January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി

മലപ്പുറം : മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. 

പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങൾ 1947 ജൂൺ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ എന്നിവരും സഹോദരങ്ങളാണ്. ഇസ്‍ലാമിക പണ്ഡിതനും സംസ്ഥാനത്തെ അനേകം മഹല്ലുകളുടെ ഖാസിയുമായിരുന്നു.18 വർഷത്തോളം മുസ്‍ലിംലീഗ് ജില്ലാ പ്രസിഡന്റായിരുന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് ഒന്നിന് സംസ്ഥാന പ്രസിഡന്റായി.
വയനാട് ജില്ലയുടെ ഖാസി, എസ്്‌വൈഎസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി, ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന്റെ ട്രഷറർ, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറൽ സെക്രട്ടറി, ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡന്റ്, താനൂർ വരക്കൽ മുല്ലക്കോയ തങ്ങൾ സ്‌മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്‌ഥാനങ്ങൾ വഹിച്ചിരുന്നു. മുപ്പതാം വയസ്സിൽ പൂക്കൊളത്തൂർ മഹല്ല് പള്ളി, മദ്രസ എന്നിവയുടെ പ്രസിഡന്റായതാണ് ആദ്യ സ്‌ഥാനം. രണ്ടു വർഷത്തിനകം കരുവാരകുണ്ട് ദാറുന്നജാത്ത് അറബിക് കോളജ് പ്രസിഡന്റായി. നെടിയിരിപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറയിലാണ് ആദ്യമായി ഖാസിയാകുന്നത്. സുന്നി വിദ്യാർഥി സംഘടനയുടെ സ്‌ഥാപക പ്രസിഡന്റാണ്.

കോഴിക്കോട് എംഎം ഹൈസ്‌കൂളിൽനിന്ന് എസ്‌എസ്‌എൽസി പാസായി. കാന്നല്ലൂർ, പട്ടർനടക്കാവ്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം എന്നിവിടങ്ങളിൽ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽനിന്ന് 1975ൽ ഫൈസി ബിരുദം നേടി.
കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. മുസ്‌ലിം ലീഗിനെ നിർണായകമായ ഘട്ടങ്ങളിൽ നയിക്കുന്നതിൽ ശ്രദ്ധിച്ചു. സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ ഹൈദരലിക്കു സാധിച്ചു.
കൊയിലാണ്ടിയിലെ അബ്‌ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹ്‌റയാണു ഭാര്യ.

സാജിദ,ഷാഹിദ, നഈം അലി ശിഹാബ്, മുഈൻ അലി ശിഹാബ് എന്നിവരാണു മക്കൾ. സാജിദയും ഷാഹിദയും ഇരട്ടകളാണ്. ഇളയ മകൻ മുഈനലി. മരുമക്കൾ: സയ്യിദ് നിയാസ് ജിഫ്രി തങ്ങൾ, സയ്യിദ് ഹസീബ് സഖാഫ് തങ്ങൾ. 

https://chat.whatsapp.com/EM3JJuHtBEh1sm3y2mMBgn
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!