Times of Kuwait
ജറുസലേം: 2021 ലെ മിസ് യൂണിവേഴ്സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രയേലിലെ ഏയ്ലറ്റിൽ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഇന്ത്യൻ പെൺകൊടി വിജയകിരീടം അണിഞ്ഞത്. വിശ്വസുന്ദരി കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു. രണ്ടായിരത്തിൽ ലാറ ദത്ത മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുൻപ് 1994 ൽ സുസ്മിത സെൻ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം നേടിയത്.
നീണ്ട 21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹർനാസ് സന്ധുവിന്റെ കിരീടനേട്ടം.
2020 ലെ മിസ് യൂണിവേഴ്സ് ആയിരുന്ന മെക്സിക്കോയിൽ നിന്നുള്ള ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. ലൈവ് സ്ട്രീമിങ്ങിലൂടെയാണ് ചടങ്ങ് നടത്തിയത്.പരാഗ്വേയുടെ നാദിയ ഫെറെയ്റ ഫസ്റ്റ് റണ്ണർഅപ്പും ദക്ഷിണാഫ്രിക്കയുടെ ലലേല സ്വാനെ സെക്കൻഡ് റണ്ണറപ്പുമായി.
മിസ് യൂണിവേഴ്സ് ഇന്ത്യ 2021 കിരീടനേട്ടത്തെത്തുടർന്നാണ് മോഡലും നടിയുമായ സന്ധു വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ടൈംസ് ഫ്രഷ് ഫെയ്സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങൾ മുൻപ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്. ചൺഡിഗഢ് സ്വദേശിനിയാണ് സന്ധു. യോഗ, നൃത്തം, കുതിരസവാരി, ചെസ്സ് എന്നിവയിലെല്ലാം അതീവ തത്പരയാണ് സന്ധു.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്