ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : ആഗോള നഴ്സുമാരുടെ ഫേസ്ബുക്ക് കൂട്ടായ്മ ‘ആൻ ഇൻറർനാഷണൽ മലയാളി നഴ്സ് അസംബ്ലി’ (എയിംന )യുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. ഒരു ലക്ഷത്തിലേറെ അംഗങ്ങളുള്ള ‘എയിംന’യിൽ വനിതാ ദിനാഘോഷത്തിൽ വനിതകളുടെ കലാപ്രകടനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
ജീവകാരുണ്യ പ്രവർത്തകയും നഴ്സുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായി എത്തിയ ‘ടോക്ക് ഷോ’ ആയിരുന്നു വനിത ദിന പരിപാടികളിലെ പ്രധാന ആകർഷണം. സുസ്ഥിരമായ ഒരു നാളെക്കായി ലിംഗസമത്വം നേടാം എന്ന വിഷയത്തിൽ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആറ് പ്രതിനിധികൾ ‘ടോക്ക് ഷോ’യിൽ പങ്കാളികളായി. ലിൻസു തോമസ് ഏകോപനം നിർവഹിച്ച യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകയും അഡോറ ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടറുമായ നർഗീസ് ബീഗം മുഖ്യ അതിഥിയായെത്തി.
പ്രതിഫലേച്ഛയില്ലാതെ സമൂഹനന്മ ലക്ഷ്യമാക്കി നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് നർഗീസ് ബീഗം സംസാരിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് സമൂഹം ഉറച്ച പിന്തുണ നൽകുമെന്നാണ് തൻ്റെ അനുഭവമെന്ന് അവർ കൂട്ടിച്ചേർത്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച സാഹചര്യങ്ങളും നേരിട്ട വെല്ലുവിളികളും ദുരനുഭവങ്ങളും നർഗീസ് ബീഗം പങ്കുവെച്ചു.
‘എയിംന’ പ്രതിനിധികളായ ജിഷ രാജേഷ് കേരളത്തിൽ നിന്നും മിനി വിശ്വനാഥൻ യുകെയിൽ നിന്നും അശ്വതി ജോസ് ന്യൂ ഡൽഹിയിൽ നിന്നും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒരുക്കിയ യോഗത്തിൽ പങ്കെടുത്തു. ഒപ്പം ജിഷ ഷിബു (മുംബൈ) ജിജി പ്രിൻസ് (സ്വിറ്റ്സർലൻഡ്) എന്നിവരും പങ്കാളികളായി.
കലാപരിപാടികളുമായി കാനഡയിൽ നിന്നും അനുപ്രിയ ജോസും, ഷാർജയിൽ നിന്നും ജിഷ ജോസഫും പരിപാടിയുടെ മാറ്റുകൂട്ടി.
More Stories
മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ് അന്തരിച്ചു
മലയാള സാഹിത്യ ഇതിഹാസം എം ടി വാസുദേവൻ നായർ ഓർമ്മയായി
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് രാജ്യത്തിൻറെ പരമോന്നത ബഹുമതി നല്കി ആദരിച്ച് കുവൈറ്റ്