ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ലോകത്ത് ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്നു വ്യക്തമാക്കുന്ന പഠനറിപ്പോർട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ഇതുപ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചെന്നാണു വിലയിരുത്തൽ. കേന്ദ്രസർക്കാരിന്റെ കണക്കുമായുള്ള (2021 വരെ 4.81 ലക്ഷം) താരതമ്യത്തിൽ, പത്തിരട്ടിയോളമാണിത്. പിന്നാലെ, മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി (മാത്തമാറ്റിക്കൽ മോഡലിങ്) ശരിയല്ലെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി.
ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോകജനസംഖ്യയുടെ 50% ഉൾക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ മരണത്തിന്റെ 80%. സർക്കാരുകൾ നൽകിയ കണക്കു പരിശോധിച്ചാൽ, പാക്കിസ്ഥാനിൽ അതിന്റെ 8 ഇരട്ടിയും റഷ്യയിൽ 3.5 ഇരട്ടിയും മരണമുണ്ടായി. യുഎസിൽ 8.2 ലക്ഷമായിരുന്നു 2021 വരെ ഔദ്യോഗിക മരണ കണക്ക്. എന്നാൽ, 9.3 ലക്ഷം പേർ കൂടി മരിച്ചിട്ടുണ്ടാകും– റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കുകളോടു ചേർന്നുപോകുന്ന കണ്ടെത്തലുകളും പഠനങ്ങളും നേരത്തെയും പുറത്തുവന്നിരുന്നെങ്കിലും കേന്ദ്രം തള്ളിയിരുന്നു.
കണക്കിൽപ്പെടാതെ ലോകത്ത് 1.49 കോടി
2020, 2021 വർഷങ്ങളിൽ ലോകത്തുണ്ടായ ആകെ കോവിഡ് മരണം 60 ലക്ഷം എന്നായിരുന്നു കണക്ക്. എന്നാൽ, 1.49 കോടിയാളുകൾ കൂടി മരിച്ചിരിക്കാമെന്നു പുതിയ റിപ്പോർട്ട് പറയുന്നു. നേരിട്ടുള്ളതും കോവിഡ് ബാധയെ തുടർന്നുള്ളതുമായ മരണം ഇതിൽപെടും. ദക്ഷിണപൂർവേഷ്യ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം. വിഷയം ഗൗരവമുള്ളതെന്നു പ്രതികരിച്ച ലോകാരോഗ്യസംഘടനയുടെ മേധാവി ട്രെഡോസ് അദാനം ഭാവിയിലേക്കു കൂടുതൽ മെച്ചപ്പെട്ട നടപടികൾക്കു നിർദേശിച്ചു.
ചൈന ഒളിച്ചുവച്ചു, ഇന്ത്യ അവഗണിച്ചു
യഥാർഥ കണക്കുകൾ നൽകിയില്ലെന്നു മാത്രമല്ല, കൃത്യമായ കോവിഡ് മരണ റിപ്പോർട്ടിങ്ങിൽ തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന സൂചനയാണ് ലോകാരോഗ്യ സംഘടനയുടെ പത്രസമ്മേളനത്തിൽ വിദഗ്ധർ പങ്കുവച്ചത്. യുഎസിന്റെയും റഷ്യയുടെയും മരണ റജിസ്ട്രേഷൻ പൂർണവും സ്ഥിരസ്വഭാവമുള്ളതുമായിരുന്നു. ചൈനയാവട്ടെ പലതും ഒളിച്ചുവച്ചു. എങ്കിലും ചൈന പതിവായി പ്രസിദ്ധീകരിക്കുന്ന വാർഷിക കണക്കുകളിൽ കൂടുതൽ വ്യക്തത ലഭിച്ചു. പാക്കിസ്ഥാനും കണക്കുകൾ നൽകിയില്ല.
ഇന്ത്യയിലെ കണക്കെടുപ്പ് ദുഷ്കരം
ആകെ കോവിഡ് മരണങ്ങളിൽ പകുതിയും വീടുകളിലായിരുന്നു. വിശേഷിച്ചും ഗ്രാമങ്ങളിൽ. യുപിയും ബിഹാറും പോലുള്ള സ്ഥലങ്ങളിൽ മരണ റജിസ്ട്രേഷൻ നിരക്കിൽ കാര്യമായ കുറവുണ്ട്. കൃത്യമായ മരണക്കണക്ക് പുറത്തുവരാത്തതു മൂലം കോവിഡ് വാക്സീനുകളുടെ യഥാർഥ ഫലപ്രാപ്തി വ്യക്തമാകാനും തടസ്സങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്