തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
കൊവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് മഴ ശക്തമായത് ആശങ്ക കൂട്ടിയിരിക്കുകയാണ്. ആളുകളെ മാറ്റിപ്പാർക്കുന്നതിന് 3000 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ അറിയിച്ചു. എന്നാൽ സാമൂഹിക അകലം പാലിച്ച് ആളുകളെ പാർപ്പിക്കുന്നതടക്കം വെല്ലുവിളിയാണ്. എല്ലാ ശ്രദ്ധയും കൊവിഡ് പ്രതിരോധത്തിലൂന്നുമ്പോഴാണ് ഇന്നലെ രാത്രി മുതൽ കനത്ത മഴയെത്തിയത്. ഇന്ന് തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലാണ് മഴ. നാളെ വടക്കൻ ജില്ലകളിലാണ് മഴ ശക്തമാകുകയെന്നാണ് മുന്നറിയിപ്പ്. കൊവിഡ് പശ്ചാത്തലത്തിൽ മഴ കനക്കുമെന്ന് കരുതി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നാല് രീതിയിലുള്ള സംവിധാനം സർക്കാർ തയ്യാറാക്കിയിരുന്നു.
വെള്ളം കയറുന്ന പ്രദേശങ്ങളിൽ നിന്ന് സാധാരണജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ക്യാമ്പുകൾ, 60 വയസിൽ കുടുതലുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ, കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേക ക്യാമ്പ് എന്നീ രീതിയിലാണ് ക്രമീകരണം.
എന്നാൽ വ്യാപകമായി ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമ്പോഴാകും യഥാർത്ഥ വെല്ലുവിളി. ഘട്ടം ഘട്ടമായി കൂടുതൽ ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ഇതിനകം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഒരേ സമയം ഫസ്റ്റ് ലൈൻ കേന്ദ്രങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും കെട്ടിടം കണ്ടെത്തലാണ് പ്രതിസന്ധി. തീരങ്ങളിലെ പല ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾക്കും മഴ ഭീഷണിയുണ്ട്. അതേ സമയം നിലവിൽ മഴ മൂലം ആളുകളെ വ്യാപകമായി മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതി ഇല്ലെന്നാണ് റവന്യുവകുപ്പ് പറയുന്നത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്