Times of Kuwait
തിരുവനന്തപുരം: ജപ്തിക്കിടെ ആത്മഹത്യ ഭീണണി മുഴക്കിയ ദമ്പതികൾ തീ ആളി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും സഹായം വാഗ്ദാനം ചെയ്ത് നിരവധി പേർ എത്തി. കുട്ടികൾക്ക് വീട് വച്ച് നൽകുമെന്നും വിദ്യാഭ്യാസം ഉൾപ്പെടെ സംരക്ഷണം ഏറ്റെടുക്കുമെന്നും സർക്കാർ അറിയിച്ചു. അഞ്ച് ലക്ഷം രൂപ യൂത്ത് കോൺഗ്രസ് സംഭാവന നൽകി. എന്നാൽ രാഹുലും രഞ്ജിത്തും ഒന്നേ ആവശ്യപ്പെട്ടുള്ളൂ; അച്ഛനും അമ്മയും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ നിന്ന് തങ്ങളെ ഇറക്കി വിടരുത്. ആ മക്കളുടെ കണ്ണീർ കണ്ട് ചെമ്മണ്ണൂർ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരിക്കുകയാണ്.
തർക്കഭൂമിയും വീടും നിൽക്കുന്ന സ്ഥലം ഉടമസ്ഥ വസന്തയിൽ നിന്ന് ബോബി ചെമ്മണ്ണൂർ വില കൊടുത്ത് വാങ്ങി. ഇന്ന് രാവിലെ എഗ്രിമെന്റ് എഴുതി. ഇന്ന് വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെന്റ് ദമ്പതികളുടെ മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും.
ബോബി ചെമ്മണ്ണൂരിന്റെ ഇന്നത്തെ നീക്കത്തെ നിറഞ്ഞ കൈയടിയോടെയാണ് സമൂഹമാധ്യമങ്ങളിലെ മലയാളികൾ വരവേറ്റത്. പലപ്പോഴും ട്രോളുകൾ നിറഞ്ഞ നിൽക്കാറുള്ള അദ്ദേഹം ഇന്ന് പലരുടെയും പ്രൊഫൈൽ ചിത്രവും വാട്സ്ആപ്പ് സ്റ്റാറ്റസും ആയിരുന്നു. ഒപ്പം അദ്ദേഹത്തിൻറെ നല്ല മനസ്സിന് ഉള്ള നന്ദി അർപ്പിച്ചു ഉള്ള പല പോസ്റ്റുകളും ട്രോളുകളും ഫേസ്ബുക്കിൽ വൈറലായി.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിൽ കഴിയവെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽവച്ച് രാജനും ഭാര്യ അമ്പിളിയും മരണത്തിനു കീഴടങ്ങിയത്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്