ഇംഗ്ലണ്ടിനെ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 3-2നു വിജയിച്ചു ഫൈനലിനു തുല്യമായ അവസാന മല്‍സരത്തില്‍ 36 റണ്‍സിന്റെ മിന്നുന്ന വിജയമാണ് ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സ് കഴിഞ്ഞപ്പോള്‍ കന്നെ ഇന്ത്യ വിജയത്തിലേക്കുള്ള ആദ്യ ചുവട് വച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റിന് 224 റണ്‍സെന്ന വമ്പന്‍ ടോട്ടലാണ് പടുത്തുയര്‍ത്തിയത്. ഈ സ്കോര്‍ ഇംഗ്ലണ്ടിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എട്ടു വിക്കറ്റിന് 188 റണ്‍സുമായി ഇംഗ്ലണ്ട് മല്‍സരവും പരമ്പരയും അടിയറവ് വച്ചു. സ്കോര്‍: ഇന്ത്യ രണ്ടിന് 224, ഇംഗ്ലണ്ട് എട്ടിന് 188. നേരത്തേ നടന്ന ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയാണ് ടി20 പരമ്പരയും കൈക്കലാക്കി ഇന്ത്യ വീണ്ടും ഇംഗ്ലണ്ടിനു മേലുള്ള ആധിപത്യം അരക്കിട്ടുറപ്പിച്ചത്. ഇനി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ചൊവ്വാഴ്ചയാണ് ആദ്യ മല്‍സരം.
ആദ്യം ബാറ്റിങില്‍ ഇംഗ്ലണ്ടിനെ നിസ്സഹായരാക്കിയ ഇന്ത്യ പിന്നീട് ബൗളിങിലും ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ഡേവിഡ് മലാന് (68), ജോസ് ബട്ലര് (52) എന്നിവരൊഴികെ മറ്റാരും ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നില്ല. വെറും 46 ബോളില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്സറുടമടക്കമാണ് മലാന് 68 റണ്‍സ് നേടിയത്. ഇതോടെ ടി20യില്‍ അതിവേഗം 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. ബട്ലര് 34 ബോളിലാണ് രണ്ടു ബൗണ്ടറികളും നാലു സിക്സറുമടക്കം 52 റണ്‍സ് നേടിയത്.
ജാസണ്‍ റോയ് (0), ജോണി ബെയര്‍സ്റ്റോ (7), ക്യാപ്റ്റന്‍ ഇയോന്‍ മോര്ഗന് (1), ബെന്‍ സ്റ്റോക്സ് (14), ജോഫ്ര ആര്‍ച്ചര്‍ (1), ക്രിസ് ജോര്ഡന് (11) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ശര്‍ദ്ദുല്‍ ഠാക്കൂര്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ രണ്ടു വിക്കറ്റുകള്‍ നേടി. നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഭുവി രണ്ടു പേരെ പുറത്താക്കിയത്. ഭുവി തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയുടെ താരമായി കോലി തിരഞ്ഞെടുക്കപ്പെട്ടു.
ഓപ്പണര്‍ റോയിയെ ഇന്നിങ്സിലെ രണ്ടാമത്തെ ബോളില്‍ തന്നെ ഇംഗ്ലണ്ടിനു നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബട്ലര്-മലാന് ജോടി അവരെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. വെറും 82 ബോളില്‍ 130 റണ്‍സാണ് ഈ സഖ്യം വാരിക്കൂട്ടിയത്. ഈ ജോടി കുറച്ചുകൂടി ക്രീസില്‍ നിന്നിരുന്നെങ്കില്‍ മല്‍സരഫലം തന്നെ ഒരുപക്ഷെ മാറുമായിരുന്നു.
ബട്ലറുടെ പുറത്താവലാണ് കളിയില്‍ വഴിത്തിരിവായത്. ഭുവനേശ്വര്‍ കുമാറിന്റെ ബോളില്‍ ബട്ലറിനെ ബൗണ്ടറിലൈനിന് അരികില്‍ വച്ച് ഹാര്‍ദിക് ക്യാച്ച് ചെയ്തതോടെ ഇംഗ്ലണ്ടിന്റെ താളംതെറ്റി. പിന്നീട് അവര്‍ റണ്‍സെടുക്കാന്‍ പാടുപെടുന്നതാണ് കണ്ടത്. ഇതിനിടെ റണ്‍റേറ്റും ഉയര്‍ന്നു കൊണ്ടിരുന്നതോടെ ഇംഗ്ലണ്ട് താരങ്ങള്‍ സമ്മര്‍ദ്ദത്തിലായി. ഇതിനിടെ വമ്പന്‍ ഷോട്ടുകള്ക്കായുള്ളള ശ്രമത്തിനിടെ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ബെയര്‍സ്റ്റോ, മലാന് എന്നിവരെ ശര്‍ദ്ദുല്‍ ഒരേ ഓവറിലാണ് പുറത്താക്കിയത്.
നേരത്തേ നായകന് വിരാട് കോലി (80*), വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (64), ഹാര്‍ദിക് പാണ്ഡ്യ (39*), സൂര്യകുമാര്‍ യാദവ് (32) എന്നിവരുടെ സ്ഫോടനാത്മക ബാറ്റിങാണ് ഇന്ത്യയെ രണ്ടു വിക്കറ്റിന് 224 റണ്‍സെന്ന വമ്പന്‍ ടോട്ടലിലെത്തിച്ചത്. കോലി 52 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്സറും പായിച്ചപ്പോള്‍ രോഹിത് 34 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്സറും പറത്തി.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി