November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മലയില്‍ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിച്ചു : രക്ഷാദൗത്യം വിജയിപ്പിച്ച്‌ കരസേന

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം

പാലക്കാട്: തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെ മലമ്ബുഴയില്‍ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബു എന്ന 23 വയസുള്ള ചെറുപ്പക്കാരനെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം രക്ഷാസൈന്യം പുറത്തെത്തിച്ചു.

പ്രദേശവാസികളും സൈന്യം ഒഴികെയുള്ള മറ്റുഫോഴ്‌സുകളും പരിശ്രമിച്ച്‌ പരാജയപ്പെട്ടിടത്താണ് സുരക്ഷാസേന വിജയം കണ്ടത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ രക്ഷാദൗത്യമെന്ന നിലയില്‍ ശ്രദ്ധേയമാണ് ഈ ദൗത്യം. ട്രക്കിങ്ങിനിടെ കാല്‍ വഴുതിയാണ് മലയുടെ പ്രത്യേക വിള്ളലിലേക്ക് യുവാവ് വീണത്. രണ്ടു ദിവസം പൂര്‍ണമായും ജലപാനം പോലും എടുക്കാതെ, രാതിയിലെ കൊടും തണുപ്പും പകലിലെ അസാമാന്യ വെയിലും സഹിച്ചാണ് ഈ യുവാവ് പിടിച്ചു നിന്നത്. സുരക്ഷാസേനയെ പ്രശംസിക്കുന്നതിന് ഒപ്പം ആദരിക്കപ്പെടേണ്ടതാണ് യുവാവിന്റെ അസാധാരണമായ ഇഛാശക്‌തിയെന്ന് ആയിരകണക്കിന് ആളുകളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ രേഖപ്പെടുത്തുന്നത്.
ബാബുവും 3 സുഹൃത്തുക്കളും ചേര്‍ന്ന് തിങ്കളാഴ്‌ചയാണ് മലകയറാന്‍ പോയത്. 1 കിലോമീറ്ററില്‍ കൂടുതല്‍ ഉയരമുള്ള മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ തിരികെപോകാന്‍ തീരുമാനിച്ചു. പക്ഷെ, ബാബു കുറച്ചുകൂടി ഉയരത്തില്‍ പോയശേഷമേ മടങ്ങു എന്ന് കൂട്ടുകാരോട് പറഞ്ഞു മുന്നോട്ടുപോയി. മുകളിലേക്കുള്ള കയറ്റത്തിനിടയില്‍ കാല്‍ വഴുതി ചെങ്കുത്തായ മലയിലൂടെ താഴേക്കു ഊര്‍ന്നുപോയി പാറയിടുക്കില്‍ കുടുങ്ങി എന്നാണ് അനുമാനം.
സുരക്ഷാ സൈന്യത്തിന് പോലും ബാബുവിന്റെ ആത്‌മവിശ്വാസവും മനോധൈര്യവും അല്‍ഭുതമായി. തിങ്കളാഴ്‌ച രാത്രി തന്നെ വനം, പൊലീസ്, അഗ്‌നി രക്ഷാസേന ഉദ്യോഗസ്‌ഥരുടെ സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇന്നലെ (ചൊവ്വാഴ്‌ച) രാവിലെ മറ്റൊരു സംഘവും മല കയറി, ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയര്‍ ഇറക്കി പാറയിടുക്കില്‍ എത്താന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല.
കോസ്‌റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്‌തമായ കാറ്റും പൊടിയും കാരണം കോപ്‌റ്ററിനെ അന്തരീക്ഷത്തില്‍ നിറുത്തി രക്ഷാസംഘത്തിന് ഇറങ്ങാനായില്ല. ഡ്രോണില്‍ വെള്ളമെത്തിക്കാനുള്ള ശ്രമവും മലയുടെ ചെരിവും വളവും കാരണം പരാജയപ്പെട്ടു. സന്നദ്ധ സംഘടനകളും ആദിവാസികളും അരികിലെത്താന്‍ ശ്രമിച്ചു. ഇവയെല്ലാം ഇന്നലെ രാത്രിയോടെ പരാജയപ്പെട്ടതോടെ കരസേനയുടെ രക്ഷാസൈന്യത്തെ ആശ്രയിക്കേണ്ടി വന്നു.

കരസേനയുടെ എന്‍ജിനിയറിങ് വിഭാഗം, പര്‍വതാരോഹണ വിദഗ്‌ധര്‍. ദേശീയ ദുരന്ത പ്രതികരണ സേന അംഗങ്ങള്‍, മലയെ പരിചയമുള്ള പ്രദേശവാസികളായ മൂന്നുപേര്‍ എന്നിവരാണ് മലമുകളിലെ രക്ഷാദൗത്യം നടക്കുന്ന സ്‌ഥലത്തേക്ക്‌ എത്തിയിരുന്നത്. ഈ സംഘത്തിന് നേതൃത്വം കൊടുത്തവരില്‍ മലയാളിയായ കേണല്‍ ഹേമന്ദ് രാജൂം ഉള്‍പ്പെടുന്നു.

error: Content is protected !!