January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15ാമത് രാഷ്ട്രപതി

ന്യൂസ് ബ്യൂറോ, ദില്ലി

ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ​ഗോത്ര വിഭാ​ഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്ന ആദ്യ വ്യക്തിയാണ് ദ്രൗപദി മുര്‍മു. 776 പാര്‍ലമെന്റംഗങ്ങളും 4033 നിയമസഭാംഗങ്ങളും ഉള്‍പ്പെടുന്ന 4809 പേരാണ് വോട്ടുചെയ്തത്. നാല്‍പ്പത്തിയൊന്ന് പാര്‍ട്ടികളുടെ പിന്തുണ ദ്രൗപദി മുര്‍മുവിനുണ്ടായിരുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി യശ്വന്ത് സിന്‍ഹയെ തോല്‍പ്പിച്ചാണ് ദ്രൗപതി മുര്‍മ്മു രാഷ്ട്രപതി പദത്തിലേക്കെത്തിയത്.

ഉച്ചയ്ക്ക് 1.30യോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ റൗണ്ടില്‍ മുര്‍മുവിന് 39 ശതമാനം വോട്ട് ലഭിച്ചിരുന്നു. 540 എംപിമാരുടെ പിന്തുണ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 3,78,000 ആണ് മുര്‍മുവിന് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ മൂല്യം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് 208 പാര്‍ലമെന്റംഗങ്ങളുടെ പിന്തുണയാണുള്ളത്. 1,45,600 ആണ് സിന്‍ഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.

‘2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ദ്രൗപദി മുര്‍മുവിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതി എന്ന നിലയില്‍ അവര്‍ ഭരണഘടനയുടെ സംരക്ഷകയായി ഭയമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു – തീര്‍ച്ചയായും, ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നു. ഞാന്‍ എന്റെ നാട്ടുകാരോടൊപ്പം ചേര്‍ന്ന് അവര്‍ക്ക് ആശംസകള്‍ നേരുന്നു,’ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു.
ഫലപ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ചില മുതിര്‍ന്ന അംഗങ്ങളും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും ദ്രൗപദി മുര്‍മുവിനെ തീന്‍ മൂര്‍ത്തി മാര്‍ഗിലെ അവരുടെ താല്‍ക്കാലിക വസതിയില്‍ സന്ദര്‍ശിച്ച്‌ അഭിനന്ദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനത്ത് നിന്ന് റോഡ്ഷോ നടത്തി ഡല്‍ഹി ബിജെപി ഘടകം ആഘോഷങ്ങള്‍ ആരംഭിച്ചു. ബിജെപിയുടെ എല്ലാ സംസ്ഥാന ഘടകങ്ങളും വിജയഘോഷയാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
മുര്‍മുവിന്റെ ജന്മനാടായ ഒഡീഷയിലെ റായ്‌രംഗ്‌പൂരിലെ നിവാസികള്‍ ആഘോഷങ്ങള്‍ക്കായി ഇതിനകം 20,000 മധുരപലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലം പുറത്തുവന്നതിന് ശേഷം ആദിവാസി നൃത്തവും വിജയഘോഷ യാത്രയും പദ്ധതിയുടെ ഭാഗമാണ്.

ഗോത്ര വിഭാഗത്തില്‍ നിന്ന് ഗവര്‍ണര്‍ സ്ഥാനം വഹിച്ച ആദ്യ വനിതയെന്ന നേട്ടവും ദ്രൗപദി മുര്‍മുവിനുണ്ട്. 1958 ജൂണ്‍ 20 നാണ് ദ്രൗപദി മുര്‍മു ജനിച്ചത്. 1997 ലാണ് ഇവര്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ആ വര്‍ഷം റായ് രംഗപൂരിലെ ജില്ലാ ബോര്‍ഡിലെ കൗണ്‍സിലറായി ദ്രൗപദി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയില്‍ നിന്നും രണ്ട് തവണ ഇവര്‍ എംഎല്‍എയായിരുന്നു. 2000 മാര്‍ച്ച്‌ ആറു മുതല്‍ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു.

2000 മുതല്‍ 2004വരെ ഒഡീഷയിലെ റയ്‌റങ്ക്പൂര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. അദ്ധ്യാപികയായിരുന്ന ദ്രൗപദി മുര്‍മു ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്നാണ് ബിരുദം നേടുന്നത്. 2002 ഓഗസ്റ്റ് ആറു മുതല്‍ 2004 മെയ് 16 വരെ ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2015 മെയ് 18 മുതല്‍ ഝാര്‍ഖണ്ഡിലെ ഗവര്‍ണ്ണറായി. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയായ ഇവര്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ ഗവര്‍ണ്ണറും കൂടിയാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!