Times of Kuwait
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എന്ന പേരിനെ ചൊല്ലി കര്ണാടക ആര്ടിസിയുമായുള്ള തര്ക്കത്തില് കേരള ആര്ടിസിക്ക് വിജയം. കെ.എസ്.ആര്.ടി.സി എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ട്രേഡ് മാര്ക്ക് രജിസ്ട്രാര് ഉത്തരവിട്ടു. ആനവണ്ടി എന്ന പേരും കെഎസ്ആര്ടിസിക്ക് മാത്രമായിരിക്കും സ്വന്തം.
കര്ണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാന്സ്പോര്ട്ട് കോര്പറേഷനുകള് കെ.എസ്.ആര്.ടി.സി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാല് ഇത് കര്ണ്ണാടകയുടേതാണെന്നും കേരള ട്രാന്സ്പോര്ട്ട് കോര്പറേഷന് ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല് കര്ണാടക നോട്ടീസ് അയക്കുകയായിരുന്നു.
തുടര്ന്ന് അന്നത്തെ കെഎസ്ആര്ടിസി സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്ക്കാരിന് കീഴിലെ രജിസ്ട്രാര് ഓഫ് ട്രേഡ്മാര്ക്കില് കേരളത്തിന് വേണ്ടി അപേക്ഷിച്ചു.
അതിനെ തുടര്ന്ന് വര്ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. കെഎസ്ആര്ടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്താന് സാധിച്ചതോടെ ഈ പേര് കേരളത്തിന് സ്വന്തമാക്കുകയായിരുന്നു. ട്രേഡ് മാര്ക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആര്ടിസി എന്ന ചുരുക്കെഴുത്തും,എംബ്ലവും, ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാന്സ്പോര്ട്ട് കോര്പ്പറേഷന് അനുവദിച്ച് ട്രേഡ് മാര്ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കുകയായിരുന്നു.
കെ എസ് ആര് ടി സി എന്ന് ഇനി മുതല് കേരളത്തിന് മാത്രമേ ഉപയോഗിക്കാന് കഴിയൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്ണ്ണാടകത്തിന് ഉടന് തന്നെ നോട്ടീസ് അയക്കുമെന്ന് കെഎസ്ആര്ടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര് അറിയിച്ചു. ‘ആനവണ്ടി ‘എന്ന പേരും പലരും പലകാര്യങ്ങള്ക്കായി ഉപയോഗിക്കുന്നുണ്ട് അവര്ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര് ഐഎഎസ് പറഞ്ഞു.
അതിനിടെ കെഎസ്ആര്ടിസി സിറ്റി സര്വ്വീസുകള് കൂടുതല് ജനകീയമാക്കുവാനായി സംസ്ഥാന വ്യാപകമായി പുതിയ സര്ക്കുലര് സര്വ്വീസുകള് ആരംഭിക്കാന് കെഎസ്ആര്ടിസി തീരുമാനിച്ചു. ഗതാഗതവകുപ്പ് മന്ത്രി ആന്്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ പ്രധാനഓഫീസുകള് തമ്മില് ബന്ധിപ്പിച്ചാവും സര്വീസുകള്. ജന്റം ബസുകളുടെ സീറ്റുകളുടെ ഘടന മാറ്റി നിശ്ചയിക്കാനും തീരുമാനിച്ചിട്ടുണ്ട്. പരീക്ഷണ അടിസ്ഥാനത്തില് തിരുവനന്തപുരം നഗരത്തില് ജൂലൈ അവസാനത്തോടെ പുതിയ സര്ക്കുലര് സര്വീസുകള് തുടങ്ങും. പ്രത്യേക കളര് കോഡും നിശ്ചിത തുക അടച്ച് കിട്ടുന്ന കാര്ഡ് ഉപയോഗിച്ച് ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനുള്ള സംവിധാനവും ഈ സര്വ്വീസുണ്ടാവും
More Stories
മലയാളത്തിൻറെ ഭാവഗായകൻ പി ജയചന്ദ്രന് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
25 ഓളം കോളേജുകളിൽ രണ്ടാം സെമസ്റ്റർ ബി എസ് സി നഴ്സിംഗ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല : വിദ്യാർത്ഥികൾ ആശങ്കയിൽ