Times of Kuwait
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനെത്തുടർന്നു രാജ്യാന്തര യാത്രക്കാർക്കുള്ള പരിശോധന ശക്തമാക്കി ഇന്ത്യ. ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർക്കുള്ള പരിശോധന കർശനമാക്കാനാണു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയത്.
കോവിഡ് പോസിറ്റീവ് ആകുന്ന യാത്രക്കാരുടെ സാംപിളുകൾ ഉടൻ തന്നെ ജീനോം സീക്വൻസിങ് ലാബുകളിലേക്കു അയച്ചിട്ടുണ്ടെന്നു ഉറപ്പാക്കണമെന്നു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെട്ടു.
ബോട്സ്വാന (3 കേസുകൾ), ദക്ഷിണാഫ്രിക്ക (6), ഹോങ്കോങ് (1) എന്നിവിടങ്ങളിൽ കോവിഡ് വകഭേദമായ ബി.1.1529 ന്റെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) റിപ്പോർട്ട് ചെയ്തതായി ഭൂഷൺ കത്തിൽ വ്യക്തമാക്കി. അതിനാൽ ഈ രാജ്യത്തിൽനിന്നുള്ളവരെ ‘അപകടസാധ്യത’യുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഇവരുടെ സമ്പർക്കപ്പട്ടിക കൃത്യമായി നിരീക്ഷിക്കണമെന്നും കത്തിൽ പറയുന്നു.
പുതിയ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ കൂടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വളരെ കുറച്ചുപേരില്‍ മാത്രമാണു നിലവില്‍ ഈ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പുതിയ വകഭേദത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങള്‍ പരിമിതമാണെങ്കിലും ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ വിദഗ്ധര്‍ രാവും പകലും കഠിനമായി പ്രയത്‌നിക്കുകയാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസിലെ (എന്‍ഐസിഡി) പ്രഫസര്‍ അഡ്രിയാന്‍ പുരെന്‍ അറിയിച്ചു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്