January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചാല്‍ അപകടമാണോ?

മാസ്ക് ഉപയോഗിച്ച് ദീർഘനേരം വ്യായാമം ചെയ്തതിനെ തുടർന്ന് 26 വയസ്സുകാരനായ യുവാവ് ശ്വാസകോശത്തിന് തകരാർ സംഭവിച്ച് മരണപ്പെട്ടുവെന്ന് അടുത്തിടെ വാർത്തകളിലുണ്ടായിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയിലെ വുഹാൻ നഗരത്തിൽനിന്നുള്ള ഈ വാർത്ത ഏതാനും ദിവസങ്ങൾക്ക് മുൻപ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. വ്യായാമം ദിനചര്യയായി കരുതുന്ന കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിലേക്ക് ആശങ്കയുടെ കനൽ കോരിയിടുന്ന വാർത്തയുടെ സത്യാവസ്ഥ എന്താണ് എന്നതിനെ കുറിച്ചുള്ള അന്വേഷണം ലോകമെങ്ങും നടക്കുന്നുണ്ട്.
രണ്ട് മാസത്തെ ലോക്ഡൗണിന്റെ നഷ്ടം ഒഴിവാക്കുവാൻ സ്ഥിരമായി മൂന്നു കിലോമീറ്റർ ഓടുന്നതിന് പകരം ആറു കിലോമീറ്റർ ഓടുവാനാണ് അദ്ദേഹം ശ്രമിച്ചത് എന്നാണ് പൊതുവായ വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. മാത്രമല്ല, മാസ്ക് ധരിച്ച് അമിതമായി ജോഗിങ് ചെയ്തതു മൂലം അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകളുടെ ലക്ഷണം പ്രത്യക്ഷപ്പെട്ടിട്ടും അത് അവഗണിച്ച് വ്യായാമം തുടർന്നതാണ് മരണത്തിലേക്ക് എത്തിച്ചത് എന്നത് പൊതുവെ വ്യക്തമാണ്.

വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കണോ?
വ്യായാമം ചെയ്യുന്ന സമയത്ത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം സാധാരണയുള്ളതിനേക്കാൾ പല മടങ്ങ് അധികമായിരിക്കും. സ്വാഭാവികമായും ശ്വസനത്തിലൂടെ പുറത്ത് പോയി അന്തരീക്ഷത്തിൽ കലരുന്ന സ്രവങ്ങളുടേയും അതിലടങ്ങിയിരിക്കുന്ന രോഗാണുക്കളുടേയുമൊക്കെ എണ്ണത്തിൽ പതിവിനേക്കാൾ വലിയ മടങ്ങ് കൂടുതലായിരിക്കും. ഇത്തരം സാഹചര്യത്തിൽ മാസ്ക് ധരിക്കാതെ വ്യായാമം ചെയ്യുന്നത് സുരക്ഷിതമല്ല. നമ്മുടെ ശരീരത്തിൽ നിന്ന് പുറത്ത് പോകുന്നത് മറ്റുള്ളവർക്ക് ദോഷം ചെയ്യും എന്നത് പോലെ തന്നെ നമ്മോടൊപ്പമോ, നാം വ്യായാമം ചെയ്യുന്ന പരിസരത്ത് നിന്ന് വ്യായാമം ചെയ്യുന്നവരുടെ ഉച്ഛ്വാസ വായുവിലൂടെ കൊറോണ വൈറസ് പകർന്ന് നമ്മിലേക്കെത്താനും സാധ്യത കൂടുതലാണ്.

പാർക്ക്, ജിം, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വ്യായാമം ചെയ്യുമ്പോഴാണ് ഈ ഗുരുതരമായ സാഹചര്യമുണ്ടാകുവാൻ സാധ്യത കൂടുതലുള്ളത്. അതിനാൽ മാസ്ക് ഉപയോഗിച്ച് വ്യായാമം ചെയ്യാമോ എന്ന് ചിന്തിക്കുന്നതിന് പകരം ഇത്തരം പൊതുസ്ഥലങ്ങളിൽ നിന്ന് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. മറ്റ് സാഹചര്യങ്ങളില്ലാതെ ഇത്തരം പൊതു ഇടങ്ങളിൽ തന്നെ വ്യായാമം ചെയ്യേണ്ടി വരികയാണെങ്കിൽ നിർബന്ധമായും മാസ്ക് ധരിക്കണം. അടുത്തുള്ള വ്യക്തിയിൽ നിന്ന് കുറഞ്ഞത് രണ്ടുമീറ്ററെങ്കിലും നിർബന്ധമായും അകലം പാലിക്കണം. കഠിനമായ, ശ്വാസകോശത്തിന് കൂടുതൽ സമ്മർദം നൽകുന്ന വ്യായാമ മുറകൾ ഒഴിവാക്കി ലളിതമായ വ്യായാമ മുറകൾ പരിശീലിക്കുക.

മാസ്കില്ലാതെ വ്യായാമം ചെയ്യുവാൻ സാധിക്കുമോ?
മാസ്കില്ലാതെ വ്യായാമം ചെയ്യാൻ ശ്രമിക്കരുത് എന്ന് തന്നെയാണ് പ്രാഥമികമായ ഉത്തരം. വ്യായാമം നിർബന്ധമായി ചെയ്യേണ്ടവരും. എന്നാൽ മാസ്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ളവരുമായ ഒരു വിഭാഗം ആളുകളുണ്ട്. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ മുതലായവർക്ക് മാസ്ക് ഉപയോഗിച്ച് വ്യായാമം ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടാകും. ഇത്തരത്തിലുള്ളവർ കഴിയുന്നതും വീട്ടിനുള്ളിൽ നിന്നുകൊണ്ട് വ്യായാമം ചെയ്യുന്നതാണ് നല്ലത്.

ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം വ്യായാമം ചെയ്യുമ്പോൾ എന്ന് മാത്രമല്ല, മറ്റെല്ലായ്പ്പോഴും മൂക്കും വായും പൂർണ്ണമായും മറയ്ക്കുന്ന തരത്തിൽ തന്നെ മാസ്ക് ധരിക്കണമെന്നതാണ്. സ്വാഭാവികമായ ചില അസ്വസ്ഥതകൾ നമുക്കുണ്ടായേക്കാം എന്നാൽ കൊറോണ വൈറസ് മൂലം ഉണ്ടാകുവാനിടയുള്ള പ്രത്യാഘാതങ്ങൾ അതിനേക്കാൾ എത്രയോ മടങ്ങ് അധികമായിരിക്കുമെന്ന് എപ്പോഴും ഓർമ്മിക്കുക.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!