്.

വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 13,154 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. 22 സംസ്ഥാനങ്ങളിലായി 961 ഒമിക്രോൺ വകഭേദം റിപ്പോർട്ടുചെയ്തു. ഇവരിൽ 320 പേർ സുഖംപ്രാപിച്ചുവെന്ന് ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ഡൽഹി, കർണാടകം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കേസുകൾ ഉയരുകയാണ്. മുംബൈ, പുണെ, താനെ, നാസിക്, ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം, അഹമ്മദാബാദ് എന്നീ നഗരങ്ങളിൽ കേസുകൾ കൂടിവരുന്നുണ്ട്. രോഗവ്യാപനം 5-10 ശതമാനത്തിനിടയിലുള്ള 14 ജില്ലകളിൽ ആറെണ്ണം കേരളത്തിലാണ്. 10 ശതമാനത്തിൽ കൂടുതലുള്ള എട്ടുജില്ലകളുണ്ട്. ഇക്കൂട്ടത്തിൽ സംസ്ഥാനത്തെ ഒരു ജില്ലയും ഇപ്പോഴില്ല.
മുതിർന്നവരിൽ 90 ശതമാനംപേർ വാക്സിന്റെ ഒന്നാംഡോസ് സ്വീകരിച്ചു. രണ്ടുഡോസുകളും ലഭിച്ചവർ 63.5 ശതമാനമാണ്. കോവിഡ് വന്നാൽതന്നെ അതിനെ ലഘൂകരിക്കാൻ കരുതൽ ഡോസിന് സാധിക്കുമെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. രോഗകാഠിന്യവും ആശുപത്രി പ്രവേശനവും ഒഴിവാക്കാനാവും. നേരത്തേ രോഗം വന്നവരിൽ പ്രതിരോധശേഷി എട്ടുമുതൽ പത്തുവരെ മാസം നിൽക്കുമെന്നാണ് പഠന റിപ്പോർട്ട്. വാക്സിനിലൂടെയും മറ്റും വൈറസ് ആന്റിജൻ ലഭിച്ചവരിൽ ഒമ്പതുമാസംവരെ പ്രതിരോധശേഷി ഉണ്ടാവും.

കരുതൽ വാക്സിൻ: തീരുമാനമായില്ല

മുതിർന്നവർക്ക് നൽകുന്ന കരുതൽ വാക്സിൻ ഏതായിരിക്കണമെന്ന് ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ല. കൂടുതൽ പഠനവിവരങ്ങളും വാക്സിൻ ലഭ്യതയും അടിസ്ഥാനമാക്കി ജനുവരി പത്തിനുമുൻപ് തീരുമാനമെടുക്കും. 60 വയസ്സിന് മുകളിലുള്ള അനുബന്ധരോഗങ്ങളുള്ളവർക്കാണ് മൂന്നാം ഡോസ് നൽകുന്നത്.

error: Content is protected !!