കോഴിക്കോട് : കരിപ്പൂരിൽ എയർ ഇന്ത്യ എക്പ്രസിന്റെ IX 1344 ബോയിങ് 737 വിമാനം അപകടത്തിൽപ്പെട്ടപ്പോൾ ആദ്യം പുറത്ത് വന്ന മരണവാർത്ത ക്യാപ്റ്റനായ ഡി വി സാഠേയുടേതായിരുന്നു. പൈലറ്റായി മുപ്പതുവർഷത്തിലധികകാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റൻ സാഠേ.
വിങ് കമാണ്ടർ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളിൽ ഏറെ ബഹുമാനത്തോടെ മാത്രം പരാമർശിക്കപ്പെടുന്ന ഒരു പേരാണ്. നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടി, അതിനുശേഷം ഇന്ത്യൻ എയർ ഫോഴ്‌സിന്റെ 127th കോഴ്‌സിൽ സ്വോർഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ ദീപക് വസന്ത് സാഠേ കമ്മീഷൻ ചെയ്യപ്പെടുന്നത്.
ഇന്ത്യൻ എയർ ഫോഴ്‌സിലെ സുദീർഘ സേവനത്തിനു ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ വിദഗ്ധനായ ഒരു ടെസ്റ്റ് പൈലറ്റ് ആയിക്കൂടി സേവനമനുഷ്ഠിച്ച് അവിടെ നിന്ന് വിരമിച്ച ശേഷമാണ് അദ്ദേഹം എയർ ഇന്ത്യയിൽ പാസഞ്ചർ എയർക്രാഫ്റ്റ് പൈലറ്റ് ആയി ജോയിൻ ചെയ്യുന്നത്. ആദ്യം എയർ ഇന്ത്യക്കുവേണ്ടി എയർ ബസ് 310 പറത്തിയിരുന്ന അദ്ദേഹം പിന്നീട് എയർ ഇന്ത്യ എക്സ്പ്രസിനുവേണ്ടി ബോയിങ് 737 -ലേക്ക് മാറുകയാണ് ഉണ്ടായത്.
ദീർഘകാലം വിവിധ വിമാനങ്ങൾ പറത്തി പരിചയമുള്ള ഡി വി സാഠേ ഇതിനു മുമ്പും പലതവണ ഇതിനേക്കാൾ മോശം കാലാവസ്ഥകളിൽ വിമാനങ്ങൾ ലാൻഡ് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ അടുത്തറിയുന്ന പലർക്കും ഈ അപകടവാർത്തയും അതിൽ തന്നെ അദ്ദേഹത്തിന്റെ വിയോഗ വർത്തമാനവും അവിശ്വസനീയമായി തുടരുകയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്