Times of Kuwait
ചെന്നൈ: ഇന്ത്യയെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു.
വ്യോമസേനയാണ് മരണ വിവരം സ്ഥിരീകരിച്ചത്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാള്‍. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്‍്റെ പത്നി മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.
സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നും വെല്ലിംഗ്ടണ്‍ ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര. ഡിഫന്‍സ് കോളേജില്‍ ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്‍്റെ പ്രഭാഷണമുണ്ടായിരുന്നു.
സംഭവിച്ചത് എന്ത് ?
ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും സന്നദ്ധ പ്രവര്‍ത്തകയുമായ മധുലിക റാവത്തും ദില്ലിയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് തിരിച്ചത്. നാലര പതിറ്റാണ്ടു നീണ്ട സൈനിക ജീവിതത്തില്‍ ബിപിന്‍ റാവത്തിനു ഏറെ വ്യക്തി ബന്ധമുള്ള വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളജില്‍ പുതിയ സേനാംഗങ്ങളുമായി സംസാരിക്കുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പരിപാടി നിശ്ചയിച്ചിരുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് രണ്ടര മണിക്കൂര്‍ നീണ്ട ആകാശ യാത്രയ്ക്കൊടുവില്‍ പതിനൊന്നര മണിയോടെ ബിപിന്‍ റാവത്തും ഭാര്യയും സുലൂര്‍ വ്യോമസേനാ താവളത്തില്‍ എത്തി.
കൊയമ്ബത്തൂര്‍ സുലൂര്‍ വ്യോമസേനാ താവളം രാജ്യത്തിന്‍്റെ സുപ്രധാനമായ വ്യോമത്താവളമാണ്. യുദ്ധവിമാനങ്ങള്‍ക്ക് അടക്കം പറന്നനിറങ്ങാനും ഇന്ധനം നിറയ്ക്കാനുമൊക്കെ സൗകര്യങ്ങളുമുള്ള സുലുര്‍ വ്യോമത്താവളം. വെറും പതിനഞ്ചു മിനിറ്റ് മാത്രം ഇവിടെ ചെലവിട്ട ശേഷം റാവത്തും ഭാര്യയും മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം വെല്ലിംഗ്ടണ്‍ ഡിഫന്‍സ് കോളജില്‍ തിരിച്ചു. വെല്ലിംഗ്ടണ്‍ ഹെലിപ്പാഡില്‍ എത്തിയ ഹെലികോപ്റ്റര്‍ മോശം കാലാവസ്ഥ കാരണം ഇറക്കാന്‍ കഴിയാതെ തിരിച്ചു പറന്നതായി ചില ദൃക്സാക്ഷികള്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. 12 .20ന് വെല്ലിങ്ടണിന് വെറും പത്തു കിലോമീറ്റര്‍ അകലെ കാറ്ററി പാര്‍ക്കില്‍ ഹെലികോപ്റ്റര്‍ നിലംപതിച്ചു.
ദില്ലിയില്‍ തിരിക്കിട്ട കൂടിയാലോചനകള്‍
സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ പെട്ടെന്നും ജനറല്‍ ബിപിന്‍ റാവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമാണ് ആദ്യം പുറത്ത് വന്ന ഔദ്യോഗിക വിവരം, വ്യോമസേന തന്നെയാണ് അപകട വിവരം സ്ഥിരീകരിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രിയെ കണ്ട് അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. തുടര്‍ന്ന് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു.
പ്രതിരോധമന്ത്രാലയത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിന് പിന്നാലെ വ്യോമസേന മേധാവിയെ പ്രതിരോധ മന്ത്രി സംഭവസ്ഥലത്തേക്കയച്ചു. പിന്നാലെ പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് സംയുക്ത സൈനിക മേധവിയുടെ വസതിയിലെത്തി വിവരങ്ങള്‍ മകളെ അറിയിച്ചു. അന്വേഷണം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ കര-വ്യോമ സേനകള്‍ പ്രതിരോധമന്ത്രിക്ക് കൈമാറി. മോശം കാലാവസ്ഥ അപകടകാരണമായെന്ന പ്രാഥമിക വിലയിരുത്തലാണ് ഉള്ളത്.
More Stories
പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റ അന്തരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
നമ്മുടെ ജീവിതലക്ഷ്യം കണ്ടെത്തി പിന്തുടരുക : ദയാ ബായി