TIMES OF KUWAIT
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് സ്വയംനിയന്ത്രിത റോബോട്ടിനെ നൽകി നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. ഫൗണ്ടേഷൻ ഡയറക്ടർമാരായ മേജർ രവി, വിനു കൃഷ്ണൻ എന്നിവർ ഇന്ന് രാവിലെ ജില്ലാ കളക്ടർ എസ്.സുഹാസിന് റോബോട്ടിനെ കൈമാറി.
കർമി-ബോട്ട് (KARMI-Bot) എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന് 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനാവും. കേരള സ്റ്റാർട്ടപ്പ് മിഷൻ മെയ്ക്കർ വില്ലേജിലെ അസിമോവ് റോബോട്ടിക്സ് എന്ന സ്ഥാപനമാണ് റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്.
ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് വിദ്യാർഥികൾ വികസിപ്പിച്ചു നൽകിയ നൈറ്റിങ്ഗേൽ-19 എന്ന റോബോട്ടിനെ കണ്ണൂർ മെഡിക്കൽ കോളേജിലും ഉപയോഗിക്കുന്നുണ്ട്.
ഐസൊലേഷൻ വാർഡിലേക്ക് മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനും മാലിന്യങ്ങൾ തിരികെ കൊണ്ടുവരാനുമാകും സ്വയംനിയന്ത്രിത റോബോട്ടിനെ ഉപയോഗിക്കുക. ആരോഗ്യപ്രവർത്തകർ രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നത് ഒഴിവാക്കാമെന്നതും പിപിഇ കിറ്റുകളുടെ ഉപയോഗം കുറയ്ക്കാമെന്നതുമാണ് റോബോട്ടിനെ ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രയോജനം.
ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കർമി-ബോട്ടിനെ കളമശേരി മെഡിക്കൽ കോളേജിലെ രോഗികളുടെ പരിചരണത്തിനായി കൈമാറുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. പിപിഇ കിറ്റുകൾക്ക് ദൗലഭ്യം നേരിടുന്ന സമയത്ത് റോബോട്ടിനെ ലഭിച്ചത് ഏറെ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി